അസ്‌ലം വധക്കേസ്; രാഷ്ട്രീയസമ്മര്‍ദത്തില്‍ അന്വേഷണം വഴിമുട്ടുന്നു
നാദാപുരം: തൂണേരിയിലെ മുഹമ്മദ് അസ്‌ലം വധക്കേസില്‍ അന്വേഷണഉദ്യോഗസ്ഥര്‍ രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്ന് പിന്‍വാങ്ങുന്നു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കുറ്റ്യാടി സി.ഐ ടി സജീവനാണ് ഒടുവിലായി സംഘത്തില്‍ നിന്ന് പിന്മാറിയത്.
ഓഗസ്റ്റ് 12നാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് അസ്‌ലം കൊല്ലപ്പെട്ടത്. തൊട്ടടുത്ത ദിവസം തന്നെ പ്രതികള്‍ സഞ്ചരിച്ചകാര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രതികളെ കുറിച്ചുള്ള യഥാര്‍ഥവിവരവും പൊലിസിന് ലഭിച്ചിരുന്നു. തുടക്കം മുതല്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്നത് നാദാപുരം എ.എസ്.പി കറുപ്പ് സാമിയായിരുന്നു.
ഇദ്ദേഹം സത്യസന്ധമായി അന്വേഷണം നടത്തിയതിന്റെ ഭാഗമായി സി.പി.എം നാദാപുരം ഏരിയാ സെക്രട്ടറി പി.പി ചാത്തുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയും കൊലവിളി പ്രസംഗം നടത്തിയതിന് കേസ് എടുക്കുകയും ചെയിതിരുന്നു. ഇതോടെ ഇദ്ദേഹത്തിന് സ്ഥലംമാറ്റ ഭീഷണി ഉണ്ടാവുകയും അന്വേഷണ സംഘത്തില്‍ മറ്റു രണ്ട് ഡി.വൈ.എസ്.പിമാരെകൂടി ഉള്‍പ്പെടുത്തുകയുംചെയ്തു. ഇതിനിടയില്‍ കൊലയാളികള്‍ക്ക് താമസസ്ഥലം ഒരുക്കിയവരെയും കാര്‍ വാടകയ്ക്ക് എടുത്ത ആളെയും പിടികൂടിയിരുന്നു. എന്നാല്‍ പിന്നീട് അന്വേഷണപുരോഗതിയും പ്രതികളെ കുറിച്ചുള്ള വിവരങ്ങളും അറിയിക്കാതെ മനപ്പൂര്‍വം എ.എസ്.പിയെ അവഗണിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതിനിടെ എ.ഡി.ജി.പിയും റൂറല്‍ എസ്. പിയും നാദാപുരത്ത് എത്തി അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി. ഇതോടെ കേസ് അന്വേഷണംവഴിമാറുകയായിരുന്നുവെന്നാണ് ആരോപണം.
അതിനിടയില്‍ കഴിഞ്ഞ ആഴ്ച കസ്റ്റഡിയില്‍ എടുത്ത ഒരു പ്രതി പൊലിസിനെ വെട്ടിച്ചുകടന്നു കളഞ്ഞത് വന്‍ വിവാദമായിരുന്നു. തൊട്ടില്‍പാലത്തു നിന്നും കസ്റ്റഡിയില്‍ എടുത്ത പ്രതി നാദാപുരത്തേക്കുള്ള യാത്രാമദ്ധ്യേ ജീപ്പില്‍ നിന്നും രക്ഷപ്പെട്ടതായാണ് പറയപ്പെടുന്നത്.
എന്നാല്‍ ശക്തമായ രാഷ്ട്രീയസമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രതിയ്ക്ക് രക്ഷപ്പെടാന്‍ പൊലിസ് അവസരം ഒരുക്കുകയായിരുന്നുവെന്നാണ് ആരോപണം. ഇതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ ചുമതലയില്‍ നിന്നു പിന്മാറിയതെന്നാണ് സൂചന. ഇപ്പോള്‍ അന്വേഷണചുമതല നാദാപുരത്ത് പുതുതായി എത്തിയ സി.ഐ ജോഷി ജോസിനും ശനിയാഴ്ച ചാര്‍ജെടുത്ത ഡി.വൈ.എസ്.പി പി ഇസ്മായിലിനുമാണ്.
കേസില്‍ കാസര്‍കോട്ട് നിന്നു പിടികൂടിയ, പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച സി.പി.എം നേതാവിന് രക്ഷപ്പെടാനുള്ള വകുപ്പുകള്‍ ചേര്‍ത്ത് കോടതിയില്‍ ജാമ്യം ലഭിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുകയായിരുന്നുവെന്ന ആരോപണവുമുണ്ട്. കേസില്‍ ഇതുവരെ അറസ്റ്റു ചെയ്യപ്പെട്ട ആറുപേരില്‍ ആരും തന്നെ സംഭവവുമായി നേരിട്ട് ബന്ധമുള്ളവരല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."