പി.എസ്.സി പരീക്ഷാ ക്രമക്കേട്; എസ്.ഐ.ടി അന്വേഷണം പുരോഗമിക്കുന്നു; ആഭ്യന്തര വിജിലൻസ് അന്വേഷണത്തിന്റെ ഭാവി നാളെ അറിയാം
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ സർക്കാർ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം എസ്.ഐ.ടി തുടങ്ങി. രേഖകൾ പി.എസ്.സിയിൽ നിന്ന് ശേഖരിക്കാനാണ് എസ്.ഐ.ടിയുടെ ആദ്യനീക്കം. പരീക്ഷയുമായും നിയമനവുമായും ബന്ധപ്പെട്ട എല്ലാ വിവരങ്ങളുമാണ് അന്വേഷണസംഘം ശേഖരിക്കുന്നത്. പരാതിക്കാരുടെ മൊഴിയും പി.എസ്.സി നൽകുന്ന രേഖകളും വിശദമായി പരിശോധിച്ച് ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് നടന്നുവെന്ന് ബോധ്യപ്പെട്ടാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് തുടർനടപടികളിലേക്ക് കടക്കും. പി.എസ്.സി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രാഥമിക റിപ്പോർട്ട് ഈ മാസം 25ന് ഡി.ജി.പിക്ക് കൈമാറും. പ്രാഥമിക റിപ്പോർട്ട് പരിശോധിച്ച ശേഷമാകും കേസ് രജിസ്റ്റർ ചെയ്യുക.
നിലവിൽ രണ്ട് അന്വേഷണം പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. സർക്കാർ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണവും പി.എസ്.സി പ്രഖ്യാപിച്ച അഭ്യന്തര വിജിലൻസ് അന്വേഷണവും. ഇതിൽ വിജിലൻസ് അന്വേഷണം തുടരണമോയെന്നതിൽ നാളെ ചേരുന്ന പി.എസ്.സി യോഗത്തിൽ ചർച്ചകളുണ്ടാകും. വിജിലൻസ് അന്വേഷണ റിപ്പോർട്ട് ലഭിക്കും മുമ്പെ സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതിൽ പി.എസ്.സിയിൽ തന്നെ ഒരുവിഭാഗത്തിന് എതിർപ്പുണ്ട്. ഭരണഘടനാസ്ഥാപനത്തിന് നേരെയുള്ള സർക്കാരിന്റെ കടന്നുകയറ്റമെന്നാണ് ഈ വിഭാഗം വിലയിരുത്തുന്നത്. അതേസമയം, വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണമാണ് ഉചിതമെന്ന വാദവുമുണ്ട്. ആഭ്യന്തര വിജിലൻസ് അന്വേഷണം ഉദ്യോഗാർഥികൾക്ക് അപ്പുറം ഉന്നതരിലേക്ക് എത്തില്ലെന്നതാണ് ഇതിന് കാരണം.
അതേസമയം, എസ്.ഐ.ടിക്ക് മുന്നിൽ നിരവധി പരാതികളാണ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ലഭിച്ചത്. കെ.എ.എസ് പരീക്ഷയിലും ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിലും പി.ആർ.ഡി ഇൻഫർമേഷൻ ഓഫിസർ പരീക്ഷയിലും ഉൾപ്പെടെ ക്രമക്കേട് ഉണ്ടെന്നാണ് ആരോപണം. ഇതിലെല്ലാം പരാതിക്കാരുടെ മൊഴിയെടുക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. അതിനിടെ, അന്വേഷണസംഘം വിപുലീകരിച്ചിട്ടുണ്ട്. അന്വേഷണസംഘത്തിലെ അംഗസംഖ്യ എട്ടായി ഉയർത്തി. ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എ.ഡി.ജി.പി എച്ച്. വെങ്കിടേഷിനാണ് മേൽനോട്ടച്ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."