തമിഴ്‌നാട്ടിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വിനോദസഞ്ചാരികളെ കൊള്ളയടിക്കുന്നു
വി.എം.ഷണ്‍മുഖദാസ്
പാലക്കാട്: ലോകഭൂപടത്തില്‍ ഇടം നേടിയ പറമ്പിക്കുളം കടുവാസങ്കേതത്തിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റ് നിര്‍മിച്ചു തമിഴ്‌നാട്ടിലെ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വിദേശത്തെയും സ്വദേശത്തെയും വിനോദ സഞ്ചാരികളെ കൊള്ളയടിക്കുന്നു.
കേരള വനംവകുപ്പ് ഇക്കോ ടൂറിസത്തിന്റെ ഭാഗമായി നടത്തുന്ന വിവിധ ടൂര്‍ പാക്കേജുകളുടെ പേരില്‍ ഓണ്‍ലൈന്‍ ബുക്കിങ് നടത്തി സഞ്ചാരികളില്‍ നിന്ന് രണ്ടും മൂന്നും ഇരട്ടി തുക മുന്‍കൂര്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി കൈപറ്റിയശേഷം പറമ്പിക്കുളത്തു വന്ന് താമസിക്കാനുള്ള മുറികള്‍ ബുക്ക് ചെയ്ത് കൊടുക്കുകയാണ് ചെയ്തു വരുന്നത്.പറമ്പിക്കുളം ഡോട്ട് ഓര്‍ഗ്()എന്നതാണ് കേരളാ വനം വകുപ്പിന്റെ ഒഫിഷ്യല്‍ വെബ് വിലാസം. എന്നാല്‍ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറമ്പിക്കുളംഡോട്ട് ഇന്‍ എന്നപേരില്‍ വെബ്‌സൈറ്റ് ഉണ്ടാക്കി പറമ്പിക്കുളം ടൈഗര്‍ റിസര്‍വിലേക്കുള്ള താമസം, പ്രവേശനം തുടങ്ങിയവയ്ക്ക് ഓണ്‍ലൈന്‍ ബുക്കിങ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരേ പേരിലുള്ള വെബ്‌സൈറ്റ് ആയതിനാല്‍ പുറത്തു നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് എളുപ്പം തിരിച്ചറിയാനും പറ്റാറില്ല.
ഇത് മുതലെടുക്കുകയാണ് സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍. വനം വകുപ്പ് നേരിട്ട് ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങിയിട്ടില്ലെന്നും അതിനുള്ള നടപടികള്‍ ആരംഭിച്ചതായും പറമ്പിക്കുളം ഡെപ്യൂട്ടി ഫീല്‍ഡ് ഡയറക്ടര്‍ ബി.എന്‍.അഞ്ജന്‍ കുമാര്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു. ഈ കൊള്ള കേരളത്തിലെ വനം വകുപ്പ് അധികൃതര്‍ ഇതുവരെ അറി ഞ്ഞിരുന്നില്ല. കഴിഞ്ഞ മാസം കേരളത്തിന് പുറത്തുള്ള ഒരു ടീം വിനോദ സഞ്ചാരത്തിനെത്തിയപ്പോഴാണ് കൊള്ള പുറത്തായത്. ഇവിടുത്തെ 5000രൂപയുടെ പാക്കേജിന് സ്വകാര്യ വ്യക്തികള്‍ 25000 രൂപ വരെ ഈടാക്കാറുണ്ട്. പറമ്പിക്കുളത്തിന്റെ താഴ്‌വാരത്തുള്ള വേട്ടക്കാരന്‍ പുതൂരിലെ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍ക്കെതിരേ ഇതു സംബന്ധിച്ച് പരാതിയുമുണ്ട്. ഈ ടൂര്‍ ഓപ്പറേറ്ററുടെ ഒരു സഹോദരന്‍ തമിഴ്‌നാട് ജലസേചന വകുപ്പിലെ പറമ്പിക്കുളത്തെ ഉന്നത ഉദ്യോഗസ്ഥനാണ്. ഇതിന്റെ ബലത്തില്‍ പറമ്പിക്കുളത്തെ കേരളത്തിന്റെ വനഭാഗങ്ങളില്‍ സമാന്തര ടൂറിസം നടത്താന്‍ ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്.
ഇത് തടഞ്ഞ പറമ്പിക്കുളം ഫീല്‍ഡ് ഡയറക്ടര്‍ക്കെതിരേയും മറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേയും പോസ്റ്ററുകള്‍ പതിച്ചും നേരിട്ട് ഭീഷണിപ്പെടുത്തിവരികയുമാണ്. ഈ ഉദ്യോഗസ്ഥനെതിരേ തമിഴ്‌നാട് വനംവകുപ്പും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് അയച്ചതായും അറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."