ഭാര്യയുടെ കൈ തല്ലിയൊടിച്ചു; ഭര്‍ത്താവിനെതിരേ അന്വേഷണത്തിന് ഉത്തരവ്
ആയൂര്‍: ഭാര്യയുടെ കൈകള്‍ തല്ലിയൊടിച്ചെന്ന കേസില്‍ ഭര്‍ത്താവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ റൂറല്‍ എസ്.പി അജിതാബീഗം ഉത്തരവിട്ടു. ചെറിയവെളിനല്ലൂര്‍ ജോമോന് വിലാസത്തില്‍ ലിസിയുടെ കൈകള്‍ തല്ലിയൊടിച്ച കേസിലാണ് ഭര്‍ത്താവ് രാധാകൃഷ്ണനെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. കുടുംബവുമായി പിണങ്ങി സഹോദരിയോടൊപ്പം താമസിച്ചുവന്ന രാധാകൃഷ്ണന് കഴിഞ്ഞ ഏഴിന് ചെറിയവെളിനല്ലൂരിന് സമീപം റേഷന്‍ കടയില്‍പോയി സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കുവന്ന ലിസിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നെന്നാണ് കേസ്. അക്രമത്തില്‍ ലിസിയുടെ ഇരുകൈകള്‍ക്കും പരുക്കേറ്റിരുന്നു. സംഭവദിവസംതന്നെ ലിസിയും മക്കളും ചേര്‍ന്ന് ചടയമംഗലം പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലിസ് തയാറായില്ല. തുടര്‍ന്ന് ലിസിയുടെ മക്കളായ ജോമോനും ജോഷിയും റൂറല്‍ എസ്.പിക്ക് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിക്കാന്‍ കടയ്ക്കല്‍ സി.ഐക്ക് എസ്.പി നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."