റേഷന്‍ സാധനങ്ങളുമായി വന്ന ലോറി യൂനിയന്‍ തൊഴിലാളികള്‍ തടഞ്ഞതായി പരാതി
കൊട്ടാരക്കര: പനവേലി ജങ്ഷനില്‍ എ.ആര്‍.ഡി പതിനൊന്നാം നമ്പര്‍ റേഷന്‍ കടയിലേക്ക് റേഷന്‍ സാധനങ്ങളുമായി വന്ന പിക്കപ്പ് ലോറി കോടതി ഉത്തരവ് ലംഘിച്ച് ബി.എം.എസ്, എ.ഐ.ടി.യു.സി യൂനിയന്‍ തൊഴിലാളികള്‍ തടഞ്ഞതായി പരാതി.
പനവേലി നെടിയവിള പുത്തന്‍വീട്ടില്‍ ബിനു സാമുവേലിന്റെ ഉടമസ്ഥതയിലുള്ള റേഷന്‍കടയിലേക്കാണ് വണ്ടിയെത്തിയത്. ഇന്നലെ വൈകിട്ട് മൂന്നോടെ രണ്ട് ലോറികളിലായി വന്ന റേഷന്‍ സാധനങ്ങളില്‍പ്പെട്ട ഒരു ലോറിയാണ് യൂനിയന്‍ തൊഴിലാളികള്‍ തടഞ്ഞിട്ട് കൊടിനാട്ടിയത്. റേഷന്‍ സാധനങ്ങള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ലോറി തടയാന്‍ കാരണമായി തൊഴിലാളികള്‍ കടയുടമയോട് പറഞ്ഞത്. വന്ന ലോഡ് തങ്ങള്‍ ഇറക്കുമെന്ന നിലപാടിലായിരുന്നു തൊഴിലാളികള്‍.
യൂനിയന്‍ തൊഴിലാളികള്‍ എത്തുന്നതിന് മുന്‍പ് ഒരു ലോഡ് സാധനങ്ങള്‍ ഇറക്കിയിരുന്നു. കടയിലെ ജീവനക്കാരാണ് സാധനങ്ങള്‍ ലോറിയില്‍ നിന്നും ഇറക്കിയത്. 2007-ല്‍ ഹൈക്കോടതിയില്‍ നിന്നും നെടിയവിള ഹാര്‍ഡ്‌വേഴ്‌സ്, റേഷന്‍ കട എന്നിവ സ്ഥിതിചെയ്യുന്ന കെട്ടിടത്തിലേക്ക് യൂനിയന്‍ തൊഴിലാളികള്‍ പ്രവേശിക്കുവാന്‍ പാടില്ലെന്നും ഇവിടെ വരുന്ന സാധന സമാഗ്രികള്‍ ഇറക്കുന്നതിനും കയറ്റുന്നതിനുമുള്ള അവകാശം കടയുടമകള്‍ക്കാണെന്നു ഉത്തരവിലുണ്ടെന്ന് കടയുടമകളായ ബിനു സാമുവേലും ബിജു സാമുവേലും പറയുന്നു. ഈ ഉത്തരവ് ലംഘിച്ചതിനാണ് കടയുടമകള്‍ പൊലസില്‍ പരാതി നല്‍കിയത്. ഇന്നലെ ഉച്ചയോടെ കൊട്ടാരക്കര എസ്.ഐ യുടെ മധ്യസ്ഥതയില്‍ ലോറിയിലുള്ള റേഷന്‍ സാധനങ്ങള്‍ യൂനിയന്‍ തൊഴിലാളികള്‍ തന്നെ ഇറക്കുകയായിരുന്നു.
കോടതി വിധി തല്‍സ്ഥിതി തുടരാനും യൂനിയന്‍ തൊഴിലാളികള്‍ക്ക് കോടതിവിധിയില്‍ ആക്ഷേപമുണ്ടെങ്കില്‍ ലേബര്‍ കോടതിയില്‍ സമീപിക്കാമെന്നുള്ള ഉറപ്പിലാണ് താല്‍കാലിക പരിഹാരം ഉണ്ടായത്. റേഷന്‍കടയുടമ താലൂക്ക് സപ്ലൈ ഓഫിസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."