പുലിക്കളി കടല്‍കടക്കുന്നു
തൃശൂര്‍: രണ്ട് നൂറ്റാണ്ടിന്റെ പെരുമയുള്ള തൃശൂരിന്റെ പുലിക്കളി കടല്‍കടക്കുന്നു. പുലിക്കളി ചിത്രീകരിക്കാനും അത് ലോകത്തെ അറിയിക്കാനും ബി.ബി.സി സംഘം ഇന്നലെ തൃശൂരിലെത്തി. സ്‌കോട്ട്‌ലന്റ് ആസ്ഥാനമായ ബി.ബി.സിയുടെ ഓള്‍ ഓവര്‍ ദി പ്ലേസ് എന്ന വിനോദാധിഷ്ഠിത പരിപാടിയിലാണ് പുലിക്കളി സംപ്രേക്ഷണം ചെയ്യുക.
പുലിവേഷമണിഞ്ഞ അവതാരകരായിരിക്കും കുട്ടികള്‍ക്കായി അണിയിച്ചൊരുക്കുന്ന ഓള്‍ ഓവര്‍ ദി പ്ലേസിന്റെ പ്രത്യേകത. അവതാരകരായ ഇഡ്, അയണല്‍ എന്നിവര്‍ അയ്യന്തോള്‍ സംഘത്തിന്റെ ചുവടുകള്‍ക്കൊപ്പം ആടിയത് വേറിട്ട കാഴ്ച്ചയായി. സ്‌കോട്ട്‌ലാന്റില്‍ നിന്നും എത്തിച്ച ഛായം തേച്ചാണ് ഇരുവരും പുലികളായത്. കളത്തിലിറങ്ങും മുമ്പ് ഏതാനും നിമിഷം പുലിക്കളിയുടെ ആശാനായ ചാത്തുണ്ണിയേട്ടനില്‍ നിന്നും പുലിനൃത്തച്ചുവടുകള്‍ അഭ്യസിച്ചു.
ഏഷ്യയുടെ സംസ്‌കാരം വിളിച്ചോതുന്ന പരിപാടിയിലേയ്ക്ക് കേരളത്തില്‍ നിന്നും കബഡി, കഥകളി എന്നിവയാണ് പുലിക്കളിക്കൊപ്പം ബി.ബി.സി സംഘം തെരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തിന്റെ സംസ്‌കാരം ലോകത്തിന് പകര്‍ന്ന് നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് കോഡിനേറ്റര്‍ ഡല്‍ഹി സ്വദേശിനി നീലിമ ഗോയല്‍ പറഞ്ഞു. ഇത് രണ്ടാം തവണയാണ് ഓള്‍ ഓവര്‍ ദി പ്ലേസ് ടീം ഇന്ത്യയില്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."