ഓണ്‍ലൈന്‍ പെണ്‍വാണിഭം; അന്താരാഷ്ട്ര ക്ലാസിഫൈഡ് സൈറ്റ് 'ലൊക്കാന്റോ' പൊലിസ് നിരീക്ഷണത്തില്‍
മലപ്പുറം: പെണ്‍വാണിഭത്തിന് അവസരമൊരുക്കിയ അന്താരാഷ്ട്ര ഓണ്‍ലൈന്‍ ക്ലാസിഫൈഡ് സൈറ്റായ ലൊക്കാന്റോ പൊലിസ് നിരീക്ഷണത്തില്‍. കഴിഞ്ഞ ദിവസം കൊച്ചിയില്‍ പിടിയിലായ പെണ്‍വാണിഭ റാക്കറ്റ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത് ലൊക്കാന്റോയില്‍ പരസ്യം നല്‍കിയാണെന്ന് കണ്ടെത്തിയതോടെയാണ് വെബ് സൈറ്റ് പൊലിസ് നിരീക്ഷിക്കാന്‍ തുടങ്ങിയത്.
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, തൃശൂര്‍ തടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച്് ഇത്തരം സൈറ്റുകളില്‍ പരസ്യം നല്‍കികൊണ്ടുള്ള പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാണെന്ന് നേരത്തെ തന്നെ പൊലിസിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ബംഗാളി പെണ്‍കുട്ടിയെ ഉപയോഗിച്ച് കൊച്ചിയില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തി വന്ന മൂന്നംഗ സംഘത്തെ പൊലിസ് അറസ്റ്റ് ചെയ്തതോടെയാണ് സൈറ്റിനെ കുറിച്ച് പൊലിസ് കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ തുടങ്ങിയത്.
സൈറ്റില്‍ വരുന്ന പരസ്യങ്ങള്‍ നിരീക്ഷിക്കുന്നതിനുപുറമെ പരസ്യത്തിന്റെ സ്വഭാവവും, പരസ്യം നല്‍കുന്ന വ്യക്തിയെക്കുറിച്ചും സ്ഥാപനത്തെക്കുറിച്ചും അന്വേഷിക്കും. ഇന്ത്യയ്ക്ക് പുറത്തുനിന്ന് നിയന്ത്രിക്കുന്ന സൈറ്റാണ് ലൊക്കാന്റോ. അതിനാല്‍ സൈറ്റ് നിയന്ത്രിക്കുക എളുപ്പമുള്ള കാര്യമല്ല. ഇതിനാല്‍ ലൊക്കാന്റോയെ നിയന്ത്രിക്കാന്‍ പൊലിസിനാകില്ലെന്ന് കൊച്ചി റേഞ്ച് ഐ.ജി എസ് ശ്രീജിത്ത് പറഞ്ഞു. ഇതിലെ പരസ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നവരെയും സന്ദര്‍ശിക്കുന്നവരെയും സൈബര്‍ സെല്‍ വഴി നിരീക്ഷിക്കുക മാത്രമാണ് ഏക വഴിയെന്നും അദ്ദേഹം പറഞ്ഞു.
മുന്‍പും ലൊക്കാന്റോയിലൂടെ പരസ്യം നല്‍കി ഇടപാടുകാരെ കണ്ടെത്തിയിരുന്ന പെണ്‍വാണിഭ സംഘങ്ങള്‍ പിടിയിലായിരുന്നു. ഇതോടെ സൈറ്റിനെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയത്. എന്നാല്‍ നടപടിയെടുക്കാനായിരുന്നില്ല.
ലോകത്ത് അന്‍പതിലധികം രാജ്യങ്ങളില്‍ ലൊക്കാന്റോ പ്രവര്‍ത്തിക്കുന്നുണ്ട്്. സാധാരണ പത്രങ്ങളില്‍ കാണുന്ന ആട്ടോമോട്ടീവ്, റിയല്‍ എസ്‌റ്റേറ്റ്, വസ്തുവില്‍പ്പന, ജോലി തുടങ്ങി എല്ലാതരം ക്ലാസിഫൈഡ്‌സ് പരസ്യങ്ങളും നല്‍കാന്‍ ലൊക്കാന്റോയിലാകും. പരസ്യം നല്‍കുന്നവര്‍തന്നെ നേരിട്ട് സൈറ്റില്‍ പരസ്യങ്ങള്‍ അപ്‌ലോഡ് ചെയ്യുകയാണ് രീതി. അതിനാല്‍ ഏതുതരം പരസ്യങ്ങളും നല്‍കാന്‍ യാതൊരു നിയന്ത്രണവുമില്ല.
ഇതാണ് പെണ്‍വാണിഭസംഘത്തിന് തുണയാകുന്നത്. ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ കിസ് ഓഫ് ലവ് പ്രവര്‍ത്തകന്‍ രാഹുല്‍ പശുപാലനും, ഭാര്യയും പിടിക്കപ്പെട്ടതോടെ മാളത്തിലൊളിച്ച സംഘങ്ങളാണ് ഇപ്പോള്‍ സജീവമായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."