നടന്നു നടന്ന് ഒരാള്‍..
തന്നെ ഭൂമിയിലേക്ക് ജനിപ്പിച്ചത് എന്തിനാണ് എന്ന ചോദ്യത്തിന് രാജേന്ദ്രന് ഒരു ഉത്തരം മാത്രം. നടക്കാന്‍. നടന്ന് ജീവിതം എന്തെന്ന് പഠിപ്പിക്കാന്‍. അതൊരു ജീവിത സാഫല്യമാക്കാന്‍. കേരളം അതിരിടുന്ന പാറശ്ശാലയ്ക്ക് അടുത്ത് തളച്ചാന്‍വിള സ്വദേശി ചെല്ലയ്യന്‍ മകന്‍ രാജേന്ദ്രന്‍ ഇത് പറയുന്നത് നടന്നുകൊണ്ടാണ്. അതും ശരവേഗത്തില്‍. തിരുവനന്തപുരം-കന്യാകുമാരി ദേശീയപാതയിലൂടെ പായുന്ന ഈ നിറ യൗവനം തന്റെ ജീവിതത്തിലൂടെ അത് ശരി വയ്ക്കുന്നു. നമ്മള്‍ കാണുന്ന അപൂര്‍വതയില്‍ അപൂര്‍വം ചിലരില്‍ ഒരാള്‍.
♦ ആരാണ് രാജേന്ദ്രന്‍
തമിഴ്‌നാടുമായി കേരളം അതിരിടുന്ന പാറശ്ശാല കളിയിക്കാവിളയ്ക്ക് അടുത്ത് തളച്ചാന്‍ വിളയില്‍ ചെല്ലയ്യന്റെയും പൊന്നമ്മയുടെയും മകനായ രാജേന്ദ്രന്‍ ഇന്ന് നാടിന്റെ ഓമനയാണ്. 55 വയസുള്ള രാജേന്ദ്രനെ(കണ്ടാല്‍ 34) പ്രശസ്തനാക്കുന്നത് അയാളുടെ നടത്തമാണ്. നടക്കാന്‍ കുട്ടിക്കാലത്തേ വലിയ താല്‍പര്യമായിരുന്നു. എന്നാല്‍ പഠിക്കാന്‍ അധികം താല്‍പര്യം തോന്നാത്തതിനാല്‍ സ്‌കൂളില്‍ നടന്നുപോകാത്തതിന്റെ കുറ്റബോധം ഇപ്പോള്‍ രാജേന്ദ്രനുണ്ട്. എന്നാലും നടത്തത്തെ ഇഷ്ടപ്പെട്ടു. അതിനാല്‍ തന്നെ എവിടയെും പോകുന്നത് നടന്നാണ്. അടുത്തായാലും ദൂരത്തായാലും. കഴിഞ്ഞ 30 വര്‍ഷമായി ബസിലും മറ്റു വാഹനങ്ങളിലും കയറാത്ത, നടത്തത്തെ ഇഷ്ടപ്പെടുന്ന രാജേന്ദ്രന് അങ്ങനെയാണ് നടത്തം രാജേന്ദ്രന്‍ എന്ന പേരു വീണത്. അതിനാല്‍ രാജേന്ദ്രന് ബസ് കൂലി കൂട്ടിയാലും ഇന്ധനവില വര്‍ധിപ്പിച്ചാലും ഒരു പ്രശ്‌നമേയല്ല.
