തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതി സമര്‍പ്പണം ഇനിയും പൂര്‍ത്തിയായില്ല
മലപ്പുറം: വാര്‍ഷികപദ്ധതി സമര്‍പ്പിക്കാനുള്ള സമയം പിന്നിട്ടിട്ട് ദിവസങ്ങളായെങ്കിലും സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി സമര്‍പ്പണം പൂര്‍ത്തിയായില്ല. 2016-17 വര്‍ഷത്തേക്കുള്ള വാര്‍ഷികപദ്ധതികള്‍ തയാറാക്കി ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം വാങ്ങുന്ന പ്രവൃത്തിയാണ് ഇനിയും പൂര്‍ത്തിയാകാത്തത്. വാര്‍ഷികപദ്ധതി സമര്‍പ്പണം പൂര്‍ത്തിയാക്കി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങുന്നതിനുള്ള അവസാന തിയതി ഈമാസം ഒന്‍പതിനായിരുന്നു.
എന്നാല്‍ പല തദ്ദേശ സ്ഥാപനങ്ങളും ഇപ്പോഴും അംഗീകാരം നേടിയിട്ടില്ല. ചിലയിടങ്ങളില്‍ പദ്ധതി രൂപീകരണം ഇപ്പോഴും മന്ദഗതിയിലാണ്. ഗ്രാമപഞ്ചായത്തുകളെ അപേക്ഷിച്ച് കോര്‍പറേഷനുകളും മുനിസിപ്പാലിറ്റികളുമാണ് ഏറെ പിറകിലുള്ളത്. സംസ്ഥാനത്ത് ആകെയുള്ള ആറ് കോര്‍പറേഷനുകളില്‍ ആറും ഇതുവരെ വാര്‍ഷികപദ്ധതി സമര്‍പ്പിച്ചിട്ടില്ല. 87 മുനിസിപ്പാലിറ്റികളില്‍ സെപ്റ്റംബര്‍ ഒന്‍പതിന് മുന്‍പ് അംഗീകാരം നേടിയത് 52 എണ്ണമാണ്. അതിനുശേഷം ഏഴെണ്ണവും അംഗീകാരം നേടിയിട്ടുണ്ട്. എന്നാല്‍ 28 നഗരസഭകള്‍ക്ക് ഇതുവരെ അംഗീകാരം നേടാനായിട്ടില്ല.
അതേസമയം വാര്‍ഷികപദ്ധതി അംഗീകാരം നേടിയെടുക്കാത്ത തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്ന സംസ്ഥാന കോര്‍-ഓര്‍ഡിനേഷന്‍ സമിതിയുടെ തീരുമാനം ഇത്തരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയാവും.
സെപ്റ്റംബര്‍ ഒന്‍പതിനും 30 നും ഇടയില്‍ പദ്ധതി സമര്‍പ്പിച്ച് അംഗീകാരം വാങ്ങുന്ന സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ നിന്ന് അഞ്ച് ശതമാനം കുറവ് വരുത്താനും സെപ്റ്റംബര്‍ 30ന് ശേഷമാണ് അംഗീകാരം വാങ്ങുന്നതെങ്കില്‍ പദ്ധതി തുകയുടെ 10 ശതമാനം വെട്ടിച്ചുരുക്കാനുമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോര്‍-ഓര്‍ഡിനേഷന്‍ സമിതിയുടെ തീരുമാനം. നിശ്ചിത ദിവസത്തിനകം അംഗീകാരം നേടാത്തവര്‍ക്ക് ലക്ഷക്കണക്കിനു രൂപയാണ് ഇതുമൂലം നഷ്ടമാവുക.
ഇതിന്റെ അടിസ്ഥാനത്തില്‍ ഒന്‍പതിന് ശേഷം അംഗീകാരം നേടിയ ചേര്‍ത്തല, കളമശേരി, കരുനാഗപ്പള്ളി, കൊടുവള്ളി, കൊട്ടാരക്കര, നെയ്യാറ്റിന്‍കര, നോര്‍ത്ത്പറവൂര്‍ എന്നീ നഗരസഭകള്‍ക്ക് പദ്ധതി തുകയുടെ അഞ്ച് ശതമാനം നഷ്ടമാകും. അംഗീകാരം വൈകിപ്പിച്ചവരുടെ നിശ്ചിത ശതമാനം തുക വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതോടെ മുന്‍കൂട്ടി തയാറാക്കിയ പല പദ്ധതികളും ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഉപേക്ഷിക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."