ആര്‍.എസ്.എസിന്റെ സ്വന്തം ധര്‍മേന്ദ്ര പ്രധാന്‍; മോദി സര്‍ക്കാറിന്റെ ചരിത്രത്തില്‍ സമരംമൂലം മന്ത്രി രാജിവയ്ക്കുന്നത് ആദ്യം
ന്യൂഡല്‍ഹി: ഒഡിഷയിലെ തല്‍ച്ചറില്‍നിന്ന് ആരംഭിച്ച ധര്‍മേന്ദ്ര പ്രധാന്റെ രാഷ്ട്രീയജീവിതം എ.ബി.വി.പി വഴിയാണ് വളര്‍ന്നത്. പിന്നീട് ആര്‍.എസ്.എസ് നേതൃത്വത്തോടും ബി.ജെ.പിയുടെ ദേശീയ ഘടനയോടും അടുത്ത ബന്ധം സ്ഥാപിച്ച അദ്ദേഹം, പാര്‍ട്ടിയുടെ സംഘടനാ രാഷ്ട്രീയത്തില്‍ ശക്തമായ സ്ഥാനം നേടി. പാര്‍ട്ടിയുടെ സംഘടനാ വ്യാപനത്തിനും ഫണ്ട്‌റൈസിങിനും പിന്നിലെ പ്രധാന തന്ത്രജ്ഞനെന്ന പ്രതിച്ഛായയും ഉയര്‍ത്തി. എന്നിരുന്നാലും ഒഡിഷയില്‍ അദ്ദേഹത്തിന് സ്ഥിരമായ തെരഞ്ഞെടുപ്പ് വിജയങ്ങളുടെ വലിയ ചരിത്രമില്ല. ഇപ്പോള്‍ പ്രാദേശിക രാഷ്ട്രീയത്തില്‍ വലിയ പിടിയുമില്ല. എന്നാലും മോദിയുടെയും അമിത്ഷായുടെയും തലോടലിലായിരുന്നു ധര്‍മേന്ദ്ര പ്രധാന്റെ നിലനില്‍പ്പ്. ഒഡിഷയിലെ രാഷ്ട്രീയപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് എ.ബി.വി.പിയിലൂടെയും പിന്നീട് ആര്‍.എസ്.എസ്സിലൂടെയുമാണ് ധര്‍മേന്ദ്ര പ്രധാന്‍ ബി.ജെ.പി രാഷ്ട്രീയത്തിലെത്തുന്നത്.
തല്‍ചര്‍ കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ എ.ബി.വി.പി പ്രവര്‍ത്തകനായി പൊതുരംഗത്തെത്തി. പിന്നീട് എ.ബി.വി.പിയുടെ സംസ്ഥാന സെക്രട്ടറി, ദേശീയ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 1998ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന പ്രധാന്‍, 2000ല്‍ പല്ലഹാര മണ്ഡലത്തില്‍നിന്ന് ആദ്യമായി എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടു. 2001ല്‍ ബി.ജെ.പി യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനും തുടര്‍ന്ന് ദേശീയ സെക്രട്ടറിയുമായി ഉയര്‍ന്നു. 2004ല്‍ ബി.ജെ.പി യുവമോര്‍ച്ചയുടെ ദേശീയ അധ്യക്ഷനായി. അതേ വര്‍ഷം ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2012ല്‍ ബിഹാറില്‍നിന്ന് രാജ്യസഭയിലെത്തിയ പ്രധാന്‍, 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ പെട്രോളിയം മന്ത്രിയായി. 2018ല്‍ മധ്യപ്രദേശില്‍നിന്ന് വീണ്ടും രാജ്യസഭയിലെത്തിയ അദ്ദേഹം, രണ്ടാം മോദി സര്‍ക്കാരിലും കേന്ദ്രമന്ത്രിയായി തുടര്‍ന്നു. 2021ല്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതല ലഭിച്ചതോടെ ആര്‍.എസ്.എസ് ദേശീയ വിദ്യാഭ്യാസ നയം രാജ്യത്ത് അടിച്ചേല്‍പ്പിച്ചത് പ്രധാനിലൂടെയായിരുന്നു.
സംഘടനാപ്രവര്‍ത്തനത്തിലൂടെ ദേശീയ നേതൃത്വത്തിന്റെ വിശ്വാസം നേടിയ നേതാവായിരുന്നു പ്രധാന്‍. ഒഡിഷയില്‍ ബി.ജെ.പിയുടെ വളര്‍ച്ചയുടെ പ്രധാന ശില്‍പികളില്‍ ഒരാളായി പ്രധാന്‍ കണക്കാക്കപ്പെടുന്നു. സംസ്ഥാനത്ത് പാര്‍ട്ടിക്ക് ശക്തമായ സംഘടനാ അടിത്തറ ഒരുക്കുന്നതിലും 2017ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2024ല്‍ ബി.ജെ.പി ആദ്യമായി ഒറ്റയ്ക്ക് ഒഡിഷയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിലും അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടായിരുന്നുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അമിത് ഷായുടെ വിശ്വസ്ത സംഘാടകരില്‍ ഒരാളായും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായും അദ്ദേഹം ദേശീയ തലത്തില്‍ ശ്രദ്ധേയനായിരുന്നു. എന്നാല്‍ സംഘടനാപ്രാവീണ്യവും നേതൃത്വവിശ്വാസവും നേടിയെടുത്ത രാഷ്ട്രീയനേതാവിന്റെ കരിയറിനെ ഒടുവില്‍ നിര്‍വചിച്ചത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്തെ പരീക്ഷാ വിവാദങ്ങളാണ്.
മോദി സര്‍ക്കാറിന്റെ 12 വര്‍ഷത്തെ ചരിത്രത്തില്‍ ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജിവച്ച ആദ്യത്തെ മന്ത്രിയുമായിരിക്കുകയാണ് ധര്‍മേന്ദ്ര പ്രധാന്‍. എന്നാല്‍, മറ്റുപല കാരണങ്ങളാല്‍ മോദി മന്ത്രിസഭയില്‍ നിന്ന് മന്ത്രിമാര്‍ രാജിവച്ചിട്ടുണ്ട്. 2018 ഒക്ടോബറില്‍ മീ ടൂ ആരോപണത്തെത്തുടര്‍ന്ന് വിദേശകാര്യ സഹമന്ത്രിയായിരുന്ന എം.ജെ അക്ബര്‍ രാജിവച്ചാണ് ഇതിലൊന്ന്. ഉത്തര്‍പ്രദേശിലെ തുടര്‍ച്ചയായ ട്രെയിന്‍ പാളംതെറ്റലുകളുടെ പൂര്‍ണ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് 2017 ഓഗസ്റ്റില്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ രാജി സ്വീകരിക്കാതിരുന്ന മോദി സെപ്റ്റംബറില്‍ നടന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ റെയില്‍വേ മന്ത്രാലയത്തില്‍ നിന്ന് മാറ്റി.
from his rise through the bjp and abvp to becoming union education minister, dharmendra pradhan's political career reached a turning point with his resignation amid the neet examination controversy.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."