മായംകലര്‍ന്ന ദാഹശമനികള്‍ വ്യാപകമാകുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍പന നടത്തുന്ന പ്രമുഖ ബ്രാന്‍ഡുകളുടേതുള്‍പ്പെടെയുള്ള ദാഹശമനികളില്‍ മായം വ്യാപകമാകുന്നതായി ആക്ഷേപമുയരുന്നു. ഗുണമേന്മ പരിശോധിക്കാന്‍ കൃത്യമായ സംവിധാനങ്ങളോ നടപടികളോ ഇല്ലാത്തതിനാലാണ് വ്യാജന്‍മാര്‍ വിപണിയിലെത്തുന്നത്. തടിമില്ലുകളില്‍ നിന്ന് പുറന്തള്ളുന്ന മരത്തൊലികള്‍ കൃത്രിമചായങ്ങളും രാസവസ്തുക്കളും ചേര്‍ത്ത് ആകര്‍ഷകമായ പായ്ക്കുകളില്‍ വിപണിയിലെത്തിക്കുകയാണ് ചെയ്തു വരുന്നത്.
പതിമുഖം,കരിങ്ങാലി തുടങ്ങിയ പേരുകളിലാണ് ഭൂരിഭാഗവും വിറ്റഴിയുന്നത്. ഈ ചെടികളുടെ തൊലിയ്ക്ക് താരതമ്യേന വില കൂടുതലുള്ളപ്പോള്‍ വ്യാജന്‍മാര്‍ പത്തും അതില്‍ താഴെയും വില മാത്രം ഈടാക്കിയാണ് കച്ചവടം നടത്തുന്നത്. ആരോഗ്യത്തിന് ഉത്തമം എന്ന അവകാശവാദത്തോടെയും പരസ്യങ്ങളോടെയുമാണ് ഇവ വിപണിയിലെത്തുന്നത്. നിറത്തിനും രുചിയ്ക്കുമായി ഇതില്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍ കരളിന്റേയും വൃക്കകളുടേയും പ്രവര്‍ത്തനങ്ങളെ അത്യധികം ദോഷകരമായി ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ വിലയിരുത്തുന്നു.
കരിങ്ങാലിയും പതിമുഖവും ഉള്‍പ്പെടെയുള്ളവ ചൂടുവെള്ളത്തില്‍ മാത്രം നിറം വയ്ക്കുമ്പോള്‍ ഇവയുടെ വ്യാജന്‍ പച്ചവെള്ളത്തിലിട്ടാലും വെള്ളത്തിന് നിറം പിടിപ്പിക്കും. ഹോട്ടലുകളിലും തട്ടുകടകളിലും വീടുകളിലുമെല്ലാമായി ലക്ഷങ്ങളുടെ വിപണിയാണ് ഈ വ്യാജന്‍മാര്‍ക്ക് മുന്നില്‍ തുറന്നു കിടക്കുന്നത്. ഉപയോഗത്തില്‍ വളരെ പെട്ടെന്ന് ദൂഷ്യഫലങ്ങള്‍ വെളിവാകാത്ത എന്നാല്‍ പതിയെ പതിയെ ഗുരുതരരോഗങ്ങളിലേക്ക് നയിക്കുന്ന വ്യാജദാഹശമനികളെപ്പറ്റി ജനങ്ങളും കൂടുതല്‍ ബോധവാന്‍മാരല്ല. പരിശോധിച്ച് നടപടിയെടുക്കേണ്ട ഭക്ഷ്യസുരക്ഷാ വകുപ്പും കണ്ണടയ്ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."