വെള്ളാപ്പള്ളിക്ക് സര്‍ക്കാരിന്റെ സംരക്ഷണ കവചം; മഹേശന്റെ ആത്മഹത്യയില്‍ പ്രത്യേക അന്വേഷണം: സുധീരന്റെ കത്തില്‍ നടപടിയില്ല
കൊല്ലം: എസ്.എന്‍.ഡി.പി യൂനിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് യു.ഡി.എഫ് സര്‍ക്കാരിലും സംരക്ഷണ കവചം.
മൈക്രോ ഫിനാന്‍സ് കോ ഓര്‍ഡിനേറ്ററും എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനുമായിരുന്ന കെ.കെ മഹേശന്റെ ആത്മഹത്യയില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം വേണമെന്ന ആവശ്യത്തില്‍ നടപടിയില്ല.
ജൂണ്‍ 22ന് വി.എം സുധീരന്‍ മുഖ്യമന്ത്രി വി.ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും മന്ത്രി എം. ലിജുവിനും കത്ത് നല്‍കിയിരുന്നു. എന്നാല്‍ കത്തില്‍ തുടര്‍ നടപടി വേണ്ടെന്ന് തീരുമാനിച്ചതായാണ് വിവരം. അതേസമയം, വിഷയം ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുകയാണ് സുധീരന്‍. സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങള്‍ ഇഴകീറി പരിശോധിക്കാന്‍ കൂടുന്ന യോഗത്തില്‍ സുധീരന്‍ നല്‍കിയ കത്തുകളും ചര്‍ച്ച ചെയ്യും.
മഹേശന്‍ വിഷയത്തില്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ അന്വേഷണം വേണമെന്ന് പല തവണ താന്‍ ആവശ്യപ്പെട്ടിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ വന്നപ്പോള്‍ മഹേശന്റെ കുടുംബത്തിന് പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ പിണറായി വിജയന്റെ പാത തന്നെ യു.ഡി.എഫ് സര്‍ക്കാരും സ്വീകരിക്കുന്നുവെന്നും താന്‍ കൊടുത്ത കത്ത് പോലും പരിഗണിച്ചിട്ടില്ലെന്നും സുധീരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു.
മൈക്രോഫിനാന്‍സ് കേസില്‍ പൊലിസ് അന്വേഷണം തുടരുന്നതിനിടെയാണ് 2020 ജൂണില്‍ കെ.കെ മഹേശനെ യൂനിയന്‍ ഓഫിസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. 32 പേജുള്ള ആത്മഹത്യാ കുറിപ്പില്‍ തന്നെ ബലിയാടാക്കി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വെള്ളാപ്പള്ളി ശ്രമിക്കുന്നുവെന്ന ആരോപണമുണ്ടായിരുന്നു. സംഭവത്തില്‍ കോടതി നിര്‍ദേശ പ്രകാരം വെള്ളാപ്പള്ളി നടേശനെയും മാനേജര്‍ അശോകന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരെയും പ്രതിയാക്കിയെങ്കിലും ഇടത് സര്‍ക്കാരിന്റെ കാലത്ത് അന്വഷണം വെള്ളാപ്പള്ളിയിലേക്ക് എത്തിയില്ല.
ഭരണം മാറിയതിനു പിന്നാലെ കെ.കെ മഹേശന്റെ ഭാര്യ ഉഷാദേവിയുടെ പരാതിക്കൊപ്പമാണ് സുധീരന്‍ കത്ത് നല്‍കിയത്. നിഷ്പക്ഷമായ അന്വേഷണം നടത്തുന്നതിനും മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന്റെ പിടിയില്‍ കൊണ്ടുവരുന്നതിനും സത്യസന്ധരും സമര്‍ഥരുമായ ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും സുധീരന്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."