പശുക്കടവ് ദുരന്തം; അപകടമേഖലകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു
കുറ്റ്യാടി: കുറ്റ്യാടിപ്പുഴയിലെ അപകടമേഖലകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും സുരക്ഷാസംവിധാനങ്ങളും ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. പശുക്കടവ് കടന്തറപ്പുഴയില്‍ ആറു യുവാക്കള്‍ മലവെള്ളപ്പാച്ചിലില്‍ ദാരുണമായി മരണമടഞ്ഞ പശ്ചാത്തലത്തിലാണ് നാട്ടുകാര്‍ ഈ ആവശ്യവുമായി രംഗത്തുവന്നത്.
കുറ്റ്യാടി മലയോരത്തെ ഏകദേശം എല്ലാ പുഴകളിലും അപകടക്കെണികള്‍ പതിയിരിക്കുന്നുണ്ട്. ചെങ്കുത്തായ പാറക്കൂട്ടങ്ങളും ആഴക്കയങ്ങളും വഴുപ്പുള്ള പാറകളും മൂന്നാള്‍ ആഴമുള്ള കുഴികളും മേഖലയിലെ അപകടത്തെയാണ് അറിയിക്കുന്നത്. എന്നാല്‍ ഇത്തരം അപകടസാധ്യതകള്‍ അറിയാതെ അപരിചിതര്‍ വെള്ളത്തിലിറങ്ങുമ്പോഴാണ് മിക്ക അപകടങ്ങളും സംഭവിക്കുന്നത്. ഇല്യാനിപ്പുഴയും നൊമ്പാടിപ്പുഴയും സംഗമിക്കുന്ന ഭാഗത്താണ് കെ.എസ്.ഇ.ബി മിനിജല വൈദ്യുതി പദ്ധതിക്കുവേണ്ടി ചെക്ക് ഡാം നിര്‍മിച്ചിട്ടുള്ളത്. ഇവിടെ നിന്നാണ് കടന്തറപ്പുഴ താഴ്ഭാഗത്തേക്ക് ഒലിച്ചിറങ്ങുന്നത്. പുഴയിലെ ഏറെ അപകടസാധ്യതയുള്ള ഇവിടെ മുന്നറിയിപ്പ് ബോര്‍ഡുകളൊന്നും സ്ഥാപിപ്പിച്ചിട്ടില്ല. വയനാട് അതിര്‍ത്തിയോടു ചേര്‍ന്ന വനാന്തര്‍ഭാഗങ്ങളില്‍ മഴ പെയ്യുമ്പോള്‍ കടന്തറപ്പുഴയില്‍ വെള്ളപ്പൊക്കവും കുത്തൊഴുക്കുമുണ്ടാവുമെന്നു മുന്നറിയിപ്പു നല്‍കാനും ഇവിടെ സംവിധാനങ്ങളില്ല.
പുറമെ, ജാനകിക്കാട്ടിന് സമീപമുള്ള കരിനാനക്കയവും ചവറമുഴിപ്പുഴയിലെ ചതിക്കുഴികളും കുറ്റ്യാടിപ്പുഴയുടെ വിവിധ ഭാഗങ്ങളിലുള്ള മണല്‍ക്കുഴികളും ഏറെ അപകടക്കെണിയൊരുക്കുന്നുണ്ട്. കുറ്റ്യാടിപ്പുഴയിലെ ഇത്തരമൊരു മണല്‍ക്കുഴിയിലാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ചു കുട്ടികളുടെ ജീവന്‍ പൊലിഞ്ഞത്.
ഒഴിവുസമയങ്ങളില്‍ നൂറുകണക്കിന് സഞ്ചാരികള്‍ ജാനകിക്കാട്ടില്‍ എത്താറുണ്ട്. ഇവിടെ വനത്തിനോട് ചേര്‍ന്ന പുഴയിലാണ് പലരും കുളിക്കാനിറങ്ങുന്നത്. പുഴയുടെ ആഴത്തെക്കുറിച്ച് യാതൊരു മുന്‍ധാരണയുമില്ലാതെയാണ് പുറത്തുനിന്നെത്തുന്നവര്‍ പുഴയിലിറങ്ങി ചാടിത്തിമിര്‍ക്കുന്നത്.
എന്നാല്‍ പുഴയില്‍ ഇറങ്ങുന്നവര്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകളോ സുരക്ഷാസംവിധാനങ്ങളോ ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിലില്ല. ഇവിടെയും നാട്ടുകാരുടെ മുന്നറിയിപ്പ് മാത്രമാണ് ഏക ആശ്രയം. പലപ്പോഴും സഞ്ചാരികള്‍ ഇത്തരം മുന്നറിയിപ്പുകള്‍ അവഗണിക്കുകയാണ്. അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും സുരക്ഷാസംവിധാനങ്ങളും മുന്നറിയിപ്പ് സംവിധാനങ്ങളും ഒരുക്കാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."