തിരുവല്ലത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവും യുവതിയും മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടം കാര്‍ പിന്നില്‍ ഇടിച്ച്
തിരുവനന്തപുരം: തിരുവല്ലം ടോള്‍ പ്ലാസക്ക് സമീപമുണ്ടായ അപകടത്തില്‍ യുവാവും യുവതിയും മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ഡിവൈഡറിലേക്ക് ഇടിച്ചുകയറിയ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് നിഗമനം. എന്നാല്‍ സംഭവസ്ഥലത്തെത്തിയ പൊലിസിന് തോന്നിയ സംശയമാണ് കേസില്‍ വഴിത്തിരിവായത്. ബൈക്കിന് പിന്നില്‍ കാറിടിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലിസ് കണ്ടെത്തി.
കഴക്കുട്ടം യു.എസ്.ടി ഗ്ലോബലിലെ ജീവനക്കാരന്‍ എറണാകുളം മുളവുര്‍ ഈസ്റ്റ് വാഴപിളളി നിരപ്പില്‍ വലിയവീട്ടില്‍ പറമ്പില്‍ നവീന്‍ സിബി (25), കഴക്കൂട്ടം കിന്‍ഫ്രയിലെ ഇ.വൈ. ജി.ബി.എസ്. ഇന്ത്യാ ലിമിറ്റഡിലെ ജീവനക്കാരി ഇടുക്കി തൊടുപുഴ കരികുന്നം മുട്ടം മ്‌റാള അരികുപുറത്ത് മൃദുല ആന്‍ ഉമ്മന്‍ (25) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് 2.30ഓടെ കഴക്കൂട്ടം കാരോട് ദേശീയപാതയില്‍ പാച്ചല്ലൂരിലെ ടോളിനടുത്ത് വെച്ചാണ് അപകടം നടന്നത്. കോവളം ഭാഗത്തേക്ക് പോകുകയായിരുന്ന ഇവരുടെ ബൈക്ക് കാറിടിച്ച് നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അവിടെ സ്ഥാപിച്ചിരിന്ന ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. ബൈക്കിന് പിന്നില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു.
ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. രണ്ടുപേരുടെയും തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു. യുവതി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
കാറോടിച്ച യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. കാര്‍ മലയന്‍കീഴിലെ ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തി. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
A major development has emerged in the fatal road accident in Thiruvalla that claimed the lives of a young man and a young woman. Initial reports suggested that the motorcycle crashed into an electric post. However, fresh findings indicate that the bike was first hit from behind by a car, leading to the fatal collision with the electric post.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."