ഒളിംപിക് മെഡല്‍ ജേതാക്കള്‍ക്ക് കേരളത്തിന്റെ ആദരം; ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞ് സിന്ധുവും സാക്ഷിയും
തിരുവനന്തപുരം: ആവേശം നിറഞ്ഞ ചടങ്ങില്‍ ഒളിംപിക്സ് മെഡല്‍ ജേതാക്കളായ പി.വി സിന്ധുവിനും സാക്ഷി മാലിക്കിനും കേരളത്തിന്റെ സ്നേഹോഷ്മള വരവേല്‍പ്പ്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലാണ് പ്രൗഢോജ്വല സ്വീകരണം ഒരുക്കിയത്. മെഡല്‍ ജേതാക്കളായ പി.വി. സിന്ധുവും, സാക്ഷി മാലിക്കും കേരളം നല്കിയ സ്നേഹത്തിനു ഹൃദയം നിറഞ്ഞ് നന്ദി പറഞ്ഞു. കുടുംബത്തോടൊപ്പമാണ് താരങ്ങള്‍ കേരളത്തിന്റെ സ്നേഹ വരവേല്‍പ്പ് ഏറ്റുവാങ്ങിയത്.
കേരളം കായിക മേഖലയില്‍ പ്രതീക്ഷ നല്കുന്ന സംസ്ഥാനമാണെന്ന് പി.വി സിന്ധുവിന്റെ പരിശീലകന് ഗോപീചന്ദ് പറഞ്ഞു. സാക്ഷി മാലിക്കിന്റെ പരിശീലകന് മന്ദീപും സംസാരിച്ചു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്. സിന്ധുവിന് 50 ലക്ഷവും, സാക്ഷിക്ക് 25 ലക്ഷവും പരിശീലകര്‍ക്ക് യഥാക്രമം പത്ത്, അഞ്ച് ലക്ഷം രൂപ പാരിതോഷികമായി നല്കി.
അതേസമയം മെഡല്‍ ജേതാക്കള്‍ക്കു സ്വീകരണം നല്കിയ ചടങ്ങില്‍ നിന്നു മുഖ്യമന്ത്രി പിണറായി വിജയന് അവസാന നിമിഷം പിന്മാറി. എന്നാല്‍, പിന്നീട് മുഖ്യമന്ത്രിയുടെ സ്വ വസതിയില്‍ ഒളിംപ്യന്മാര്ക്ക് സ്വീകരണം നല്കി. ഇന്നലെ വൈകിട്ട് വസതിയിലൊരുക്കിയ സ്വീകരണത്തില്‍ പി.വി സിന്ധുവും, ഗോപീചന്ദും പങ്കെടുത്തു. സാക്ഷി മാലിക്ക് പങ്കെടുത്തില്ല.
ചടങ്ങില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന് അവാര്‍ഡ് വിതരണം ചെയ്തു. കെ.ടി.ഡി.സി ചെയര്മാന് എം. വിജയകുമാര്‍ അധ്യക്ഷനായി. പ്രമുഖ വ്യവസായ ഗ്രൂപ്പായ മുക്കാടന്സാണ് പാരിതോഷികം സ്പോണ്സര് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."