യാത്രാരേഖകളില്ലാതെ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമം; അതിർത്തിയിൽ യുഎസ് പൗരൻ പിടിയിലായി; കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നു
സൊനൗലി: മണിപ്പൂരിൽ അമേരിക്കൻ ഡ്രോൺ വിദഗ്ധനും കൂലിപ്പടയാളിയുമായ മാത്യു വാൻഡൈക് എൻ.ഐ.എയുടെ പിടിയിലായതിന് പിന്നാലെ, ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ മറ്റൊരു അമേരിക്കൻ പൗരൻ കൂടി ദുരൂഹ സാഹചര്യത്തിൽ അറസ്റ്റിലായി. മുൻ യുഎസ് സ്‌പെഷ്യൽ ഫോഴ്‌സ് സൈനികനെന്ന് അവകാശപ്പെടുന്ന കാലിഫോർണിയ സ്വദേശി ജോർദാൻ ബ്രൗണിനെയാണ് സശത്ര സീമ ബൽ (SSB) പിടികൂടിയത്. യാതൊരുവിധ യാത്രാരേഖകളുമില്ലാതെ ഉത്തർപ്രദേശിലെ സൊനൗലി വഴി നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.
സുരക്ഷാ സേനയെ വെട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബ്രൗണിനെ പ്രാദേശിക ഗ്രാമവാസികളുടെ സഹായത്തോടെയാണ് എസ്എസ്ബി ജവാന്മാർ വളഞ്ഞുപിടിച്ചത്. ഇയാളുടെ പക്കൽ നിന്ന് 31,460 രൂപയും രണ്ട് മൊബൈൽ ഫോണുകളും കണ്ടെടുത്തു. എന്നാൽ പാസ്‌പോർട്ടോ വിസയോ മറ്റ് ഔദ്യോഗിക തിരിച്ചറിയൽ രേഖകളോ കണ്ടെത്താനായിട്ടില്ല.
ചോദ്യം ചെയ്യലിൽ പ്രതി നൽകുന്ന മൊഴികളിലെ വൈരുദ്ധ്യം അന്വേഷണ ഏജൻസികളെ കടുത്ത ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇയാൾ പ്രധാനമായും രണ്ട് വ്യത്യസ്ത കഥകളാണ് നിരത്തിയത്:
തായ്‌ലൻഡിൽ വെച്ച് പാസ്‌പോർട്ട് നഷ്ടപ്പെട്ടെന്നും, തുടർന്ന് ശ്രീലങ്ക വഴി കടൽമാർഗ്ഗം 2025 നവംബർ 2-ന് ഇന്ത്യയിലെത്തിയെന്നുമാണ് ആദ്യം പറഞ്ഞത്. അതിനുശേഷം ഗോവയിൽ താമസിച്ചുവരികയായിരുന്നു എന്നും അവകാശപ്പെട്ടു.
എന്നാൽ പിന്നീട്, രണ്ട് മാസം മുൻപ് അമേരിക്കയിൽ നിന്ന് നേരിട്ട് ഗോവയിൽ എത്തിയതാണെന്ന് തിരുത്തിപ്പറഞ്ഞു. ഗോവയിൽ ആറാഴ്ച ചെലവഴിച്ച ശേഷം ബംഗളൂരു, ലഖ്നൗ വഴി അതിർത്തിയിൽ എത്തിയതാണെന്നാണ് രണ്ടാമത്തെ മൊഴി.
നേപ്പാളിലുള്ള 'നാസ്' എന്ന സുഹൃത്തിനെ കാണാനാണ് പോകുന്നതെന്നും തന്റെ പാസ്‌പോർട്ട് ബംഗളൂരുവിലെ മറ്റൊരു സുഹൃത്തിന്റെ പക്കലാണെന്നും ഇയാൾ പറയുന്നുണ്ടെങ്കിലും, ഇവരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ നൽകാൻ ബ്രൗണിന് സാധിച്ചിട്ടില്ല.
ആറ് വർഷത്തോളം യുഎസ് സൈന്യത്തിൽ സേവനമനുഷ്ഠിച്ചതായി അവകാശപ്പെടുന്ന ബ്രൗണിന് സ്‌പെഷ്യൽ ഫോഴ്‌സ് പശ്ചാത്തലമുള്ളത് അധികൃതർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. മൂന്ന് വർഷം മുൻപ് ഇറ്റലിയിൽ വെച്ച് പരിചയപ്പെട്ട ഉത്തരാഖണ്ഡ് സ്വദേശിനിയെ 2024 ഒക്ടോബറിൽ വിവാഹം കഴിച്ചതായും ഇയാൾ അവകാശപ്പെടുന്നുണ്ട്. എന്നാൽ പൊലിസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.
നിലവിൽ ഇമിഗ്രേഷൻ ആന്റ് ഫോറിനേഴ്‌സ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. അതിർത്തിയിലെ നിലവിലെ സുരക്ഷാ സാഹചര്യം മുൻനിർത്തി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ നേരിട്ടാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.
മ്യാൻമറിലെ സായുധ ഗ്രൂപ്പുകൾക്ക് ഡ്രോൺ യുദ്ധമുറകളിൽ പരിശീലനം നൽകിയതിന് അഞ്ച് യുക്രൈൻ പൗരന്മാരെയും മാത്യു വാൻഡൈക് എന്ന അമേരിക്കക്കാരനെയും എൻ.ഐ.എ പിടികൂടിയതിന് തൊട്ടുപിന്നാലെയാണ് ഈ അറസ്റ്റ് എന്നതിനാൽ അന്താരാഷ്ട്ര തലത്തിലടക്കം അന്വേഷണം വ്യാപിപ്പിച്ചേക്കും.
A US citizen was detained by security forces at the India-Nepal border after attempting to cross into the neighboring country without valid travel documents. The individual is currently being interrogated by central intelligence agencies to determine the motive behind the unauthorized crossing.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."