ജൈവ പച്ചക്കറി കൃഷി; നൂറുമേനി വിളയിച്ച് ചേകാടി ഹരിത കുടുംബം
ചേകാടി: ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിഷം തളിച്ച പച്ചക്കറികള്‍ ഉപയോഗിക്കുന്നത് മാരകമായ രോഗങ്ങള്‍ക്ക് ഇടയാക്കുമെന്ന സന്ദേശമുള്‍ക്കൊണ്ട് പുല്‍പ്പള്ളി സര്‍വിസ് സഹകരണ ബാങ്കിന്റെയും ചേകാടി ഹരിത കുടുംബത്തിന്റെയും നേതൃത്വത്തില്‍ ഹൈബ്രിഡ് പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളയിച്ച് മാതൃകയാവുകയാണ് ചേകാടിയിലെ കര്‍ഷകര്‍.
ഹരിത സംഘത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്ത തക്കാളി, മത്തന്‍, വഴുതന, ചീര, ബീന്‍സ്, പടവലം, കാരറ്റ്, മുളക്, കാബേജ്, കോളിഫ്ളവര്‍, വെണ്ട തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്. ഇവര്‍ക്ക് സാമ്പത്തിക സഹായം നല്കാന് ബാങ്ക് തയാറായതോടെയാണ് കൃഷിയിലേക്കിറങ്ങാന് കര്‍ഷകര്‍ക്ക് പ്രേരണയായത്. കൃഷിവകുപ്പിന്റെ നിര്‍ദേശാനുസരണം ഹരിത കുടുംബത്തിന്റെ പ്രസിഡന്റു കൂടിയായ അജയ്യന്റെ നേതൃത്വത്തിലായിരുന്നു വീട്ടുമുറ്റത്ത് തന്നെ പോളിത്തീന്‍ ബാഗുകളിലാക്കി പച്ചക്കറി കൃഷി ആരംഭിച്ചത്. ആദ്യമായി കര്‍ഷകര്‍ ആരംഭിച്ച പച്ചക്കറി കൃഷി മികച്ച വിളവ് ലഭിച്ചതോടെ പാഴായി കിടന്ന പാടങ്ങളില്‍ കൂടുതല്‍ കര്‍ഷകരെ സംഘടിപ്പിച്ച് ജൈവ പച്ചക്കറികൃഷി ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. ഇവര്‍ക്കായി സാമ്പത്തിക സഹായം നല്‍കാനും ബാങ്ക് നടപടി സ്വീകരിച്ചിട്ടുണ്ട്. ഇവിടുന്ന് വിളവെടുക്കുന്ന ജൈവ പച്ചക്കറികള്‍ക്ക് ഉയര്‍ന്ന വില ലഭിക്കുന്നതിന് സംഘത്തിന്റെ നേതൃത്വത്തില്‍ തന്നെ സ്റ്റാളുകള്‍ ആരഭിച്ച് വില്‍പ്പന നടത്തുന്നതിനും ആവശ്യാനുസരണം വീടുകളില്‍ പച്ചക്കറികള്‍ എത്തിച്ച് നല്കുന്നതിനുമുള്ള പദ്ധതികള്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."