'ഭക്ഷണത്തിന് എരിവും എണ്ണയും അധികം, ചിക്കനും പാസ്തയും വേണം, ഞാന്‍ പാചകം ചെയ്‌തോളാം'; തിഹാര്‍ ജയിലിലെ യു.എസ് പൗരന്‍ കോടതിയില്‍
ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്ത അമേരിക്കന്‍ പൗരന്‍ മാത്യു ആരോണ്‍ വാന്‍ഡെക്ക് കോടതിയില്‍. ജയിലിലെ ഭക്ഷണം എരിവുള്ളതും എണ്ണയില്‍ വറുത്തതുമാണെന്നും ഇതിനാല്‍ താന്‍ 50 ദിവസത്തിലേറെയായി നിരാഹാര സമരത്തിലാണെന്നും വാന്‍ഡെക്ക് അവകാശപ്പെടുന്നു.
അമേരിക്കന്‍ പൗരന്‍ എന്ന നിലയില്‍ ഇന്ത്യന്‍ ജയിലുകളില്‍ സാധാരണയായി നല്‍കുന്ന ഭക്ഷണരീതികളുമായി പൊരുത്തപ്പെടാന്‍ തനിക്ക് സാധിക്കുന്നില്ലെന്നും അതിനാല്‍ സ്വന്തം നിലയ്ക്ക് പാചകം ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നും പാട്യാല ഹൗസ് കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പ്രശാന്ത് ശര്‍മയ്ക്ക് മുമ്പാകെ നല്‍കിയ ഹരജിയില്‍ പറയുന്നു.
മെയ് 6 മുതല്‍ താന്‍ നിരാഹാര സമരത്തിലാണെന്നും ജയില്‍ ഭക്ഷണം കഴിക്കാന്‍ കഴിയാത്തതിനാല്‍ സോയാ മില്‍ക്ക് പോലുള്ളവ മാത്രമാണ് ഇപ്പോള്‍ കഴിക്കുന്നതെന്നും കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. തുടര്‍ച്ചയായ നിരാഹാരം കാരണം ഏകദേശം 14 കിലോയോളം ഭാരം കുറഞ്ഞതായും പോഷകാഹാരക്കുറവ് മൂലം ശാരീരികക്ഷമതയിലും പ്രതിരോധശേഷിയിലും വലിയ കുറവ് അനുഭവപ്പെടുന്നതായും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ മുഖേന കോടതിയെ അറിയിച്ചു.
സ്വന്തമായി പാചകം ചെയ്യുന്നതിനായി ഭക്ഷ്യധാന്യങ്ങളും പാത്രങ്ങളും പാചക ഉപകരണങ്ങളും കുടുംബം നല്‍കാന്‍ തയ്യാറാണെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു. കോഴിയിറച്ചി, മാട്ടിറച്ചി, മത്സ്യം, ചെമ്മീന്‍, പാസ്ത, നൂഡില്‍സ്, അരി, ഉരുളക്കിഴങ്ങ്, സവാള, പയര്‍വര്‍ഗങ്ങള്‍, ബ്രെഡ്, വെണ്ണ, ഒലിവ് ഓയില്‍, ടോണ്‍ഡ് മില്‍ക്ക്, സോയ പാല്‍, കുപ്പി വെള്ളം, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങളുടെ പട്ടികയും ഹരജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനോടൊപ്പം ഇന്‍ഡക്ഷന്‍ കുക്കര്‍, പാചക പാത്രങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയത്തില്‍ കോടതി തിഹാര്‍ ജയില്‍ അധികൃതരോട് മറുപടി തേടിയിട്ടുണ്ട്. ജൂലൈ 21നാണ് ഹരജി വീണ്ടും പരിഗണിക്കുന്നത്.
മിസോറാം അതിര്‍ത്തി വഴി മ്യാന്‍മറില്‍ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കടന്നുവെന്നാരോപിച്ച് ആറ് ഉക്രൈന്‍ പൗരന്മാര്‍ക്കൊപ്പം മാര്‍ച്ച് 13നാണ് വാന്‍ഡൈക്കിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് ഇയാള്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം. മാത്യും വാന്‍ഡെക് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ യു.എ.പി.എ അടക്കമുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."