ലൂസേഴ്സ് ഫൈനലിൽ ഹാട്രിക് തിളക്കം; പക്ഷേ സെമിയിൽ ബെഞ്ചിൽ; നിരാശ വെളിപ്പെടുത്തി സാക്ക
മിയാമി: ഫിഫ ലോകകപ്പിൽ കളിക്കാൻ അതിക സമയം ലഭിക്കാതിരിനതിലുള്ള നിരാശ പരസ്യമാക്കി ഇംഗ്ലണ്ടിന്റെ സൂപ്പർ വിങ്ങർ ബുക്കായോ സാക്ക. എന്നാൽ ടൂർണമെന്റിന് തൊട്ടുമുമ്പ് പരിക്കേറ്റ സാക്കയുടെ ഫിറ്റ്നസ് മുൻനിർത്തിയാണ് കളി സമയം നിയന്ത്രിച്ചതെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് മുഖ്യ പരിശീലകൻ തോമസ് ടുഷൽ. ഫ്രാൻസിനെതിരായ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിന് ശേഷമാണ് ഇരുവരും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കിയത്.
ടൂർണമെന്റിലാകെ 361 മിനിറ്റ് മാത്രം കളിക്കാൻ അവസരം ലഭിച്ച സാക്ക മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളുമായി ഇംഗ്ലണ്ടിനായി മികച്ച സംഭാവന നൽകിയിരുന്നു. ഫ്രാൻസിനെതിരായ മത്സരത്തിൽ തകർപ്പൻ ഹാട്രിക് നേടി താരം തന്റെ ഫിറ്റ്നസ് തെളിയിക്കുകയും ചെയ്തു.
'സെമിയിൽ പുറത്തിരിക്കേണ്ടി വന്നത് വേദനിപ്പിച്ചു' – സാക്ക
ഫ്രാൻസിനെതിരായ 6-4 ന്റെ ആവേശവിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് സാക്ക തന്റെ അതൃപ്തി വെളിപ്പെടുത്തിയത്. അർജന്റീനയ്‌ക്കെതിരായ സെമിഫൈനലിൽ പരാജയപ്പെട്ട് ഇംഗ്ലണ്ട് പുറത്തായപ്പോൾ തനിക്ക് സൈഡ്‌ലൈനിൽ തുടരേണ്ടി വന്നതിനെക്കുറിച്ച് സാക്ക പ്രത്യേകം പരാമർശിച്ചു.
"ടീമിനായി വലിയൊരു പങ്ക് വഹിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു, എന്നാൽ ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കാൻ വളരെ വൈകിപ്പോയി. ഞാൻ കളിക്കളത്തിലാണ് സംസാരിക്കാൻ ശ്രമിക്കുന്നത്. ഞാൻ പൂർണ്ണ ഫിറ്റാണ്. അർജന്റീനയ്‌ക്കെതിരെ ഞങ്ങൾ പരാജയപ്പെട്ടത് വളരെയധികം വേദനിപ്പിക്കുന്നു. എങ്കിലും നമ്മൾ തലയുയർത്തിപ്പിടിച്ച് അടുത്ത ലക്ഷ്യത്തിലേക്ക് മുന്നേറണം."എന്ന് ബുക്കായോ സാക്ക പറഞ്ഞു.
സാക്കയുടെ കളി സമയം നിയന്ത്രിച്ചതിൽ വിശദീകരണവുമായി ടുഷൽ
ഫ്രാൻസിനെതിരായ മത്സരത്തിന് ശേഷം, ടൂർണമെന്റിലുടനീളം സാക്കയുടെ കളി സമയം എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് തോമസ് ടുഷൽ വ്യക്തമാക്കി. സാക്കയുടെ കഴിവിനെ പ്രശംസിച്ച കോച്ച്, താരത്തിന്റെ പരിക്ക് പൂർണ്ണമായി മാറേണ്ടതുകൊണ്ടാണ് മുൻകരുതലെടുത്തതെന്ന് ആവർത്തിച്ചു.
"ബുക്കായോ ഒരു മികച്ച ഫുട്ബോൾ കളിക്കാരനാണ്, ഞങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട താരവുമാണ്. ലോകകപ്പിൽ പങ്കെടുക്കാൻ അദ്ദേഹം തയ്യാറായിരുന്നു, പക്ഷേ പരിക്കിന് ശേഷമുള്ള അദ്ദേഹത്തിന്റെ അവസ്ഥ പരിഗണിക്കുമ്പോൾ കാര്യങ്ങൾ പതുക്കെ കൊണ്ടുപോകേണ്ട ഉത്തരവാദിത്തം എനിക്കുണ്ടായിരുന്നു,"എന്ന് ടുഷൽ വിശദീകരിച്ചു.
നോർവേയ്‌ക്കെതിരായ ക്വാർട്ടർ ഫൈനലിൽ മോർഗൻ റോജേഴ്‌സ് നടത്തിയ മികച്ച പ്രകടനമാണ് അർജന്റീനയ്ക്കെതിരായ സെമിഫൈനൽ നിരയിൽ നിന്ന് സാക്കയെ ഒഴിവാക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും ടുഷൽ കൂട്ടിച്ചേർത്തു. സെമിയിൽ നിന്ന് സാക്കയെ മാറ്റുക എന്നത് കഠിനമായ തീരുമാനമായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു.
മൂന്നാം സ്ഥാനത്തോടെ ഇംഗ്ലണ്ടിന്റെ മടക്കം
ആവേശകരമായ ലൂസേഴ്സ് ഫൈനലിൽ ഫ്രാൻസിനെ 6-4 ന് തകർത്താണ് ഇംഗ്ലണ്ട് ഈ ലോകകപ്പിൽ മൂന്നാം സ്ഥാനം ഉറപ്പിച്ചത്. മത്സരത്തിൽ ബുക്കായോ സാക്ക ഹാട്രിക് തിളക്കത്തോടെ തിളങ്ങിയപ്പോൾ, സൂപ്പർ താരം ജൂഡ് ബെല്ലിംഗ്ഹാം ടൂർണമെന്റിലെ തന്റെ ഏഴാം ഗോൾ നേടിക്കൊണ്ട് ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ഇംഗ്ലണ്ട് താരം എന്ന റെക്കോർഡും സ്വന്തമാക്കി. ഫൈനലിൽ എത്താൻ സാധിക്കാത്തതിൽ നിരാശയുണ്ടെങ്കിലും, 1966-ന് ശേഷമുള്ള തങ്ങളുടെ ഏറ്റവും മികച്ച ലോകകപ്പ് നേട്ടമാണിതെന്ന് പരിശീലകൻ തോമസ് ടുഷൽ ഓർമ്മിപ്പിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."