ദലിത് വേട്ടക്കെതിരെ ആഹ്വാനവുമായി സ്വാഭിമാന സംഗമം
കണ്ണൂര്‍: ഗുജറാത്തിലെ ഉനയില്‍ സംഘപരിവാര്‍ നടത്തുന്ന ദലിത് പീഡനത്തിനെതിരേ പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) കണ്ണൂരില്‍ സ്വാഭിമാന സംഗമം സംഘടിപ്പിച്ചു. ഉനയില്‍ ഗോസംരക്ഷണ സേനയുടെ അക്രമത്തിനിരയായ ദലിത് യുവാക്കള്‍ സംഗമത്തിനെത്തിയത് ചടങ്ങിന് ആവേശമായി. വക്ഷ്‌റാം സര്‍വയ്യ, കിഷോര്‍ സംഘട്ട്, ജീത്തു സര്‍വയ്യ, ദലിത് യുവാക്കളുടെ പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന കേവല്‍ സിങ് റാത്തോഡ്, സഞ്ജയ് സഗ്ധര്‍വ, ഗുജറാത്തിലെ മാധ്യമപ്രവര്‍ത്തകന്‍ കലീം സിദ്ദീഖി എന്നിവരാണു കണ്ണൂരിലെത്തിയത്. ഗുജറാത്ത് കലാപത്തിലെ വേട്ടക്കാരനും പിന്നീടു തെറ്റു തിരുത്തുകയും ചെയ്ത അശോക് മോച്ചിയും ചടങ്ങിലത്തെി. ഉനയില്‍ പരമ്പരാഗതമായി ചത്ത പശുവിന്റെ തോല്‍ സംസ്‌കരിക്കുന്ന ജോലിയിലേര്‍പ്പെട്ട ദലിതരെ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ഗോസംരക്ഷണ സേനക്കാര്‍ മര്‍ദിക്കുന്ന വീഡിയോയും സംഗമത്തില്‍ പ്രദര്‍ശിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. അരാഷ്ട്രീയവാദികളാണു ദലിത് ബുദ്ധിജീവികളായി ടെലിവിഷന്‍ ചാനലുകളില്‍ നിറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. അത്തരം ബുദ്ധിജീവികള്‍ ദലിതരുടെ അഭിവൃദ്ധിക്കു പോരാടുന്നതിനു പകരം ഭിന്നതയുടെ സ്വരമുയര്‍ത്തുകയാണ്. ഉനയില്‍ നടന്ന അതിക്രൂര ദലിത് വേട്ടയാണു സംഗമം സംഘടിപ്പിക്കാനാധാരം. പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ച ജിഗ്‌നേഷ് മേവാനിയെ ആരോ തെറ്റിദ്ധരിപ്പിച്ചാണ് അദ്ദേഹം പിന്‍മാറിയത്. അതുകൊണ്ടൊന്നും പരിപാടിയുടെ ശോഭ കെട്ടുപോകില്ലെന്നും ജയരാജന്‍ വ്യക്തമാക്കി. പി.കെ.എസ് ജില്ലാ പ്രസിഡന്റ് ടി പവിത്രന്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് എസ് അജയകുമാര്‍, ജില്ലാ സെക്രട്ടറി ഇ ഗംഗാധരന്‍, എം പ്രകാശന്‍, എന്‍ ചന്ദ്രന്‍, സഹീദ് റൂമി സംസാരിച്ചു.
x
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."