♦♦ തിരിച്ചറിയേണ്ട കഴിവ്
രാജേന്ദ്രന്റെ കാലുകളുടെ വേഗം മണിക്കൂറില്‍ 15 കിലോമീറ്റര്‍. ദൂരം കൂടുന്നതിന് അനുസരിച്ച് വേഗതയും വര്‍ധിക്കും. ഇപ്പോള്‍ റിയോ ഒളിംപിക്‌സ് കഴിഞ്ഞ ആവേശമാണല്ലോ. അവിടെയാണ് രാജേന്ദ്രന്റെ അപൂര്‍വത ഒരു നഷ്ടമാകുന്നത്. കഴിഞ്ഞ ലണ്ടന്‍ ഒളിംപിക്‌സില്‍ നടത്തത്തില്‍ സ്വര്‍ണം നേടിയ ചൈനയിലെ ചെന്‍ഡിങ്ങിന്റെ വേഗത 20 കിലോമീറ്റര്‍ നടക്കാന്‍ ഒരു മണിക്കൂര്‍ 18 മിനിറ്റ് വേണം. അതിന് മുന്‍പുള്ള ജേതാവ് റഷ്യക്കാരന്‍ സെര്‍ഗി മോറോസോവിന്റെ റെക്കോര്‍ഡ് ഒരു മണിക്കൂര്‍ 16 മിനിറ്റാണ്. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഗുര്‍ഗീത് സിങ്ങിന്റെ വേഗത 20 കിലോ മീറ്റര്‍ നടക്കാന്‍ വേണ്ടത് ഒരു മണിക്കൂര്‍ 22 മിനിറ്റാണ്. ഇവിടെയാണ് രാജേന്ദ്രന്‍ എന്ന വ്യക്തിയുടെ കഴിവ് മനസിലാക്കേണ്ടത്. രാജ്യത്തിന് നഷ്ടമായ ഒരു കായിക പ്രതിഭയുടെ വില കൂടി ഇവിടെ തിരിച്ചറിയേണ്ടതുണ്ട്. പാറശ്ശാലയില്‍ നിന്ന് തലസ്ഥാനത്ത് എത്താന്‍ രാജേന്ദ്രന് വേണ്ടത് ഒന്നര മണിക്കൂര്‍. തിരക്കേറിയ റോഡിലൂടെ വാഹനത്തില്‍ എത്തുന്നതിനും മുന്‍പ് രാജേന്ദ്രന്‍ എത്തിയതിന് എത്രയോ തെളിവുകള്‍.
കേരളത്തിലെയും തമിഴ്‌നാട്ടിലെയും മിക്ക സ്ഥലങ്ങളിലും രാജേന്ദ്രന്‍ സഞ്ചരിച്ചിട്ടുണ്ട്. എല്ലാം കാല്‍നടയായി. ഒരിടത്തും വെറുതെയിരിക്കാന്‍ രാജേന്ദ്രന് ഇഷ്ടമില്ല. വെറുതെയിരിക്കുന്ന സമയത്ത് കുറേ നടക്കാം എന്നതാണ് കാഴ്ചപ്പാട്. അതിനാല്‍ തന്നെ യാത്ര പോകും. ഹര്‍ത്താലും ബന്ദും വരുമ്പോള്‍ രാജേന്ദ്രന്‍ വിജനമായ നിരത്തിലൂടെ ഒരു പിടുത്തമാണ്. വാഹനങ്ങളെ പേടിക്കാതെ പോകാം. ഒന്നുകില്‍ കന്യാകുമാരി, അല്ലെങ്കില്‍ തിരുവനന്തപുരം.
♦♦♦ നാടിന്റെ അഭിമാനം
സ്ഥിരം നടക്കുന്നതിനാല്‍ രാജേന്ദ്രന് ഏറെ പരിചയക്കാരുണ്ട്. എത്രയോ പേരെ പരിചയപ്പെട്ട രാജേന്ദ്രന്‍ അതാണ് പ്രിയമായി കാണുന്നതും. നടത്തനെന്ന പേര് നല്‍കി നാട്ടുകാര്‍ ഏറെ കാലം മുഖ്യധാരയില്‍ നിന്ന് അകറ്റിനിറുത്തിയിരുന്നു. മയക്കുമരുന്നിന്റെ അടിമയെന്നും മാനസികരോഗിയെന്നും പറഞ്ഞ് മാറ്റിനിറുത്തപ്പെട്ട രാജേന്ദ്രന്‍ ഇപ്പോള്‍ നാട്ടുകാരുടെ പ്രിയപ്പെട്ടവനായി മാറിയത് കാലത്തിന്റെ കളിയാകാം. നാടിന്റെ അഭിമാനമായി മാറിയിരിക്കുന്നു ഇപ്പോള്‍ ഈ നടത്തം.
