മുറിവ് തുന്നാന്‍ നല്‍കിയ അനസ്‌തേഷ്യയ്ക്ക് പിന്നാലെ ഒന്നര വയസുകാരന് മസ്തിഷ്‌കാഘാതം; ചികിത്സാപ്പിഴവെന്ന് പരാതി, ഡോക്ടര്‍ക്കെതിരേ കേസ്
കണ്ണൂര്‍: പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാപ്പിഴവ് മൂലം ഒന്നര വയസുകാരന് മസ്തിഷ്‌കാഘാതം സംഭവിച്ചതായി പരാതി. കളിക്കുന്നതിനിടെ വീണ് ചുണ്ടിനും താടിക്കുമായി പരുക്കേറ്റ കുഞ്ഞിന്റെ മുറിവ് തുന്നിക്കെട്ടുന്നതിനായി അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെയാണ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ അനസ്‌തേഷ്യ നല്‍കിയ ഡോക്ടര്‍ അഞ്ജലി പൊതുവാളിനെതിരേ പൊലിസ് കേസെടുത്തു.
ജൂലായ് അഞ്ചിനാണ് സംഭവം നടന്നത്. വീഴ്ചയില്‍ ചുണ്ടിലും താടിയിലുമായി ചെറിയ മുറിവേറ്റ കുഞ്ഞിനെ ചികിത്സയ്ക്കായി പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വൈകുന്നേരത്തോടെ അനസ്‌തേഷ്യ ഡോക്ടര്‍ വാര്‍ഡിലെത്തി മാതാവിന്റെ മടിയിലിരുന്ന കുഞ്ഞിന് അനസ്‌തേഷ്യ ഇഞ്ചക്ഷന്‍ നല്‍കിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ഇഞ്ചക്ഷന്‍ നല്‍കിയ ഉടന്‍ തന്നെ കുഞ്ഞ് ബോധരഹിതനാകുകയും കണ്ണുകള്‍ മുകളിലേക്ക് മറിയുകയും ചെയ്തതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ആരോഗ്യനില വഷളായതോടെ കുട്ടിയെ ഉടന്‍ കണ്ണൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ കുഞ്ഞിന് മസ്തിഷ്‌കാഘാതം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായി കുടുംബം അറിയിച്ചു. കുഞ്ഞ് പൂര്‍ണമായി ജീവിതത്തിലേക്ക് തിരിച്ചുവരുമോയെന്ന ആശങ്കയിലാണ് കുടുംബം.
അനസ്‌തേഷ്യ നല്‍കുന്നതിന് മുമ്പ് ആവശ്യമായ മുന്‍കരുതലുകളോ ശാസ്ത്രീയ പരിശോധനകളോ നടത്തിയില്ലെന്നും കുഞ്ഞിന്റെ ആരോഗ്യചരിത്രം പരിശോധിക്കാതെയാണ് മരുന്ന് നല്‍കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് കുടുംബത്തിന്റെ ആക്ഷേപം.
അതേസമയം, ചികിത്സാപ്പിഴവെന്ന ആരോപണം ആശുപത്രി അധികൃതര്‍ പ്രാഥമികമായി നിഷേധിച്ചു. കുടുംബത്തിന്റെ മാനസികാവസ്ഥ പരിഗണിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ പിന്നീട് നല്‍കാമെന്നാണ് ആശുപത്രിയുടെ പ്രതികരണം. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞിന്റെ കുടുംബം പൊലിസിനെ സമീപിച്ചിരിക്കുകയാണ്.
A complaint has been filed alleging that a 1.5-year-old child suffered a stroke due to medical negligence at a private hospital in Payyannur.According to the family, the child had fallen while playing and sustained injuries to the lip and chin. After anesthesia was administered to stitch the wound, the child developed serious health complications.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."