തലക്കടത്തൂരില് വൃദ്ധനും കുട്ടിക്കും നേരെ തെരുവുനായ ആക്രമണം
തിരൂര്‍: തലക്കടത്തൂരില് തെരുവ്നായയുടെ കടിയേറ്റ് കുട്ടിക്കും വൃദ്ധനും ഗുരുതര പരുക്ക്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുറ്റിയത്തില്‍ സലീമിന്റെ മകന് മുഹമ്മദ് ഷാന്‍(ആറ്), പള്ളിയിലേക്ക് പോകാനിറങ്ങിയ മുത്താണിക്കാട്ട് ബീരാന്‍കുട്ടി(70) എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ഷാനിന്റെ തലക്കും മുഖത്തുമാണ് കടിയേറ്റത്. കുട്ടിയുടെ നിലവിളികേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ നായയില്‍ നിന്നു കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. അരീക്കാട് യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് ഷാന്‍. ഈ സംഭവത്തിനു തൊട്ടുപിന്നാലെയാണ് അയല്‍വാസിയായ ബീരാന്‍കുട്ടിയും ഇതേ നായയുടെ ആക്രമണത്തിന് ഇരയായത്.
മഗരിബ് നമസ്കാരത്തിനായി പള്ളിയിലേക്കിറങ്ങിയ ബീരാന്‍കുട്ടിയെയും വീട്ടുമുറ്റത്ത് വച്ചായിരുന്നു തെരുവ് നായ കടിച്ചത്. ബീരാന് കുട്ടിയുടെ കൈകാലുകള്‍ക്കും നെഞ്ചിലും പരുക്കേറ്റു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കുതറി മാറി നായയില്‍ നിന്നും ബാരാന്കുട്ടി രക്ഷപ്പെട്ടത്. നായയുടെ കടിയേറ്റ് ഗുരുതരമായി പരുക്കേറ്റ ഇരുവരെയും തിരൂര്‍ ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."