ഉള്‍കണ്ണിന്റെ കരുത്തില്‍ മുഹമ്മദലിയുടെ പശു പരിപാലനം
മാനന്തവാടി: അന്ധതക്കു മുന്നില്‍ കീഴടങ്ങാതെ മുഹമ്മദലിയുടെ അദ്ധ്വാനശീലം. വെള്ളമുണ്ട ആറുവാള്‍ പുഴക്കപ്പീടികയില്‍ വള്ളിയൂര്‍ക്കാവ് വീട്ടില്‍ മുഹമ്മദലിയാണ് ഉള്‍കണ്ണിന്റെ കരുത്തില്‍ പശു പരിപാലനത്തിലൂടെ ഉപജീവനം കണ്ടെത്തുന്നത്. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിലധികമായി രണ്ടു പശുക്കളെ പരിപാലിച്ചാണ് മുഹമ്മദലി കുടുംബം പുലര്‍ത്തുന്നത്. എന്‍ജിനിയറിങിന് പഠിക്കുന്ന മക്കളുടെ പഠന ചെലവും വഹിക്കുന്നതും ഇതില്‍ നിന്നാണ്. 53 വയസുള്ള മുഹമ്മദിന്റെ കണ്ണുകള്‍ക്ക് 90 ശതമാനം കാഴ്ചയും നഷ്ടപ്പെട്ടതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഞരമ്പുകള്‍ ദ്രവിച്ചില്ലാതാകുന്ന ചികിത്സയില്ലാത്ത അപൂര്‍വരോഗമാണ് ഇയാളെ ബാധിച്ചത്.
30 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മുഹമ്മദിന് രോഗം ബാധിച്ചത്. രോഗം വര്‍ധിച്ച് കാഴ്ച കൂടുതല്‍ കുറഞ്ഞതോടെ പഴയത് പോലെ എല്ലാ ജോലികളും ചെയ്യാന്‍ കഴിയാതെയായി. മീനങ്ങാടി സ്വദേശിയായിരുന്ന മുഹമ്മദലിയും കുടുംബവും താമസം വെള്ളമുണ്ട ആറുവാളിലേക്ക് മാറിയതോടെയാണ് പശുപരിപാലന രംഗത്തേക്കെത്തിയത്. ഒരു സംഘടന നല്‍കിയ പശുവിലൂടെയായിരുന്നു തുടക്കം. പിന്നീട് കാഴ്ച ശക്തി ക്രമേണ കുറെഞ്ഞങ്കിലും പശു വളര്‍ത്തലില്‍ നിന്നും പിന്നോട്ട് പോയില്ല. ഇപ്പോള്‍ രണ്ടു മുന്തിയ ഇനം പശുക്കളാണ് മുഹമ്മദലിയുടെ തൊഴുത്തിലുള്ളത്. പത്തു ശതമാനം മാത്രം കാഴ്ച വെച്ചുകൊണ്ടാണ് മുഹമ്മദലി ഇവയെ പരിപാലിക്കുന്നത്. പശുവിനെ കുളിപ്പിക്കാനും ആലവൃത്തിയാക്കാനും മാത്രമല്ല തൊട്ടടുത്ത റബര്‍ തോട്ടത്തില്‍ നിന്നും റോഡരികില്‍ നിന്നും പുല്ല് ശേഖരിച്ച് നല്‍കാനും മുഹമ്മദലിയുടെ അകക്കണ്ണുകള്‍ക്ക് കഴിയുന്നു.
നിലവില്‍ 27 ലിറ്ററോളം പാല്‍ ലഭിക്കുന്നുണ്ട്. പാല്‍ ക്ഷീര സംഘത്തിന്റെ സംഭരണ കേന്ദ്രത്തിലെത്തിക്കുന്നതും ഇദ്ദേഹം തന്നെയാണ്. ഭാര്യ സുഹറയുടെ സഹായം മാത്രമാണ് മുഹമ്മദലി പശു പരിപാലനത്തിനായി ആശ്രയിക്കാറുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."