ആദ്യ കാര്‍ വിമുക്ത ദിനം നാളെ കൊച്ചിയിലെ കാറില്ലാ വീഥിയായി പനമ്പള്ളിനഗറിനെ മാറ്റുന്നു
കൊച്ചി: ചരിത്രത്തിലാദ്യമായി കൊച്ചിയും കാര്‍വിമുക്ത ദിവസത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുന്നു. നാളെ ഉച്ചയ്ക്ക് രണ്ട് മുതല്‍ ആറ് മണിവരെയാണ് നഗരത്തിലെ ഏറ്റവും മനോഹരവും തിരക്കേറിയതുമായ വീഥികളിലൊന്നായ പനമ്പിള്ളിനഗര്‍ റോഡ് കുട്ടികളും പ്രായം ചെന്നവരും സ്ത്രീകളും അംഗപരിമിതരും കയ്യേറുക. കൊച്ചി നഗരസഭ, കൊച്ചി മെട്രോ റെയില്‍, ഇസാഫ്, രാജഗിരി കോളെജ് ഓഫ് സോഷ്യല്‍ സയന്‍സസ്, പനമ്പള്ളി നഗര്‍ വെല്‍ഫെയര്‍ അസ്സോസിയേഷന്‍, കൊച്ചി സിറ്റി പോലീസ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ആഗോളവ്യാപകമായി ആഘോഷിക്കപ്പെടുന്ന കാര്‍വിമുക്തദിനത്തെ കൊച്ചിയിലേയ്ക്കും കൊണ്ടുവരുന്നത്.
മോട്ടോര്‍ വാഹന ഉപയോഗം കുറയ്ക്കുന്നതിനും പൊതുഗതാഗത സംവിധാനങ്ങളും മോട്ടോര്‍ വിമുക്ത ഗതാഗതവും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് കാര്‍ വിമുക്തദിനം ലോകമെങ്ങും ആചരിച്ചു വരുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് മേയര്‍ സൗമിനി ജയിന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയുടെ ഭാഗമായി ചുമര്‍ ചിത്രരചന, ബോധവല്‍ക്കരണ പരിപാടി, സൈക്കിള്‍ റാലി, സൈക്കില്‍ സ്‌ലോ റേസ്, വിവിധ നാടന്‍ കളികള്‍, എയ്‌റോബിക്‌സ്, തെരുവ് നാടക മത്സരങ്ങള്‍, കളരി, യോഗ, കരാട്ടെ തുടങ്ങിയവയാണ് പനമ്പിള്ളി നഗര്‍ റോഡില്‍ അരങ്ങേറുക. അങ്ങനെ വാഹനങ്ങള്‍ പുകതുപ്പി ഇരമ്പിപ്പായുന്ന പനമ്പിള്ളിനഗര്‍ റോഡ് നാലു മണിക്കൂര്‍ നേരത്തേയ്ക്ക് കുട്ടികളും വയോജനങ്ങളും സ്ത്രീകളും അംഗപരിമിതരും കൈയേറും.
രാജഗിരി ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ സൗജന്യ വൈദ്യപരിശോധനയും കാര്‍വിമുക്തദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ജീവിതശൈലി രോഗങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കാല്‍നടയാത്രയുടെയും സൈക്ലിങ്ങിന്റെയും പ്രസക്തി ഏറെയാണ്.
കുട്ടികള്‍, വയോജനങ്ങള്‍, സ്ത്രീകള്‍, അംഗപരിമിതര്‍ എന്നിവരെക്കൂടി പരിഗണിക്കുന്ന തരത്തില്‍ നഗരനിര്‍മ്മാണം സാധ്യമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കും ലോക കാര്‍ വിമുക്തദിനം വിരല്‍ചൂണ്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."