നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം മാതൃകാപരമെന്ന് മന്ത്രിമാര്‍
കുറ്റ്യാടി: പശുക്കടവ് കടന്തറപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാക്കള്‍ക്കു വേണ്ടി തിരച്ചിലിലേര്‍പ്പെട്ട നാട്ടുകാരെ മന്ത്രിമാര്‍ പ്രശംസിച്ചു. പുഴയുടെ നിഗൂഢതകളെക്കുറിച്ചറിയുന്ന നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം മാതൃകാപരമാണെന്ന് മന്ത്രിമാരായ ടി.പി രാമകൃഷ്ണനും എ.കെ ശശീന്ദ്രനും പറഞ്ഞു. ഞായറാഴ്ച രാത്രി മുതല്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന നാട്ടുകാരാണ് നാലു മൃതദേഹങ്ങളും പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണ്ടെടുത്തത്. വഴുവഴുപ്പുള്ള പാറക്കൂട്ടങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ പുഴയില്‍ നാട്ടുകാര്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തിയത്.
ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ സജീവമായി ഇടപെടാന്‍ കഴിയുന്ന തരത്തില്‍ പ്രദേശകിമായി ദുരന്തനിവാരണ സേന രൂപീകരിക്കുമെന്നും ഇതിനായി നാട്ടുകാരെയും എന്‍.സി.സി, സ്റ്റുഡന്റ് പൊലിസ് കാഡറ്റുകളെയും ഉള്‍പ്പെടുത്തി സന്നദ്ധസേന രൂപീകരിക്കുമെന്നും മന്ത്രിമാര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കടന്തറപ്പുഴയില്‍ തിരച്ചിലിനെത്തിയ ദുരന്തനിവാരണ സേനയും ഫയര്‍ഫോഴ്സും സുരക്ഷിതമായി രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് നാട്ടുകാര്‍ തിരച്ചിലിലേര്‍പ്പെട്ടത്. പലപ്പോഴും സാങ്കേതിക സഹായങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും നല്കാന് തയാറായില്ലെന്ന് ഇവര്‍ക്ക് പരാതിയുണ്ട്. പെരുവണ്ണാമൂഴി സ്വദേശികളായ മെല്വിന്, ജയ്മോഹന്‍, കോതോട് സ്വദേശികളായ ശശി, ഷിജു എന്നിവരും തിരച്ചിലില്‍ സജീവമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."