പഞ്ചായത്ത് നല്‍കിയ വാഹനം വീട്ടിലെത്തിക്കാന്‍ വഴിയില്ലാതെ ഭിന്നശേഷിക്കാരന്‍
പൂച്ചാക്കല്‍: പഞ്ചായത്ത് നല്‍കിയ സൗരോര്‍ജ്ജ വാഹനം വീട്ടിലേക്കെത്തിക്കാന്‍ വഴിയില്ലാതെ ഭിന്നശേഷിക്കാരന്‍ വലയുന്നു. പാണാവള്ളി പഞ്ചായത്ത് പത്താം വാര്‍ഡില്‍ കൊച്ചു പെണ്ണുവെളിയില്‍ രമേശനാണ് (47) രണ്ട് വര്‍ഷം മുമ്പ് പഞ്ചായത്ത് നല്‍കിയ സൗരോര്‍ജ്ജ വാഹനം ഇന്നും വീട്ടിലേക്ക് കൊണ്ടുപോകാനാകാതെ പ്രയാസപ്പെടുന്നത്.
സമീപത്തെ ഗ്രാവല്‍ റോഡില്‍ നിന്നും 300 മീറ്റര്‍ മാറിയാണ് രമേശന്‍ താമസിക്കുന്ന വീട്. റോഡിന് സമീപത്തെ ഏതെങ്കിലും വീടിന്റെ മുറ്റത്ത് വണ്ടിയിട്ട ശേഷം കൈയ്യും കാലും ഉപയോഗിച്ച് മണ്ണില്‍ കൂടി നീന്തി വേണം വീട്ടിലെത്താന്‍. മഴക്കാലമായതോടെ പച്ച മണ്ണില്‍ നീന്തിയതിനെ തുടര്‍ന്ന് കൈയ്യും കാല്‍മുട്ടുകളും മണ്ണില്‍ ഉരഞ്ഞ് മുറിവേറ്റ നിലയിലാണിപ്പോള്‍.
വാഹനം കൊണ്ടുപോകാന്‍ റോഡിന് സമീപത്തെ സ്ഥലത്തിന്റെ ഉടമ അനുവദിക്കാത്തതാണ് തടസമാകുന്നത്. പിതാവും മാതാവും മരിച്ചതിന് ശേഷം രമേശന്‍ സഹോദരനായ ചന്ദ്രന്റെ കൂടെയാണ് താമസം.
എന്തിനും പുറത്തേക്കിറങ്ങാന്‍ പ്രയാസപ്പെട്ടിരുന്ന രമേശന്റെ ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞാണ് കഴിഞ്ഞ പഞ്ചായത്ത് കമ്മറ്റി രമേശന് സൗരോര്‍ജ വാഹനം തരപ്പെടുത്തി കൊടുത്തത്. നിര്‍ധന കുടുംബത്തിലെ രമേശന് ഈ വാഹനം സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും സഹായിച്ചു. ഇതില്‍ ഭാഗ്യക്കുറി വില്‍പന നടത്തിയാണ് രമേശന്‍ ഉപജീവനം നടത്തുന്നത്. തന്റെ വീട്ടിലേക്ക് വാഹനം എത്തിക്കുന്നതിന് തടസമായി നില്‍ക്കുന്ന വഴി പ്രശ്‌നം പരിഹരിക്കണമെന്ന് നിലവിലെ പഞ്ചായത്ത് കമ്മറ്റി യോട് ആവശ്യപ്പെട്ടെങ്കിലും ആരും ഇടപെട്ടില്ലെന്ന് രമേശന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."