♦♦♦♦ ഇനി ഗിന്നസ് റെക്കോര്‍ഡ്
നാട്ടില്‍ നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് രാജേന്ദ്രന്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. കണ്ണൂര്‍ മുനിസിപ്പാലിറ്റി നടത്തിയ കേരളോത്സവത്തില്‍ പ്രത്യേക അതിഥിയായി എത്തി സമ്മാനങ്ങള്‍ നേടി. അന്ന് തിരുവനന്തപുരത്തു നിന്ന് കണ്ണൂര്‍ വരെ പോയത് നടന്നായിരുന്നു. ശ്രീലങ്കയില്‍ ആഭ്യന്തരകലാപം നടക്കുന്ന സമയത്താണ് രാജേന്ദ്രന്‍ തന്റെ വേറിട്ട സമാധാന യജ്ഞം നടത്തിയത്. ശ്രീലങ്കയിലെ തമിഴ് വംശജരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ 2009ല്‍ ഒരു നടത്തം സംഘടിപ്പിച്ചു. കളിയിക്കാവിള നിന്ന് ചെന്നൈ വരെ നടന്നു.
755 കിലോമീറ്റര്‍ ദൂരം. എട്ടു പകലുകള്‍ കൊണ്ട് നടന്ന് ചെന്നൈയില്‍ എത്തുമ്പോള്‍ വന്‍ സ്വീകരണമാണ് അവിടെ ലഭിച്ചത്. തിരികെയും നടന്നാണ് വന്നത്. സമ്മാനം വാങ്ങാന്‍ യോഗ സ്ഥലത്തു പോയതും നടന്നാണ്. കഴിഞ്ഞ 35 വര്‍ഷമായി തുടരുന്ന സപര്യയ്ക്ക് അര്‍ഹിക്കുന്ന ഒരു അംഗീകാരം കിട്ടാന്‍ കാത്തിരിക്കുകയാണ് ഈ മനുഷ്യന്‍. ഗിന്നസ് റെക്കോര്‍ഡ് ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു.
♦♦♦♦♦ സമാധാന യാത്ര
തന്റെ നടത്തത്തിലൂടെ മാനവികതയുടെ സന്ദേശം എത്തിക്കണമെന്നാണ് രാജേന്ദ്രന്റെ മോഹം. അതിനാല്‍ വന്‍ നടത്തത്തിന്റെ ആലോചനയിലാണ് ഇയാള്‍. കന്യാകുമാരിയില്‍ നിന്ന് കശ്മിര്‍ വരെ സമാധാനത്തിന്റെ സന്ദേശവുമായി ഒരു യാത്ര. അതിനുള്ള സാമ്പത്തിക ശേഷി രാജേന്ദ്രനില്ല. ആരെങ്കിലും സഹായത്തിന് എത്തുമെന്ന പ്രതീക്ഷയിലാണ് രാജേന്ദ്രന്‍.
