അധികൃതരുടെ അവഗണന പേറി ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രം
കുറ്റ്യാടി: ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രം അധികൃതരുടെ അവഗണനയില്‍. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ 2008ലാണ് കുറ്റ്യാടി വനമേഖലയില്‍പെട്ട മരുതോങ്കര പഞ്ചായത്തിലെ 150 ഏക്കറോളം വനഭൂമിയില്‍ വനം-ടൂറിസം വകുപ്പുകള്‍ സഹകരിച്ച് ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കിയത്.
2008ല്‍ അന്നത്തെ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. വിനോദസഞ്ചാരികള്‍ക്കു പുറമേ വിദ്യാര്‍ഥി പഠനസംഘങ്ങളായും എന്‍.സി.സി, എന്‍.എസ്.എസ് ക്യാംപുകളായും കൂടുതല്‍പേര്‍ ജാനകിക്കാട്ടില്‍ എത്തിയിരുന്നു. മധ്യവേനലവധിക്കാലത്തും മറ്റ് ഒഴിവുവേളകളിലും നൂറുകണക്കിനു സഞ്ചാരികളാണ് ജാനകിക്കാട്ടില്‍ എത്തുന്നത്.
കാടിനോടു ചേര്‍ന്ന ചവറമൂഴിപ്പുഴയില്‍ സഞ്ചാരികള്‍ക്ക് ഉല്ലാസയാത്ര നടത്തുന്നതിനു വേണ്ടി നിര്‍മിച്ച മുളച്ചങ്ങാടങ്ങളും കാട്ടിനുള്ളിലെ വിശ്രമകേന്ദ്രങ്ങളും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മുള്ളന്‍കുന്നില്‍ നിന്ന് ജാനകിക്കാട്ടിലേക്കുള്ള റോഡില്‍ വനാതിര്‍ത്തിയില്‍ കൊത്തുപണികളാല്‍ അലങ്കൃതമായ പ്രധാന പ്രവേശനക്കവാടവും കാലപ്പഴക്കത്താലും അറ്റകുറ്റപ്പണി നടത്താത്തതിനാലും തകര്‍ന്നുതുടങ്ങിയിട്ടുണ്ട്. മുള്ളന്‍കുന്നില്‍ നിന്ന് ജാനകിക്കാട്ടിലേക്കുള്ള പ്രധാന റോഡും കുഴി നിറഞ്ഞു ദുര്‍ഘടമായ നിലയിലാണ്.
കാടിനുള്ളിലേക്കുള്ള പ്രവേശന ഫീസായി ഒരാളില്‍ നിന്ന് 30 രൂപയാണു വനംവകുപ്പ് ഈടാക്കുന്നത്. ഇതിനായി ഒരു ടോള്‍ബൂത്തും വനം സംരക്ഷണ സമിതിയുടെ രണ്ടു താല്‍ക്കാലിക ജീവനക്കാരും ഒരു ടൂറിസ്റ്റ് ഗൈഡും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വനം സംരക്ഷണ സമിതി പ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ചു വനത്തിനുള്ളിലേക്കു കടക്കുന്ന സാമൂഹ്യവിരുദ്ധര്‍ ഇവിടെ അനാശാസ്യകേന്ദ്രമാക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ജാനകിക്കാട് സംരക്ഷിക്കുന്നതിനും ഇക്കോ ടൂറിസം പദ്ധതി വിപുലപ്പെടുത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത് ഭരണസിമിതിയും വനം-ടൂറിസം വകുപ്പുകളും തയാറാകുന്നില്ലെന്നു നാട്ടുകാര്‍ ആക്ഷേപിക്കുന്നു.
ജനവാസ കേന്ദ്രത്തിനു മധ്യത്തിലുള്ള കാട്ടില്‍ നിന്നു പുറത്തിറങ്ങുന്ന കാട്ടുമൃഗങ്ങള്‍ കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നതു തടയാനും വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്നു പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."