പെരുമ്പടപ്പില്‍ പട്ടാപ്പകല്‍ യുവാവിനെ അജ്ഞാത സംഘം കുത്തി
മട്ടാഞ്ചേരി: പെരുമ്പടപ്പ് കെ കരുണാകരന്‍ റോഡില്‍ യുവാവിനെ അഞ്ജാതസംഘം കുത്തി പരുക്കേല്‍പ്പിച്ചു. പെരുമ്പടപ്പ് കുപ്പക്കാട്ട് വീട്ടില്‍ ജോണ്‍ റോഷന്‍ (22)നാണ് കുത്തേറ്റത്. ഇടതു തുടയ്ക്ക് കുത്തേറ്റ ഇയാളെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം. വീട്ടില്‍ നിന്നും ജോലിക്കായി ബൈക്കില്‍ വരുമ്പോള്‍ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തു നില്‍ക്കുകയായിരുന്ന മൂന്നംഗ സംഘം ബൈക്ക് തടഞ്ഞ് നിര്‍ത്തി ഹെല്‍മറ്റ് കൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു.
സംഭവം എന്തന്നറിയാതെ റോഷന്‍ ഉറക്കെ നിലവിളിച്ചു വെങ്കിലും അക്രമികള്‍ പിന്‍മാറിയില്ല. ആളുകള്‍ ദൂരേ നിന്ന് ഓടിയെത്തിയപ്പോഴേക്കും ഇവര്‍ എത്തിയ വാഹനത്തില്‍ കടന്നു കളയുകയായിരുന്നു.
മുറിവ് ആഴത്തിലുള്ളതിനാല്‍ അടിയന്തിര ശസ്ത്രക്രിയക്കു വിധേയനാക്കി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പള്ളുരുത്തി പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."