രമേഷിനും കുടുംബത്തിനും കൈത്താങ്ങായി കുട്ടി പൊലിസെത്തി
രാജാക്കാട്: രോഗങ്ങള്‍ക്ക് നടുവില്‍ നിന്ന് കരകയറുവാന്‍ പെടാപ്പാട് പെടുന്ന കുടുംബത്തിന് കൈത്താങ്ങായി എസ് പി സി കേഡറ്റുകള്‍ എത്തി.
രാജാക്കാട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എസ് പി സി കേഡറ്റുകളാണ് ഇരുവൃക്കകളും തകരാറിലായി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ സഹായം തേടുന്ന രാജാക്കാട് മമ്മട്ടിക്കാനം കാളാശേരിയില്‍ രമേഷിനാണ് കുട്ടി പൊലിസുകാര്‍ സ്വന്തമായി കണ്ടെത്തിയ ധനസഹായവുമായി എത്തിയത്.
വര്‍ഷങ്ങളായി രോഗത്തില്‍ നിന്നും കരകയറുവാന്‍ പ്രാര്‍ത്ഥനയും ചികിത്സയുമായി കഴിയുന്ന കുടുംബമാണ് രമേഷിന്റേത്. ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന രമേഷിന്റെ പന്ത്രണ്ട് വയസ്സുള്ള മകന്‍ കഴിഞ്ഞ വര്‍ഷം മരിച്ചിരുന്നു. മകള്‍ രാജാക്കാട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. മകന്റെ ചികിത്സക്കായി ലക്ഷങ്ങള്‍ മുടക്കി കടബാദ്ധ്യതയില്‍ മുങ്ങിയപ്പോള്‍ ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റ് മമ്മട്ടിക്കാനത്ത് വന്ന് വാടകയ്ക്ക് വീടെടുത്ത് താമസിക്കുന്ന സമയത്താണ് രമേഷിന്റെ ഇരു വൃക്കകളും തകരാറിലാണെന്ന് കണ്ടെത്തുന്നത്. ഇതോടെ കുടുംബം പട്ടിണിയിലുമായി. കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി നിരവധി ആളുകള്‍ മുമ്പോട്ട് വന്നിട്ടുണ്ട്. ഈ ഉദ്യമത്തില്‍ പങ്കാളികളാകുന്നതിന് വേണ്ടിയാണ് രാജാക്കാട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എസ് പി സി കേറ്റുകളുടെ നേതൃത്വത്തില്‍ സ്വന്തമായി തന്നെ കണ്ടെത്തിയ പണം നേരിട്ടെത്തി രമേഷിന് കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."