ആത്മഹത്യാ ശ്രമം നടത്തി രക്ഷപ്പെട്ട പ്രതി പൊലിസ് പിടിയിലായി
കാഞ്ഞങ്ങാട്: ആശുപത്രിയില്‍ നിന്നു പൊലിസിനെ വെട്ടിച്ചു കടന്നു കളഞ്ഞ പ്രതി ഒടുവില്‍ പിടിയിലായി. പരപ്പ കനകപ്പള്ളിയിലെ പരേതനായ ചന്ദ്രന്റെ മകന്‍ കുഞ്ഞിക്കണ്ണനെയാണ് (32) കഴിഞ്ഞ ദിവസം രാത്രി വെള്ളരിക്കുണ്ട് പൊലിസ് പിടികൂടിയത്. വെള്ളരിക്കുണ്ടിലെ മദ്യവില്‍പ്പന ശാലയ്ക്ക് മുന്നില്‍ നിന്നു പിടിയിലായ ഇയാളെ അര്‍ദ്ധരാത്രി തന്നെ ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി.
നിലവിലുള്ള കേസുകള്‍ക്ക് പുറമേ ആത്മഹത്യാ ശ്രമത്തിനും ചികിത്സയില്‍ കഴിയവേ ആശുപത്രിയില്‍ നിന്നും മുങ്ങിയതിനുമായി രണ്ടു കേസുകള്‍ കൂടി ഇയാള്‍ക്കെതിരേ പൊലിസ് രജിസ്റ്റര്‍ ചെയ്തു.
അടിപിടി കേസുകള്‍ ഉള്‍പ്പെടെ ഒന്നിലധികം കേസുകള്‍ ഇയാളുടെ പേരില്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വാറണ്ടായ കുഞ്ഞിക്കണ്ണനെ പിടികൂടാന്‍ പലതവണ പൊലിസ് ശ്രമിച്ചെങ്കിലും ഇയാളെ കണ്ടു കിട്ടിയില്ല.
തുടര്‍ന്ന് ഇയാളുടെ ഫോണില്‍ വിളിച്ച് പിറ്റേ ദിവസം രാവിലെ സ്റ്റേഷനില്‍ എത്താന്‍ പൊലിസ് ഇയാള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ സ്റ്റേഷനിലെത്തിയ ഇയാള്‍ താന്‍ വിഷം കഴിച്ചതായി പറയുകയും അവിടെ കുഴഞ്ഞു വീഴുകയുമായിരുന്നു. ജില്ലാ ആശുപത്രിയില്‍ വച്ചാണ് ഇയാള്‍ കടന്നുകളഞ്ഞത്.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രതിയുടെ മൊബൈല്‍ പ്രവര്‍ത്തിക്കുന്നതായി മനസിലായി. എന്നാല്‍ ഇവിടെയെത്തിയ പൊലിസിനു ലഭിച്ചത് ഒരു ഓട്ടോ ഡ്രൈവറെയാണ്. അയ്യായിരം രൂപയോളം വിലവരുന്ന ഇയാളുടെ ഫോണ്‍ 2500 രൂപക്ക് ഓട്ടോ ഡ്രൈവര്‍ക്ക് വിറ്റതിനു ശേഷം ഈ തുക ഉപയോഗിച്ച് ഹൊസ്ദുര്‍ഗിലെ ബീവറേജ് ഔട്ട് ലെറ്റില്‍ നിന്നും മദ്യം വാങ്ങി രാത്രി കിഴക്കന്‍ മലയോരത്തേക്ക് മുങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."