ആടി വാ കാറ്റേ... ഇനി ഓർമകളിൽ മാത്രം; മലയാളം പഠിച്ചില്ല; മലയാളിയുടെ മനസ് കീഴടക്കി
എസ്. ജാനകി ഒരു തമിഴ് അല്ലെങ്കിൽ തെലുങ്ക് ഗായികയായിരുന്നില്ല, മറിച്ച് സ്വന്തം വീട്ടിലെ ഒരാളായാണ് മലയാളി ഗാനാസ്വാധകർ ജാനകിയമ്മയെ ഏറ്റെടുത്തത്. ഔപചാരികമായി മലയാളം പഠിച്ചിട്ടില്ലെങ്കിലും ഉച്ചാരണത്തിലെ കൃത്യതയായിരുന്നു ജാനകിയുടെ പ്രത്യേകത. ഒരോ ഗാനത്തിന്റെ റെക്കോർഡിങ്ങിന് മുമ്പും ഓരോ വാക്കിന്റെ അർഥവും ഉച്ചാരണവും സംഗീതസംവിധായകരോടും ഗാനരചയിതാക്കളോടും പ്രത്യേകം ചോദിച്ചറിഞ്ഞ ശേഷമായിരുന്നു ആലാപനം. അതുകൊണ്ട് തന്നെ മലയാളിക്കോ ഹിന്ദിക്കാരനോ ബംഗാളിക്കോ ഒരിക്കലും അവരുടെ ഗാനങ്ങളിൽ അന്യഭാഷയുടെ ചുവ അനുഭവപ്പെട്ടില്ല.
വിവിധ തലമുറകളിലെ സംഗീതസംവിധായകരോടൊപ്പം അവർ പ്രവർത്തിച്ചു. മലയാളത്തിൽ ഏറ്റവും കൂടുതൽ യുഗ്മഗാനങ്ങൾ ആലപിച്ച കൂട്ടുകെട്ടുകളിൽ ഒന്നായിരുന്നു കെ.ജെ യേശുദാസും എസ്. ജാനകിയും. പ്രണയവും വിരഹവും ഭക്തിയും മാതൃസ്‌നേഹവും നാടൻ ഭാവങ്ങളും ഒരുപോലെ മനോഹരമായി ആവിഷ്‌കരിച്ച ഈ കൂട്ടുകെട്ട് മലയാള സിനിമാസംഗീതത്തിന്റെ സുവർണകാലത്തെ നിർവചിച്ച ശബ്ദങ്ങളായി മാറി. ജി. ദേവരാജൻ, എം.എസ് ബാബുരാജ്, കെ. രാഘവൻ, ശ്യാം, ജോൺസൺ, രവീന്ദ്രൻ, ഔസേപ്പച്ചൻ, വിദ്യാസാഗർ, എം.എസ് വിശ്വനാഥൻ, കെ.വി മഹാദേവൻ, ഇളയരാജ, എ.ആർ റഹ്മാൻ തുടങ്ങി സംഗീതസംവിധായകരുടെയും കെ.ജെ യേശുദാസ്, എസ്.പി ബാലസുബ്രഹ്മണ്യം തുടങ്ങിയ ഗായകരുടെയും ഒപ്പം അവർ അനശ്വര ഗാനങ്ങൾ സമ്മാനിച്ചു. ഓരോ സംഗീതസംവിധായകന്റെയും ശൈലിക്കനുസരിച്ച് ശബ്ദത്തെ മാറ്റിമറിക്കാനുള്ള കഴിവ് അവരെ വേറിട്ടുനിർത്തി.
പത്മഭൂഷൺ പുരസ്‌കാരം നിരസിച്ചു
2013ൽ അന്നത്തെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പത്മഭൂഷൺ പുരസ്‌കാരം സ്വീകരിക്കാൻ ജാനകി വിസമ്മതിച്ചത് വലിയ വാർത്തയായിരുന്നു. പതിറ്റാണ്ടുകളുടെ സേവനത്തിന് ശേഷമാണ് പുരസ്‌കാരം ലഭിച്ചതെന്നും അർഹമായ അംഗീകാരം വൈകിയെത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് അവർ നിരസിച്ചത്. ഭാരതരത്‌നം പോലുള്ള പരമോന്നത ബഹുമതിയാണ് തന്റെ സംഭാവനയ്ക്ക് യോജിച്ചതെന്നും അവർ അഭിപ്രായപ്പെടുകയുണ്ടായി.
'ഇത് ജാനകിക്കേ പാടാനാകൂ'
ഒരേ ചിത്രത്തിൽ കുട്ടിയുടെ നിഷ്‌കളങ്കതയും യുവതിയുടെ പ്രണയവും വാർധക്യത്തിന്റെ വേദനയും ഒരേ ശബ്ദത്തിൽ വിശ്വസനീയമായി പകർന്നു നൽകാൻ കഴിഞ്ഞത് ജാനകിയുടെ മാത്രം പ്രത്യേകതയായിരുന്നു. കഥാപാത്രത്തിന്റെ പ്രായത്തിനും മാനസികാവസ്ഥയ്ക്കും അനുസരിച്ച് ശബ്ദത്തെ മാറ്റിയെടുക്കുന്ന കഴിവ് ഇന്ത്യൻ പിന്നണിഗാനരംഗത്ത് അപൂർവമായിരുന്നു.
അതുകൊണ്ട് തന്നെ 'ഈ പാട്ട് ജാനകിക്ക് മാത്രമേ പാടാനാകൂ' എന്ന് സംഗീതസംവിധായകർ പലപ്പോഴും പറയാറുമുണ്ട്. കാലം മാറിയിട്ടും ആ ഗാനങ്ങളുടെ പുതുമ നഷ്ടപ്പെട്ടില്ല.
വിരമിക്കൽ 2016ൽ
2016ൽ സിനിമാ റെക്കോർഡിങ്ങുകളിൽ നിന്നും വേദി പരിപാടികളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും 2018ൽ ഒരു തമിഴ് ചിത്രത്തിനായി വീണ്ടും പാടി ആരാധകരെ ആനന്ദിപ്പിക്കാനെത്തി. തുമ്പീ വാ തുമ്പക്കുടത്തിൻ.. തുഞ്ചത്തായ് ഊഞ്ഞാലിടാം (ഓളങ്ങൾ), ആടി വാ കാറ്റേ.. പാടി വാ കാറ്റേ ആയിരം പൂക്കൾ നുള്ളി വാ (കൂടെവിടെ) തുടങ്ങി തലമുറകൾ നെഞ്ചിലേറ്റിയ നൂറുകണക്കിന് ഗാനങ്ങളിലൂടെ ജാനകിയമ്മയുടെ ശബ്ദം ഇനിയും മലയാളിയുടെ ഓർമകളിൽ മുഴങ്ങിക്കൊണ്ടിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."