ഹോർമുസ് കടലിടുക്കിൽ യു.എ.ഇയുടെ രണ്ട് ടാങ്കറുകൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം; ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു
അബുദബി: ഒമാൻ സമുദ്രാതിർത്തിക്കുള്ളിലെ ഹോർമുസ് കടലിടുക്കിന്റെ തെക്കൻ പാതയിൽ സഞ്ചരിച്ചിരുന്ന യു.എ.ഇയുടെ ദേശീയ എണ്ണടാങ്കറുകളായ 'മുംബാസ', 'അൽ ബഹിയ' എന്നിവയ്ക്ക് നേരെ ഇറാൻ രണ്ട് ക്രൂയിസ് മിസൈലുകൾ പ്രയോഗിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ 'മുംബാസ'യിലെ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം അറിയിച്ചു.
പരിക്കേറ്റവരിൽ ആറ് ഇന്ത്യക്കാരും രണ്ട് യുക്രെയ്ൻ പൗരന്മാരുമാണുള്ളത്. ആക്രമണത്തിനു ഇരകളായ ഇന്ത്യക്കാരുടെ വിവരങ്ങൾ പുറത്തു വീട്ടിട്ടില്ല. മിസൈൽ ആക്രമണത്തെ തുടർന്ന് ഇരുടാങ്കറുകളിലും തീപിടുത്തമുണ്ടായി. പിന്നീട് തീ നിയന്ത്രണവിധേയമാക്കിയെങ്കിലും കപ്പലുകൾക്ക് കാര്യമായ നാശനഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു.
ആക്രമണത്തെ യു.എ.ഇ പ്രതിരോധ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതര ഭീഷണിയുമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, ദേശീയ താൽപര്യങ്ങൾ, തന്ത്രപ്രധാന ആസ്തികൾ എന്നിവ സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള പൂർണ അവകാശം യു.എ.ഇക്കുണ്ടെന്നും നിലവിലെ സാഹചര്യത്തിന് യോജിച്ച രീതിയിൽ പ്രതികരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള ഏതൊരു ശ്രമത്തെയും ശക്തമായി നേരിടാൻ സായുധസേന പൂർണ സജ്ജമാണെന്നും ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരുകയാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർഥിച്ചു.
English summary : The UAE Ministry of Defence announced that the two national tankers, Mombasa and Al Bahiyah, were targeted by two Iranian cruise missiles in the southern passage of the Strait of Hormuz, within Omani territorial waters.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."