‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ
ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിൽ അർജന്റീനയെ തകർത്ത് സ്പെയിൻ ലോകകിരീടം ചൂടുമോ എന്ന ചോദ്യത്തിന് പുഞ്ചിരിച്ചുകൊണ്ട് "തീർച്ചയായും, അതെ" എന്ന് മറുപടി നൽകി സ്പാനിഷ് കൗമാര വിസ്മയം ലാമിൻ യമാൽ. നിലവിൽ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളായ യമാൽ, അമേരിക്കൻ ചാനലായ സിബിഎസിന് (CBS) നൽകിയ അഭിമുഖത്തിലാണ് കരിയറിലെ തന്റെ ആദ്യ ലോകകപ്പ് ഫൈനലിന് മുന്നോടിയായി ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
ടൂർണമെന്റിലുടനീളം ലയണൽ മെസ്സി, കിലിയൻ എംബാപ്പെ, ജൂഡ് ബെല്ലിംഗ്ഹാം തുടങ്ങിയ വമ്പൻ താരങ്ങൾ മാധ്യമശ്രദ്ധ കവർന്നപ്പോൾ, ലാമിൻ യമാലിന്റെ സാന്നിധ്യം ഫുട്ബോൾ ലോകം അത്ര കണ്ട് ചർച്ച ചെയ്തിരുന്നില്ല. തന്റെ ആദ്യ ലോകകപ്പിൽ ഇതുവരെ ഒരു ഗോളും ഒരു അസിസ്റ്റും മാത്രമാണ് ഈ 19-കാരന്റെ സമ്പാദ്യം. എന്നാൽ, കണക്കുകളിലെ ഈ കുറവ് യമാലിന്റെ അവിശ്വസനീയമായ മറ്റൊരു റെക്കോർഡിന് മുന്നിൽ വഴിമാറുകയാണ്.
സ്പെയിനിന്റെ 'അജയ്യനായ' ഭാഗ്യനക്ഷത്രം
ലാമിൻ യമാൽ കളത്തിലിറങ്ങിയാൽ സ്പെയിൻ തോൽക്കില്ല എന്ന അപൂർവ്വ റെക്കോർഡ് ഈ ലോകകപ്പിലും താരം നിലനിർത്തി.തോൽവിയറിയാത്ത 27 മത്സരങ്ങൾ സ്പെയിൻ ദേശീയ ജേഴ്സിയിൽ യമാൽ കളിച്ച 27 മത്സരങ്ങളിൽ ഒന്നിൽ പോലും രാജ്യം ഇതുവരെ പരാജയപ്പെട്ടിട്ടില്ല.100% വിജയ റെക്കോർഡ്: പ്രധാന ടൂർണമെന്റുകളിൽ സ്പെയിനിനായി 12 മത്സരങ്ങളിലാണ് യമാൽ ആദ്യ ഇലവനിൽ (Starting XI) ഇറങ്ങിയത്. ഈ 12 മത്സരങ്ങളിലും സ്പെയിൻ വിജയം നേടി. ഒരു യൂറോപ്യൻ കളിക്കാരന്റെ ഏറ്റവും ദൈർഘ്യമേറിയ 100% വിജയ റെക്കോർഡാണിത്.
പെലെയ്ക്കും എംബാപ്പെയ്ക്കുമൊപ്പം ചരിത്രത്തിലേക്ക്
ഞായറാഴ്ച ന്യൂയോർക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ അർജന്റീനയ്‌ക്കെതിരെ നടക്കുന്ന കലാശപ്പോരിൽ വലകുലുക്കാൻ കഴിഞ്ഞാൽ ചരിത്രത്തിലെ അപൂർവ്വമായ പല നേട്ടങ്ങളും യമാലിനെ തേടിയെത്തും:
ഫൈനലിലെ കൗമാര ഗോൾവേട്ടക്കാരൻ: ഫൈനലിൽ ഗോൾ നേടാനായാൽ 1958-ൽ പെലെയും 2018-ൽ കിലിയൻ എംബാപ്പെയും ചെയ്തതുപോലെ ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന ചരിത്രത്തിലെ മൂന്നാമത്തെ കൗമാരക്കാരനായി യമാൽ മാറും.
കിരീടം ചൂടുന്ന കൗമാരക്കാരൻ: ഫൈനലിൽ ആദ്യ ഇലവനിൽ കളിച്ച് ട്രോഫി നേടാനായാൽ പെലെ, എംബാപ്പെ, ഇറ്റലിയുടെ ഗ്യൂസെപ്പെ ബെർഗോമി എന്നിവർക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ കൗമാരക്കാരനാകും യമാൽ. യമാലിനൊപ്പം 19-കാരനായ പ്രതിരോധ താരം പൗ കുബാർസിയും ഇറങ്ങിയാൽ ഈ പട്ടികയിലെ അഞ്ചാമനായി കുബാർസിയും മാറും.
"തോറ്റാൽ ആരും ഓർക്കില്ല, ജയിച്ചാൽ അവൻ അമരൻ" – സ്പാനിഷ് ആരാധകർ
മത്സരത്തിന് മുന്നോടിയായി സ്പാനിഷ് ആരാധകർക്കും ലാമിൻ യമാലിൽ വലിയ പ്രതീക്ഷയാണുള്ളത്.
"യമാൽ എത്ര ഗോളുകൾ നേടി എന്നതൊന്നും ആരും ശ്രദ്ധിക്കില്ല. ഈ പ്രായത്തിൽ സ്പെയിനിനൊപ്പം അവൻ ലോകകപ്പ് നേടിയാൽ, അവൻ എന്നെന്നേക്കുമായി ഒരു ഇതിഹാസമായി മാറും. ഒരു ലോകകപ്പ് നേടാൻ എല്ലാ കൗമാരക്കാർക്കും അവസരം കിട്ടാറില്ല. ഇത് അവന്റെ നിമിഷമാണ്."ഒരു സ്പെയിൻ ആരാധകൻ പറയുന്നത്.
ലയണൽ മെസ്സിയുടെ അർജന്റീനയെ വീഴ്ത്തി ഫുട്ബോൾ ചരിത്രത്തിന്റെ നെറുകയിൽ എത്താൻ ലാമിൻ യമാലിന് ലഭിച്ച ഏറ്റവും വലിയ സുവർണ്ണാവസരമായാണ് കായിക ലോകം ഈ ഫൈനലിനെ നോക്കിക്കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."