ബൈപാസ്; ഇരകള്‍ക്ക് പത്തിനകം നഷ്ടപരിഹാരം
നിലമ്പൂര്‍: ബൈപാസ് നിര്‍മാണത്തിലെ ഒന്നാംഘട്ട നിര്‍മാണവുമായി ബന്ധപ്പെട്ട് ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരം അടുത്തമാസം പത്തിനകം നല്കാന് തീരുമാനം. ജില്ലാ കലക്ടറുമായി എം.എല്‍.എ പി.വി.അന്‍വറും ഭൂവുടമ പ്രതിനിധികളും ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
ഭൂമി ഏറ്റെടുക്കല്‍ വിഭാഗത്തില്‍ നിന്നും ഭൂമി വില നിര്‍ണയം സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് കലക്ടര്‍ക്ക് കൈമാറും. തുടര്‍ നടപടികള്‍ക്കുശേഷം 15 ദിവസത്തിനകം തുക കൈമാറാനാണ് തീരുമാനമെടുത്തിരിക്കുന്നത്. പ്രധാന ബൈപാസിനായി ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരം വൈകുന്നത് ഭൂഉടമകളെ ഏറെക്കാലമായി ദുരിതത്തിലാക്കിയിട്ടുണ്ട്.
ഒന്നാം ഘട്ടമായ ഓ.സി.കെ മുതല്‍ വീട്ടിക്കുത്ത് വരെയുള്ള ഭാഗം നിര്‍മാണം തുടങ്ങിയിട്ടും തുക നല്‍കാത്തത് ആശങ്കക്കിടയാക്കിയിരുന്നു. ജൂലൈ മാസം 27 ന് ഭൂഉടമകള്‍ പൊതുമരാമത്ത് ഓഫിസില്‍ കുത്തിയിരുപ്പ് സമരം നടത്തുകയും തുടര്‍ന്ന് എം.എല്‍.എ ഇടപെട്ടതിനെ തുടര്‍ന്ന് അന്നത്തെ കലക്ടറുമായി ചര്‍ച്ച നടത്തി രണ്ടു മാസത്തിനകം തുക നല്‍കാനുള്ള നടപടികളെടുക്കമെന്നും പറഞ്ഞിരുന്നു.
നഷ്ടപരിഹാരം നല്‍കുന്നതിനുള്ള തുക ലാന്‍ഡ് അക്വസിഷന്‍ തഹസില്‍ദാറുടെ അക്കൗണ്ടിലേക്ക് നേരത്തെ തന്നെ മാറ്റിയിരുന്നു. എന്നാല്‍ വില നിര്‍ണയത്തിലെ അപാകത പരിഹരിക്കണമെന്ന കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തുക കൈമാറല്‍ നീണ്ടു പോവുകയായിരുന്നു. 7 ഏക്കറോളം ഭൂമിയാണ് 49 കുടുംബങ്ങളില്‍ നിന്നായി ഒന്നാം ഘട്ട നിര്‍മാണത്തിനായി ഏറ്റെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."