♦♦♦♦♦♦ ദൗര്‍ബല്യങ്ങള്‍
ജീവിതത്തില്‍ ദൗര്‍ബല്യങ്ങള്‍ ഉള്ളവരായി ആരാണ് ഇല്ലാത്തത്. പാവം രാജേന്ദ്രനും അതുണ്ട്. ചെരുപ്പുകള്‍. അതാണ് ദൗര്‍ബല്യം. നടത്തത്തിന് തടസംകേടാവുന്ന ചെരുപ്പുകള്‍. ഏതു തരം ചെരുപ്പുകള്‍ വാങ്ങിയാലും അതു രണ്ടാഴ്ചയ്ക്കുള്ളില്‍ തേഞ്ഞുതീരും. പുതിയവ വാങ്ങാനുള്ള പണം സ്വരൂപിക്കുക, അതാണ് അടുത്ത ശ്രമം. ചായ അതൊരു ഹരമാണ്. ദിവസവും 25 ചായയെങ്കിലും അകത്താക്കും. ദൂരത്തിന് അനുസരിച്ച് ചായകളുടെ എണ്ണവും കൂടും. മത്സ്യവും ഇറച്ചിയും അധികം കഴിക്കാറില്ല. പച്ചക്കറികളോടാണ് അധിക താല്‍പര്യം. ഉച്ചയ്ക്ക് ചോറ് ഒഴിവാക്കുന്നതാണ് പതിവ്. ആഹാരം എത്ര കുറച്ച് കഴിക്കുന്നുവോ അത്രയും നടത്തത്തില്‍ വേഗത കിട്ടുമെന്നാണ് രാജേന്ദ്രന്റെ പക്ഷം. മാത്രമല്ല നടത്തം തന്നെയാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നും ഇയാള്‍ പറയുന്നു. അത് രാജേന്ദ്രനെ കാണുമ്പോള്‍ വ്യക്തമാകും.
:arrow: കൂലിവേല തന്നെ ശരണം
ജീവിക്കാന്‍ കൂലിവേല തന്നെ ശരണം. രണ്ടാഴ്ച കൂലിപ്പണിയെടുക്കും. അപ്പോള്‍ കിട്ടുന്ന തുകയില്‍ ഒരംശം നിത്യവൃത്തിക്ക്. കൂടുതല്‍ തുക വിനിയോഗിക്കുന്നത് ചെരിപ്പുകള്‍ വാങ്ങാന്‍ തന്നെ. പഞ്ചായത്ത് നല്‍കിയ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. നടത്തത്തിനിടയില്‍ ദാമ്പത്യം നഷ്ടമായതിന്റെ വേദനയുമില്ല. താന്‍ ജനിച്ചതു തന്നെ നടക്കാനാണ് എന്നാണ് രാജേന്ദ്രന്‍ പറയുന്നത്. അതിനാല്‍ കുടുംബജീവിതം ഒറ്റയ്ക്ക് തീര്‍ക്കുന്നു.
ആരെങ്കിലും കനിയുമോ
നടത്തത്തിലൂടെ സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം പരത്തുന്ന രാജേന്ദ്രന്‍ തന്റെ മോഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ആരു സഹായിക്കുമെന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്. ചെരുപ്പുകള്‍, അതാണ് അത്യാവശ്യം.
നടത്തം ആരോഗ്യത്തിന് സഹായിക്കുമെന്ന സത്യം നിലനില്‍ക്കെ അത് പ്രാവര്‍ത്തികമാക്കുകയും അതിലൂടെ ചില സന്ദേശങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്ന ഈ കൂലിപ്പണിക്കാരനെ സഹായിക്കാന്‍ കരങ്ങള്‍ ഉയരുമെന്ന ഉറച്ച വിശ്വാസത്തിലാണ് രാജേന്ദ്രന്‍.
പാടുമ്പോള്‍ മരിക്കണമെന്ന് പാട്ടുകാരും അഭിനയിക്കുമ്പോള്‍ അരങ്ങത്ത് മരിച്ചുവീഴണമെന്ന് അഭിനേതാക്കളും ആഗ്രഹം പുലര്‍ത്തുമ്പോള്‍ നടക്കുമ്പോള്‍ മരിച്ചുവീഴുക എന്ന സ്വപ്നവും പേറി നടക്കുകയാണ് നടത്തം രാജേന്ദ്രന്‍, സമതലങ്ങളും ദേശീയപാതകളും ഒക്കെ താണ്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."