സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ
റിയാദ്: സഊദി അറേബ്യയിലെ പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പുതിയ നിയമ വ്യവസ്ഥകള്‍ക്ക് അംഗീകാരം. രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ സമീപകാലത്തെ ഏറ്റവും പ്രധാനപ്പെട്ട പരിഷ്‌കാരങ്ങളിലൊന്നാണിത്. നഴ്സറി മുതല്‍ ഗ്രേഡ് 12 വരെയുള്ള പൊതുവിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്ന എക്‌സിക്യൂട്ടീവ്, റെഗുലേറ്ററി വ്യവസ്ഥകള്‍ക്കാണ് അംഗീകാരം.
വിദ്യാഭ്യാസരംഗത്തെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സ്വകാര്യ മേഖലയുടെ പങ്കാളിത്തം ശക്തമാക്കുന്നതിനും വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ക്കനുസരിച്ച് വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് പുതിയ നിയമ വ്യവസ്ഥകള്‍ കൊണ്ടുവന്നത്.
പൊതുവിദ്യാഭ്യാസത്തിനായുള്ള ഒരു പുതിയ ഭരണസമിതി രൂപീകരണമാണ് നിയമത്തിന്റെ ഒരു പ്രധാന സവിശേഷത. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായതും നിരവധി സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, വിദ്യാഭ്യാസ, പരിശീലന വിലയിരുത്തല്‍ കമ്മീഷന്‍, സ്വകാര്യ മേഖല എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടുന്നതുമായ പൊതുവിദ്യാഭ്യാസ കാര്യ കൗണ്‍സില്‍ ഇതിന്റെ ഭാഗമായി രൂപീകരിക്കും. ദേശീയ വിദ്യാഭ്യാസ നയങ്ങള്‍, തന്ത്രങ്ങള്‍, ദീര്‍ഘകാല ആസൂത്രണം എന്നിവ തയ്യാറാക്കുന്നതില്‍ കൗണ്‍സില്‍ മേല്‍നോട്ടം വഹിക്കും.
നഴ്‌സറി, സ്‌കൂള്‍ പ്രവേശന പ്രായപരിധി നിര്‍ണയിക്കുക, വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കാരങ്ങള്‍ ശുപാര്‍ശ ചെയ്യുക, അധ്യാപക തൊഴില്‍ ചട്ടങ്ങള്‍ അംഗീകരിക്കുക, ഓണ്‍ലൈന്‍ ക്ലാസുകളുടെയും സ്വകാര്യ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുക, വിദ്യാഭ്യാസ കണ്‍സള്‍ട്ടിംഗ് പ്രൊഫഷണലുകളെ നിയന്ത്രിക്കുക, മന്ത്രിസഭയുടെ അംഗീകാരത്തിനായി അക്കാദമിക് കലണ്ടര്‍ ശുപാര്‍ശ ചെയ്യുക എന്നിവയും ഭരണസമിതിയുടെ ചുമതലകളില്‍ പെടുന്നു.
നിര്‍ബന്ധിത വിദ്യാഭ്യാസം 6 മുതല്‍ 15 വയസ്സ് വരെ തുടരും. ഇതിനിടെ കുട്ടികളുടെ പഠനം തടയുകയോ പഠനം ഉപേക്ഷിക്കാന്‍ കാരണമാവുകയോ ചെയ്യുന്നവര്‍ക്കെതിരേ വിദ്യാഭ്യാസ മന്ത്രാലയം നിയമനടപടി സ്വീകരിക്കും. സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാഭ്യാസം സൗജന്യമായി നല്‍കുന്നത് തുടരും. പൊതുവിദ്യാഭ്യാസത്തിലുടനീളം അറബി പ്രധാന പ്രബോധന ഭാഷയായി തുടരും. ഉചിതമായ ഇടങ്ങളില്‍ സ്‌കൂളുകള്‍ക്ക് ഒരു അധിക ഭാഷ പഠനമാധ്യമമായി തെരഞ്ഞെടുക്കാം.
