ഡിഫ്തീരിയയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കുത്തിവയ്പ്പ് നടത്തി
ചാവക്കാട്: ഡിഫ്ത്തീരിയ രോഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പുന്നയൂരില്‍ മൊത്തം 900 പേര്‍ക്ക് കുത്തിവയ്പ്പ് നടത്തി. പുന്നയൂര്‍ പഞ്ചായത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ഡിഫ്ത്തീരിയ സ്ഥീരികരിച്ചതിനെ തുടര്‍ന്നുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടി പഠിച്ച സ്‌കൂളില്‍ മാത്രമായി മൊത്തം 350 കുട്ടികള്‍ക്കാണ് കുത്തിവെപ്പ് നടത്തിയത്. ഡിഫ്ത്തീരിയ സ്ഥിരീകരിച്ച വിദ്യാര്‍ഥി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപപത്രിയിലെ ചികിത്സക്കു ശേഷം രോഗം പൂര്‍ണ്ണമായി ഭേദമായി.
എന്നാല്‍ ഈ കുട്ടിക്ക് രോഗം ഏത് വഴിക്കാണ് പകര്‍ന്നതെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് വ്യക്തമായ ഒരു തീരമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. ഡിഫ്ത്തീരിയ രോഗ ബാധയുള്ള ചിലര്‍ക്ക് അതിന്റെ ലക്ഷണം കാണിക്കാനാവില്ലെന്നതും അതേസമയം ഇയാള്‍ക്ക് മറ്റുള്ളവരിലേക്ക് രോഗം പകര്‍ത്താനാകുമെന്നതുമാണ് അധികൃതരെ കുഴക്കുന്നത്. ചിലയാളുകളില്‍ ഇത്തരം രോഗ ബാധയുണ്ടായാല്‍ ആഴ്ച്ചകളോളം അതിന്റെ ഒരു ലക്ഷണവും പുറത്തു കാണിക്കാതെയുമിരിക്കുമെന്നതും പ്രതിരോധ കുത്തിവെപ്പ് നടപടി നിര്‍ബന്ധമാക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നു.
നേരത്തെ പന്ത്രണ്ടുകാരനായ വിദ്യാര്‍ഥിക്ക് രോഗം കണ്ടെത്തിയ വിവരമറിഞ്ഞയുടനെ കുട്ടിയുമായി ഇടപഴകിയ ബന്ധുക്കള്‍ക്കും അയല്‍പക്കക്കാര്‍ക്കും പഠിച്ച മത, ഭൗതിക വിദ്യാലയങ്ങളിലെ സഹപാഠികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നടത്തിയിരുന്നു.
ഇതിനിടയില്‍ തുടര്‍ച്ചയായി വന്നത്തെിയ അവധി ദിനങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനത്തിനു തടസ്സമായി. വിദ്യാര്‍ഥി പഠിക്കുന്ന വിദ്യാലയത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 1120 കുട്ടികളാണ് പഠിക്കുന്നത്. ഇവിടെ ഹയര്‍ സെക്കന്ററി തലത്തിലും 600 ഓളം വിദ്യാര്‍ഥികളുണ്ട്.
ഇവരില്‍ പലരും മതപാഠസാലയില്‍ നിന്നും ആശുപത്രിയില്‍ നിന്നും വീടുകളില്‍ നിന്നും പ്രതിരോധ കുത്തിവെപ്പെടുത്തവരാണ്. ഇതിന്റെ കൃത്യമായ കണക്ക് ശേഖരിച്ചിട്ടില്ല. സ്‌കൂളില്‍ പഠിക്കുന്നവരില്‍ തന്നെ പുന്നയൂര്‍ പഞ്ചായത്തിനു പുറത്ത് നിന്നുള്ളവരുമുണ്ട്. അതിനാലാണ് സ്‌കൂള്‍ കേന്ദ്രീകരിച്ച് കുത്തിവെപ്പ് നടത്തുന്നത്. ഇന്നലെ അവധി ദിനമായിട്ടും എടക്കഴിയൂര്‍ പ്രാഥമികരോഗ കേന്ദ്രത്തില്‍ കുത്തിവെപ്പ് നടത്തിയിരുന്നു.
നാല് പേര്‍ക്ക് ഡിഫ്ത്തിരിയക്കെതിരെയുള്ള കുത്തിവെപ്പും 120 പേര്‍ക്ക് പതിവ് പ്രതിരോധ കുത്തിവെപ്പുമെടുത്തിട്ടുണ്ട്. മുതിര്‍ന്നവരെ ഒഴിവാക്കി കുട്ടികള്‍ക്ക് മാത്രമായാണ് ഇപ്പോള്‍ കുത്തിവെപ്പ് നടത്താനാലോചിക്കുന്നതെന്നും സൂചനയുണ്ട്. പ്രതിരോധ കുത്തിവെപ്പിനുള്ള മരുന്നു വേണ്ടത്രയില്ലാത്തതാണ് കാരണം. മരുന്ന് ലഭിക്കുന്ന മുറക്ക് മുതിര്‍ന്നവര്‍ക്കും കുത്തിവെപ്പ് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."