മയക്കുമരുന്ന് കേസ്: നാല് വർഷമായി ഒളിവിലായിരുന്ന പ്രതി വിമാനത്താവളത്തിൽ പിടിയിൽ
കോഴിക്കോട്: മയക്കുമരുന്ന് കേസിൽ ലുക്ക് ഔട്ട് നോട്ടീസ് നിലവിലുണ്ടായിരുന്ന പ്രതി നാല് വർഷത്തിന് ശേഷം പൊലിസ് പിടിയിലായി. തിരുവണ്ണൂർ കോട്ടൺമിൽ സ്വദേശി കോഴിപ്പുറം പറമ്പ് നാസ് വീട്ടിൽ മുഹമ്മദ് നജി (27) ആണ് അറസ്റ്റിലായത്. വിദേശത്തുനിന്നും എത്തിയ ഇയാളെ ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിൽ വെച്ച് കസബ പൊലിസാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
2022 ഓഗസ്റ്റിൽ കാക്കഞ്ചേരി പള്ളിക്കൽ ബസാർ സ്വദേശി ഷക്കീൽ ഹർഷാദ് ലഹരിമരുന്നുമായി പിടിയിലായതോടെയാണ് മുഹമ്മദ് നജിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. വിൽപനക്കായി സൂക്ഷിച്ച എംഡിഎംഎ, എൽഎസ്‌ഡി സ്റ്റാമ്പുകൾ, ഹാഷിഷ് ഓയിൽ എന്നിവയുമായി മുതലക്കുളത്തുവെച്ചും, തുടർന്ന് ഇയാളുടെ മലപ്പുറത്തെ വാടകവീട്ടിൽ നിന്നുമാണ് കസബ പൊലിസ് ഹർഷാദിനെ അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലിൽ വിദേശത്തുള്ള മുഹമ്മദ് നജിയുടെ നിർദേശപ്രകാരമാണ് ലഹരിവ്യാപാരം നടത്തിയിരുന്നതെന്നും, ഇയാളാണ് മയക്കുമരുന്ന് എത്തിച്ചു നൽകിയതെന്നും ഹർഷാദ് മൊഴി നൽകിയിരുന്നു. ഇതോടെയാണ് വിദേശത്തായിരുന്ന നജിക്കെതിരെ കസബ പൊലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കേസിൽ ഉൾപ്പെട്ടതറിഞ്ഞ നജി നാട്ടിലേക്ക് വരാതെ വിദേശത്ത് തുടരുകയായിരുന്നു.
മുമ്പും മയക്കുമരുന്ന് ഉപയോഗിച്ചതിന് മെഡിക്കൽ കോളേജ് സ്റ്റേഷനിലും, എംഡിഎംഎ കൈവശം വെച്ചതിന് കസബ സ്റ്റേഷനിലും നജിക്കെതിരെ കേസുകളുണ്ടായിരുന്നു. ഈ കേസുകളിൽ വിചാരണത്തടവുകാരനായിരിക്കെ ജാമ്യത്തിലിറങ്ങി കോടതി അനുമതിയോടെയാണ് ഇയാൾ മുൻപ് വിദേശത്തേക്ക് കടന്നത്. തുടർന്ന് വിദേശത്തിരുന്നുകൊണ്ട് നാട്ടിലെ ലഹരി ഇടപാടുകൾ നിയന്ത്രിക്കുകയായിരുന്നു.
അതേസമയം, കേസിലെ ഒന്നാം പ്രതിയായ ഷക്കീൽ ഹർഷാദിനെതിരെ പൊലിസ് കുറ്റപത്രം സമർപ്പിക്കുകയും കോടതി ഇയാളെ 50 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു.
A man who had been on the run for four years in connection with a drug case was intercepted and arrested by authorities at the airport while attempting to travel. He was subsequently handed over to the police for further legal proceedings.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."