ശൈശവ ഘട്ടത്തിനുശേഷം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്ന നിയമം തുടരും. എല്ലാ ഗ്രേഡ് തലങ്ങളിലും ക്ലാസ് റൂം അധിഷ്ഠിത പഠനം പ്രാഥമിക വിദ്യാഭ്യാസ രീതിയായി തുടരും. വ്യക്തിഗത പഠനത്തിന്റെ ഭാഗമായി ഇലക്ട്രോണിക് പഠന പ്ലാറ്റ്ഫോമുകള്‍, വിദൂര വിദ്യാഭ്യാസം, കമ്മ്യൂണിറ്റി പഠന കേന്ദ്രങ്ങള്‍ എന്നിവ അനുവദനീയമാണ്.
തൊഴില്‍ വിപണി ആവശ്യങ്ങള്‍ക്ക് അനുസൃതമായി കോഴ്‌സുകളും പഠനരീതികളും വിദ്യാഭ്യാസ മന്ത്രാലയത്തിന് പരിഷ്‌കരിക്കാം. അംഗപരിമിതര്‍ പോലെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും പ്രതിഭാധനരായ പഠിതാക്കള്‍ക്കും വിപുലമായ പിന്തുണ നല്‍കുന്നതിനുള്ള പദ്ധതികളും ആവിഷ്‌കരിക്കാം.
പുതിയ ചട്ടക്കൂടിന് കീഴില്‍ സ്വകാര്യ സ്‌കൂളുകള്‍ കര്‍ശനമായ ഗുണനിലവാര ഉറപ്പ് ആവശ്യകതകള്‍ നേരിടേണ്ടിവരും. വിദ്യാഭ്യാസ കമ്മീഷനില്‍ നിന്നോ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട അക്രഡിറ്റേഷന്‍ ബോഡിയില്‍ നിന്നോ സ്‌കൂളുകള്‍ അക്രഡിറ്റേഷന്‍ നേടേണ്ടതുണ്ട്. വിദ്യാഭ്യാസ ലൈസന്‍സുകള്‍ക്കുള്ള അപേക്ഷകള്‍ക്ക് 30 ദിവസത്തിനുള്ളില്‍ ഒരു രേഖാമൂലമുള്ള മറുപടി നല്‍കണം. നിരസിക്കപ്പെട്ട അപേക്ഷകര്‍ക്ക് അപ്പീല്‍ നല്‍കാം.
വിഷന്‍ 2030 പ്രകാരം യോഗ്യതയുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാനവ വിഭവശേഷി ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ നിന്ന് സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള പിന്തുണ ലഭിക്കും. അധ്യാപകര്‍ക്ക് കൂടുതല്‍ സംരക്ഷണവും പ്രൊഫഷണല്‍ വികസനവും പുതിയ നിയമം ഉറപ്പാക്കുന്നു.
ചട്ടങ്ങള്‍ ലംഘിക്കുന്ന അധ്യാപകര്‍ക്കും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമെതിരേ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ചട്ടക്കൂട് പുതിയ നിയമത്തിലുണ്ട്. ഗുരുതരമായ ലംഘനങ്ങള്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടലിനും സ്ഥിരമായ അയോഗ്യതയ്ക്കും കാരണമായേക്കാം.
നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കും. വിദ്യാര്‍ത്ഥി പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കല്‍, 5,000 റിയാല്‍ മുതല്‍ 50,000 റിയാല്‍ വരെ പിഴ അല്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കല്‍ എന്നിവ നേരിടേണ്ടിവരും. ഒരു സ്‌കൂളിന്റെ ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍, വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം തടസ്സപ്പെടാതിരിക്കാന്‍ ഉടമയുടെ ചെലവില്‍ അധ്യയന വര്‍ഷം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണം.
English summary : Riyadh: Saudi Arabia has approved a new set of executive and regulatory rules governing public education from nursery to Grade 12, marking one of the country's most significant education reforms in recent years.
The new framework aims to improve education quality, strengthen private sector participation, and align the education system with the goals of Saudi Vision 2030.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."