ആറന്മുള വിമാനത്താവള ഭൂമിയില്‍ അനുമതിയില്ലാതെ ഡ്രോണ്‍ സര്‍വേ; ഹൈക്കോടതിയെ സമീപിച്ച് റവന്യൂ വകുപ്പ്
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിക്കായി ഏറ്റെടുക്കാന്‍ ലക്ഷ്യമിട്ടിരുന്ന ഭൂമിയില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ ഡ്രോണ്‍ സര്‍വേ നടത്തിയ സംഭവത്തില്‍ ഭൂവുടമ എബ്രഹാം കലമണ്ണിലിനെതിരേ ഹൈക്കോടതിയെ സമീപിക്കാന്‍ റവന്യൂ വകുപ്പ്. അനുമതിയില്ലാതെ ഡ്രോണ്‍ ഉപയോഗിച്ച് സര്‍വേ നടത്തിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ ഭരണകൂടം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ കലക്ടര്‍ കോഴഞ്ചേരി തഹസില്‍ദാരോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. തഹസില്‍ദാരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും അനധികൃത സര്‍വേ സംബന്ധിച്ച വിവരങ്ങള്‍ റവന്യൂ വകുപ്പ് ഔദ്യോഗികമായി ഹൈക്കോടതിയെ അറിയിക്കുക. പദ്ധതി പ്രദേശത്ത് ഇനി യാതൊരു സാഹചര്യത്തിലും അനുമതിയില്ലാതെ ഡ്രോണ്‍ സര്‍വേ അനുവദിക്കില്ലെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
വിമാനത്താവള പദ്ധതിക്കായി മുന്‍പ് കണ്ടെത്തിയിരുന്ന ഏകദേശം 400 ഏക്കര്‍ ഭൂമി 2014ല്‍ സര്‍ക്കാര്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ചതാണ്. നിയമപരമായി മിച്ചഭൂമിയായി പ്രഖ്യാപിച്ച ഈ സ്ഥലത്ത് എബ്രഹാം കലമണ്ണിലിന് നിലവില്‍ ഉടമസ്ഥാവകാശമില്ലെന്നിരിക്കെയാണ് സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് ഡ്രോണ്‍ സര്‍വേ നടത്തിയതെന്നാണ് റവന്യൂ വകുപ്പിന്റെ വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട മിച്ചഭൂമി കേസ് ഈ മാസം 16ന് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് സര്‍വേ നടന്നത്. ഈ സാഹചര്യവും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം.
ഡ്രോണ്‍ സര്‍വേയ്ക്ക് പ്രാദേശിക റവന്യൂ ഉദ്യോഗസ്ഥരുടെ രഹസ്യ സഹായമോ ഒത്താശയോ ലഭിച്ചിട്ടുണ്ടോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ അറിവില്ലാതെ ഇത്തരമൊരു നടപടി നടക്കാന്‍ സാധ്യതയില്ലെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സര്‍വേ നടത്തിയ സ്വകാര്യ ഏജന്‍സിയുടെ പങ്കും പരിശോധിക്കുമെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കി.
The Revenue Department is planning to approach the High Court against landowner Abraham Kalamannil for conducting a drone survey on the land earmarked for the Aranmula Airport project without government permission.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."