തുണിയുരിഞ്ഞു പ്രതിഷേധിച്ച പരിശീലകര്‍ക്ക് വിലക്ക്
ഉലാന്‍ബാറ്റര്‍: റിയോ ഒളിംപിക്സ് ഗുസ്തി മത്സരത്തിനിടെ വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ച രണ്ടു മംഗോളിയന്‍ പരിശീലകര്‍ക്ക് അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന് വിലക്കേര്‍പ്പെടുത്തി. മംഗോളിയന്‍ പരിശീലകരായ സെരന്ബാറ്റര് സോഗ്ബയര്, ബ്യാംബരിഞ്ചന് ബയാര എന്നിവരെ മൂന്നു വര്‍ഷത്തേക്കാണ് ഫെഡറേഷന് സസ്പന്‍ഡ് ചെയ്തത്. 2019 ഓഗസ്റ്റ് വരെ ഇരുവര്‍ക്കും അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. മംഗോളിയന്‍ ദേശീയ ഗുസ്തി ഫെഡറേഷന് ഇരുവര്‍ക്കും 50,000 സ്വിസ് ഫ്രാന്‍സ് പിഴയും ചുമത്തിയിട്ടുണ്ട്.
റിയോ ഒളിംപിക്സ് വെങ്കല മെഡല്‍ മത്സരത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ഉസ്ബെകിസ്താന്‍ താരം ഇഖ്ത്യോര്‍ നവ്രുസോവും മംഗോളിയന്‍ താരം ഗാന്‍സോറിജിന്‍ മന്ദാക്രാനരനും തമ്മിലുള്ള വെങ്കല മെഡല്‍ മത്സരം 7-7നു സമനിലയില്‍ നില്‍ക്കെ മത്സരം അവസാനിച്ചാല്‍ മംഗോളിയന്‍ താരത്തിനു വെങ്കലം ലഭിക്കും. മത്സരം അവസാനിക്കുന്നതിനു പത്തു സെക്കന്‍ഡ് മുന്‍പ് മംഗോളിയന്‍ താരം ആഘോഷം നടത്തി ഉസ്ബെക് താരത്തിനു പിടി നല്‍കാതെ ഗോദയ്ക്ക് ചുറ്റും ഓടി വിജയം ആഘോഷിച്ചു. ഇതിനെതിരേ ഉസ്ബെക് താരം പരാതി നല്‍കിയതോടെ ഒരു പോയിന്റ് അനുവദിക്കാന്‍ റഫറിമാര്‍ തീരുമാനിച്ചു. ഇതോടെ എട്ടു പോയിന്റുമായി വെങ്കലം ഉസ്ബെക് താരം സ്വന്തമാക്കി. വെങ്കല മെഡല്‍ നഷ്ടപ്പെട്ടതാണ് പരിശീലകരെ ചൊടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."