ഇന്ത്യ ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം
കാണ്‍പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഒരു സുവര്‍ണ അധ്യായത്തിനാണ് നാളെ ആരംഭിക്കുന്ന ഇന്ത്യ- ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടെസ്റ്റ് അരങ്ങൊരുക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളിക്കുന്ന 500ാം ടെസ്റ്റ് മത്സരത്തിനാണ് നാളെ തുടക്കമാകുന്നത്. 500 ടെസ്റ്റുകള്‍ കളിക്കുന്ന ലോകത്തിലെ നാലാമത്തെ മാത്രം ടീമായി ഇന്ത്യയും മാറും. 967 ടെസ്റ്റുകള്‍ കളിച്ച ഇംഗ്ലണ്ടാണ് മുന്നില്‍. 791 മത്സരങ്ങളുമായി ആസ്‌ത്രേലിയ രണ്ടാം സ്ഥാനത്തും 517 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച വെസ്റ്റിന്‍ഡീസ് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. 499 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യ 129 വിജയങ്ങള്‍ സ്വന്തമാക്കി. 157 മത്സരങ്ങളില്‍ തോല്‍വി വഴങ്ങി. 212 മത്സരങ്ങള്‍ സമനിലയില്‍ അസാനിച്ചപ്പോള്‍ ഒരു മത്സരം ടൈയായി.
കാണ്‍പൂരിലെ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയം ഇന്ത്യയുടെ 500ാം ടെസ്റ്റിനു വേദിയൊരുക്കിയതിനൊപ്പം ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ 499ാം മത്സരത്തിനും ഈ മൈതാനം വര്‍ഷങ്ങള്‍ക്കു മുന്‍പ് വേദിയായിരുന്നു. 1960- 61 കാലത്ത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരമാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ 499ാം മത്സരമായത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പിന്നിട്ട മറ്റൊരു നാഴികക്കല്ലും ഇതേ വേദിയില്‍ തന്നെയായിരുന്നു എന്നതും യാദൃശ്ചികം. ഇന്ത്യയുടെ 100ാം ടെസ്റ്റ് വിജയം കാണ്‍പൂരിലായിരുന്നു. 2009ല്‍ ശ്രീലങ്കയെ കീഴടക്കിയാണ് ഇന്ത്യ ടെസ്റ്റ് വിജയങ്ങളുടെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
1932ല്‍ ഇംഗ്ലണ്ടിനെതിരേയാണ് ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരം.
1967ലാണ് ഇന്ത്യ 100 ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. 100ാം ടെസ്റ്റും ഇംഗ്ലണ്ടിനെതിരേയായിരുന്നു. ബിര്‍മിങ്ഹാമിലായിരുന്നു മത്സരം. ആദ്യ 100 ടെസ്റ്റില്‍ കേവലം പത്തെണ്ണത്തില്‍ മാത്രമാണ് ഇന്ത്യ വിജയം കണ്ടത്.
1982-83 കാലത്താണ് ഇന്ത്യ 200 ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. ലാഹോറില്‍ പാകിസ്താനെതിരേയായിരുന്നു 200ാം മത്സരം. ഈ മത്സരം സമനിലയില്‍ അവസാനിച്ചു.
1996ല്‍ അഹമദാബാദിലാണ് ഇന്ത്യ 300ാം ടെസ്റ്റിനിറങ്ങിയത്. ഈ മത്സരത്തില്‍ ഇന്ത്യ 64 റണ്‍സിന്റെ വിജയമാഘോഷിച്ചു.
2006ല്‍ വെസ്റ്റിന്‍ഡീസിനെതിരേ 400ാം ടെസ്റ്റ്. ജമൈക്കയിലാണ് ഈ മത്സരം അരങ്ങേറിയത്. ഈ മത്സരം വിജയിച്ച് 400ാം ടെസ്റ്റ് എന്ന നാഴികക്കല്ലിനൊപ്പം 35 വര്‍ഷത്തിനു ശേഷം വെസ്റ്റിന്‍ഡീസില്‍ ടെസ്റ്റ് പരമ്പര നേട്ടമെന്ന പെരുമയും ഇന്ത്യക്ക് സ്വന്തമായി.
സി.കെ നായിഡു മുതല്‍ വിരാട് കോഹ്‌ലിയിലെത്തി നില്‍ക്കുന്നു നായകന്‍മാരുടെ പട്ടിക. ഇന്ത്യയുടെ 32ാം ടെസ്റ്റ് ക്യാപ്റ്റനാണ് കോഹ്‌ലി.
ഇന്ത്യയില്‍ 248 ടെസ്റ്റുകളും പുറത്ത് 251 ടെസ്റ്റുകളുമാണ് ഇന്ത്യ കളിച്ചത്. ഇന്ത്യയില്‍ 87 ടെസ്റ്റുകള്‍ വിജയിച്ചപ്പോള്‍ പുറത്ത് 42 മത്സരങ്ങളിലാണ് വിജയം സ്വന്തമാക്കിയത്. സ്വന്തം മണ്ണില്‍ 51 തോല്‍വിയും 109 സമനിലയും ഒരു ടൈയും പുറത്ത് 106 തോല്‍വിയും 103 സമനിലകളുമാണ് ഇന്ത്യന്‍ സമ്പാദ്യം. 47.19 ആണ് വിജയ ശരാശരി.
