ഭയം വീട്ടിലും വഴിയിലും; സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 42 % വർധന
തൊടുപുഴ: സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അഞ്ച് വർഷത്തിനിടെ 42 ശതമാനം വർധിച്ചതായി പൊലിസിന്റെ ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട്. ജൂലൈ ഒന്നുവരെയുള്ള പുതുക്കിയ കണക്കുകൾ പ്രകാരം സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം ഉയർന്ന നിലയിലാണ്.
2020 ൽ 12,659 കേസുകൾ രജിസ്റ്റർ ചെയ്ത സ്ഥാനത്ത് 2025 ൽ 18,035 ആയി കുതിച്ചുയർന്നു. ഈ വർഷം മെയ് വരെ മാത്രം 6,736 കേസുകൾ റിപ്പോർട്ട് ചെയ്തു.
പൊതുസ്ഥലങ്ങളിലെ അതിക്രമങ്ങൾ ഇരട്ടിയിലധികം
പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ നേരിടേണ്ടി വരുന്ന അപമാനവും അതിക്രമങ്ങളും കുത്തനെ ഉയർന്നു. 2020 ൽ 442 കേസുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 2025 ൽ 944 ആയി. ഈ വർഷം മെയ് വരെ 339 കേസുകൾ റിപ്പോർട്ട് ചെയ്തു.
അതേസമയം സ്ത്രീകളെ അപമാനിക്കുന്നതും കൈയേറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ നേരിയ കുറവുണ്ട്. 2022ൽ ഉയർന്ന നിരക്കായ 4,940 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ 2024 ൽ ഇത് 4,286 ആയും 2025 ൽ 3,922 ആയും കുറഞ്ഞു. 2026 മെയ് വരെ 1,492 കേസുകളാണ് ഈ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്തത്.
ഭർത്താവിൽനിന്നോ മറ്റ് ബന്ധുക്കളിൽ നിന്നോ ഉള്ള ഗാർഹിക പീഡനങ്ങൾ ഇപ്പോഴും ഉയർന്ന നിരക്കിലാണ്. 2021 ൽ 4,997 കേസുകളും 2022 ൽ 4,998 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
2025 ൽ ഇത് 3,986 ആയി കുറഞ്ഞെങ്കിലും പ്രതിദിനം നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം മെയ് വരെ 1,329 ഗാർഹിക പീഡന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോകുന്ന കേസുകളിൽ കുറവുണ്ട്. സ്ത്രീ സുരക്ഷയ്ക്കായി നിരവധി നിയമങ്ങളും കോടിക്കണക്കിന് രൂപയുടെ ബോധവൽക്കരണ പരിപാടികളും നടന്നുകൊണ്ടിരിക്കേ സ്ത്രീസുരക്ഷ സംബന്ധിച്ച ആശങ്കകൾ ഉയർത്തുന്നതാണ് പുറത്തുവന്ന കണക്കുകൾ.
പുതിയ ടാസ്‌ക് ഫോഴ്സ്
സംസ്ഥാനത്ത് വർധിച്ചുവരുന്ന സ്ത്രീധന- ഗാർഹിക പീഡന പരാതികളിൽ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിനും സ്ത്രീകൾക്ക് നീതി ഉറപ്പാക്കുന്നതിനുമായി പുതിയ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലിസ് (ഇന്റലിജൻസ്) ആണ് ടാസ്‌ക് ഫോഴ്സിന് നേതൃത്വം നൽകുന്നത്. നിയമസഭാ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
crimes against women in the state increased by 42 percent over the past five years, according to the police crime statistics report.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."