ജില്ലാ മേജര്‍ റോഡില്‍ പാലം ഇപ്പോഴും മൈനര്‍
രാജപുരം: റോഡുകള്‍ക്കൊപ്പം പാലങ്ങളും വീതി കൂട്ടി ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുമ്പോള്‍ ഒടയംചാല്‍ മുത്തപ്പന് മഠപ്പുരയ്ക്ക് സമീപത്തെ പാലം ഇനിയും പഴയ നിലയില്‍. നന്നേ വീതി കുറഞ്ഞതും കൈവരികള്‍ തകര്‍ന്നതുമായ പാലം അപകടം വിളിച്ചു വരുത്തുന്ന തരത്തിലാണുള്ളത്.
ഒടയംചാല്‍ ചെറുപുഴ ജില്ലാ മേജര്‍ റോഡില്‍ ആദ്യം കിട്ടുന്ന പാലം കൂടിയാണ്. ഒടയംചാല്‍ ടൗണില്‍ നിന്നു 200 മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പാലമാണ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകടക്കെണിയൊരുക്കുന്നത്. ബ്രിട്ടിഷുകാരുടെ കാലത്ത് നിര്‍മിച്ച ഈ പാലത്തിലൂടെ കഷ്ടിച്ച് ഒരു വാഹനത്തിനു മാത്രമേ കടന്നുപോകാന്‍ കഴിയൂ. പാലത്തിന്റെ കൈവരികളാണെങ്കില് ദ്രവിച്ച നിലയിലുമാണ്.
പാലം കടക്കുന്നതിനു മുന്‍പു വാഹനങ്ങള്‍ കടന്നുവന്നാല്‍ കാല്‍നടയാത്രക്കാര്‍ക്ക് ജീവനും കൊണ്ട് ഓടുകയാണ് ഏക മാര്‍ഗം. ദിവസങ്ങള്‍ക്ക് മുന്‍പു സ്കൂട്ടര്‍യാത്രക്കാരായ രണ്ടു സ്ത്രീകള്‍ക്ക് ഇവിടെ നടന്ന അപകടത്തില്‍ പരുക്കുപറ്റിയിരുന്നു. അപകടപരമ്പര അരങ്ങേറുന്ന ഈ സ്ഥലത്ത് മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പോലും അധികൃതര്‍ ശ്രമിച്ചിട്ടില്ല. റോഡിന്റെ വികസനത്തോടൊപ്പം പാലവും പുതുക്കിപ്പണിയാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."