മദ്യനയം, സൗമ്യ വധം: ഒഴിഞ്ഞുമാറി മുഖ്യമന്ത്രി
തിരുവനന്തപുരം: മദ്യനയത്തെക്കുറിച്ചും സൗമ്യ വധക്കേസിനെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിഞ്ഞുമാറി.
നിലവിലുള്ള മദ്യനയമനുസരിച്ച് ഒക്ടോബര്‍ രണ്ടിന് പത്തു ശതമാനം ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ചില്ലറ മദ്യവില്‍പനശാലകള്‍ പൂട്ടുമോ എന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മദ്യവുമായി ബന്ധപ്പെട്ട ഒരു കാര്യവും ആലോചിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പൂട്ടുമെന്നോ ഇല്ലെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം വന്നിട്ടുപറയാമെന്നും അദ്ദേഹം പറഞ്ഞു.
സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ നല്‍കണോ എന്ന ചോദ്യത്തിനും അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. 302ാം വകുപ്പ് (കൊലക്കുറ്റം) അനുസരിച്ച് പ്രതി കുറ്റവാളിയല്ലെന്നാണ് സുപ്രിം കോടതി വിധി പറഞ്ഞതെന്നും സുപ്രിം കോടതിയുടെ കണ്ടെത്തല്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അതിനെതിരേയാണ് സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത്.
ഈ കേസില്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്ന് സൗമ്യയുടെ അമ്മയ്ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. അറ്റോര്‍ണി ജനറലുമായി താന്‍ സംസാരിച്ചിരുന്നു. സുപ്രിം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി അദ്ദേഹം ഹാജരാകാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.
ഇവിടെ കേസന്വേഷിച്ച ഏജന്‍സി, കേസ് കൈകാര്യം ചെയ്ത പ്രോസിക്യൂട്ടര്‍ സുരേശന്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ എന്നിവരടക്കം ബന്ധപ്പെട്ട എല്ലാവരുടെയും യോഗം വിളിക്കാന്‍ അഡ്വക്കറ്റ് ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആ യോഗത്തില്‍ വരുന്ന നിര്‍ദേശമനുസരിച്ചായിരിക്കും റിവ്യൂ ഹരജിയോ റിവിഷന്‍ ഹരജിയോ വേണ്ടതെന്ന് തീരുമാനിക്കുക.
ജിഷ വധക്കേസിലെ പ്രതി താന്‍ കൊല ചെയ്തിട്ടില്ല എന്നു പറഞ്ഞതിനെപ്പറ്റി ചോദിച്ചപ്പോള്‍, എല്ലാ പ്രതികളും ആദ്യമേ കയറി കുറ്റമേറ്റെടുക്കില്ലല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതു തെളിയിക്കാനാണ് അന്വേഷണസംഘമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."