സൗദിയിലെ എണ്ണസ്ഥാപനങ്ങള്‍ ലക്ഷ്യമിട്ടുള്ള ഡ്രോണ്‍ ആക്രമണശ്രമങ്ങള്‍ തകര്‍ത്തതായി പ്രതിരോധമന്ത്രാലയം
റിയാദ്: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലെയും റിയാദിലെയും എണ്ണസ്ഥാപനങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ഡ്രോണ്‍ ആക്രമണശ്രമങ്ങള്‍ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതായി സൗദി അറേബ്യ അറിയിച്ചു. ഇറാഖില്‍ പ്രവര്‍ത്തിക്കുന്ന ഇറാന്‍ അനുകൂല സായുധസംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് സൗദി ആരോപിച്ചു.
കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കിടെ ഇറാഖ് ഭൂപ്രദേശത്തുനിന്നാണ് ഡ്രോണുകള്‍ വിക്ഷേപിക്കപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. രാജ്യത്തിന്റെ സുപ്രധാന എണ്ണ അടിസ്ഥാനസൗകര്യങ്ങള്‍ ലക്ഷ്യമിട്ട ഈ ആക്രമണശ്രമത്തെ അദ്ദേഹം തീവ്രവാദ നടപടിയായി വിശേഷിപ്പിച്ചു.
രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെയും നിര്‍ണായക അടിസ്ഥാനസൗകര്യങ്ങളുടെയും സംരക്ഷണം ഉറപ്പാക്കാന്‍ സൗദിക്ക് പൂര്‍ണ അവകാശമുണ്ടെന്നും ഉചിതമായ സമയത്തും സ്ഥലത്തും തിരിച്ചടി നല്‍കാനുള്ള അവകാശം രാജ്യം നിലനിര്‍ത്തുന്നുണ്ടെന്നും അല്‍മാലികി വ്യക്തമാക്കി.
സംഭവത്തെ ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയവും പ്രത്യേക പ്രസ്താവന പുറത്തിറക്കി. ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ സായുധസംഘങ്ങളാണ് ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് മന്ത്രാലയം ആരോപിച്ചു.
സൗദിയുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാനും ആക്രമണങ്ങളെ പ്രതിരോധിക്കാനും ആക്രമണങ്ങളുടെ ഉറവിടങ്ങള്‍ക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കാനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധത മന്ത്രാലയം ആവര്‍ത്തിച്ചു.
അതേസമയം, സൗദിക്കെതിരായ ആക്രമണങ്ങള്‍ക്ക് ഇറാഖിന്റെ ഭൂപ്രദേശം ഉപയോഗിക്കപ്പെടാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഇറാഖ് സര്‍ക്കാരിനോട് സൗദി ആവശ്യപ്പെട്ടു.
English Summary: Saudi Arabia said its air defenses intercepted and destroyed several drones that attempted to target oil facilities in the Eastern Province and Riyadh, blaming Iran-backed militias operating from Iraq for the attacks. The attempted attacks took place over the past several hours and described them as terrorist acts launched from Iraqi territory.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."