ഇന്ത്യക്കു വെളിയില്‍ ഇംഗ്ലണ്ടിലാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ചത്. ആറു വിജയങ്ങള്‍ 30 തോല്‍വി 21 സമനിലയാണ് ഫലം. രണ്ടാം സ്ഥാനത്ത് വെസ്റ്റിന്‍ഡീസാണ് 49 ടെസ്റ്റുകള്‍ കരീബിയന്‍ ദ്വീപുകളില്‍ കളിച്ചു. ഏഴു വിജയം 16 തോല്‍വി 26 സമനില. 44 മത്സരങ്ങള്‍ ആസ്‌ത്രേലിയന്‍ മണ്ണില്‍ കളിച്ചു. അഞ്ചു വിജയം 28 തോല്‍വി 11 സമനില. പാകിസ്താനില്‍ 26 മത്സരങ്ങളില്‍ രണ്ടു വിജയം ഏഴു തോല്‍വി 17 സമനില.
ന്യൂസിലന്‍ഡില്‍ 23 മത്സരങ്ങള്‍. അഞ്ചു വിജയം എട്ടു തോല്‍വി 10 സമനില. ശ്രീലങ്കയില്‍ 21 ടെസ്റ്റുകള്‍. ആറു വിജയം ഏഴു തോല്‍വി എട്ടു സമനില. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ 17 ടെസ്റ്റുകള്‍. രണ്ടു വിജയം എട്ടു തോല്‍വി ഏഴു സമനില. ബംഗ്ലാദേശില്‍ എട്ടു മത്സരങ്ങള്‍. ആറു വിജയവും രണ്ടു സമനിലയും. തോല്‍വിയില്ല. സിംബാബ്‌വെയില്‍ ആറു മത്സരങ്ങളില്‍ മൂന്നു ജയം രണ്ടു തോല്‍വി ഒരു സമനില.
ഇന്ത്യയുടെ 500ാം ടെസ്റ്റ് മത്സരം ആഘോഷിക്കുന്നതിന്റെ ഭാഗമായി ബി.സി.സി.ഐ മുന്‍ കാല താരങ്ങളെ കാണ്‍പൂരിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മുന്‍ നായകനും കോഴ വിവാദത്തെ തുടര്‍ന്നു 2000 മുതല്‍ വിലക്കു നേരിടുകയും ചെയ്ത മുഹമ്മദ് അസ്ഹറുദ്ദീനും ക്ഷണമുണ്ട്.
വിവാദമുണ്ടായ ശേഷം ആദ്യമായാണ് അസ്ഹറുദ്ദീനെ ബി.സി.സി.ഐ ഔദ്യോഗിക പരിപാടിക്കു ക്ഷണിക്കുന്നത്. സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രവി ശാസ്ത്രി, ശ്രീകാന്ത്, അനില്‍ കുംബ്ലെ, കപില്‍ ദേവ്, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ്, ധോണി തുടങ്ങിയവരും ചടങ്ങിനെത്തും.
കുംബ്ലെയുടെ പത്തില്‍ പത്ത്
1999 ഫെബ്രുവരി ഏഴാം തിയതി ഇപ്പോഴത്തെ ഇന്ത്യന്‍ പരിശീലകന്‍ അനില്‍ കുംബ്ലെ ടെസ്റ്റിന്റെ ഒരു ഇന്നിങ്‌സിലെ പത്തില്‍ പത്തു വിക്കറ്റും വീഴ്ത്തി ചരിത്രമെഴുതി. പാകിസ്താനെതിരേയായിരുന്നു കുംബ്ലെയുടെ പ്രകടനം. ഡല്‍ഹി ഫിറോസ് ഷാ കോട്‌ലയില്‍ അരങ്ങേറിയ മത്സരത്തില്‍ പാകിസ്താന്റെ രണ്ടാം ഇന്നിങ്‌സിലെ പത്തു വിക്കറ്റുകളാണ് 74 റണ്‍സ് വിട്ടുകൊടുത്ത് കുംബ്ലെ സ്വന്തമാക്കിയത്. ജിം ലേക്കര്‍ക്കു ശേഷം ഈ നേട്ടം സ്വന്തമാക്കിയ ഏക ബൗളറും കുംബ്ലെയായിരുന്നു.
ലക്ഷ്മണിന്റെ 281
ആസ്‌ത്രേലിയന്‍ അപ്രമാദിത്വത്തെ ചോദ്യം ചെയ്ത് വി.വി.എസ് ലക്ഷ്മണ്‍ നേടിയ 281 റണ്‍സ് ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ തങ്ക ലിപികള്‍ രേഖപ്പെടുത്തിയ ഇന്നിങ്‌സാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ പില്‍ക്കാലത്തെ കുതിപ്പിന് ഊര്‍ജമായി നിന്ന ബാറ്റിങ് മാസ്മരികതയായിരുന്നു ആ ഡബിള്‍ സെഞ്ച്വറി. 631 മിനുട്ടുകള്‍ ക്രീസില്‍ നിന്ന് 452 പന്തുകള്‍ നേരിട്ട് 44 ബൗണ്ടറികളുടെ അകമ്പടിയോടെ നേടിയ ഡബിള്‍ സെഞ്ച്വറി ടെസ്റ്റ് ചരിത്രത്തിലെ ഐതിഹാസിക ഇന്നിങ്‌സായി ഇന്നും വിലയിരുത്തപ്പെടുന്നു.
സെവാഗിന്റെ
മുള്‍ട്ടാനിലെ തീപ്പൊരി
ടെസ്റ്റില്‍ ആദ്യമായി ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരമെന്ന പെരുമ വീരേന്ദര്‍ സെവാഗ് സ്വന്തമാക്കിയ ഇന്നിങ്‌സ്. മുള്‍ട്ടാനിലെ പിച്ചിനെ തീപ്പിടിപ്പിച്ച ഇന്നിങ്‌സായിരുന്നു അത്. 39 ബൗണ്ടറികളും ആറു സിക്‌സറുകളും പറത്തി സെവാഗ് നേടിയത് 309 റണ്‍സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."