വാര്‍ധക്യത്തെ കാര്‍ന്നു തിന്നുന്ന രോഗം
വാര്‍ധക്യത്തിലാണ് പ്രധാനമായും മറവിരോഗം വിരുന്നെത്തുന്നത്. സാധാരണ 65 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് രോഗം ബാധിക്കുന്നതെങ്കിലും 50 വയസ്സു കഴിയുമ്പോള്‍ തന്നെ രോഗം വന്ന ഒരുപാട് പേര്‍ നമുക്ക് ചുറ്റുമുണ്ട്. മാഹി സ്വദേശിയായ കാസിമിന് 55ാം വയസ്സിലാണ് മറവിരോഗം വേട്ടയാടുന്നത്. ദുബൈയിലായിരുന്ന കാസിം രണ്ടു വര്‍ഷം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തുന്നത്. മൂന്നു പെണ്‍കുട്ടികളെയും വിവാഹം കഴിച്ചയച്ച് നാട്ടില്‍ സ്വസ്ഥജീവിതം നയിക്കാനൊരുങ്ങുന്നതിനിടെയാണ് മറവിയും വിഷാദരോഗവും കാസിമിന്റെ ജീവിതം തകര്‍ക്കുന്നത്. അസുഖം ആരംഭിച്ച് ഏറെ നാളുകള്‍ക്കു ശേഷമാണ് മുഹമ്മദിന് അല്‍ഷിമേഴ്‌സാണെന്ന് ഭാര്യ തിരിച്ചറിയുന്നത്. അതിനിടെ വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ഭാര്യയെയും വേട്ടയാടിത്തുടങ്ങിയതോടെ കാസിമിനെ ബന്ധുക്കള്‍ അടുത്തുള്ള അല്‍ഷിമേഴ്‌സ് കെയര്‍ ഹോമിലാക്കി. ഇപ്പോള്‍ അവരുടെ തണലില്‍ ഓര്‍മകളില്ലാത്ത ലോകത്ത് അലയുകയാണ് കാസിം.
മറവിരോഗം കൂട്ടിനെത്തിയാല്‍
ഓര്‍മശക്തി പതിയെപ്പതിയെ കുറഞ്ഞു വരുന്നതാണ് അല്‍ഷിമേഴ്‌സ് രോഗത്തിന്റെ ആദ്യലക്ഷണം. അടുത്ത കാലത്ത് സംഭവിച്ച കാര്യങ്ങളാണ് അവര്‍ ആദ്യഘട്ടത്തില്‍ മറന്നു പോവുകയെന്ന്് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ന്യൂറോളജിസ്റ്റായ ഡോ. വര്‍ഷ പറയുന്നു. വ്യക്തികളുടെ പേരുകളും സ്ഥലപ്പേരുകളും ഓര്‍മിച്ചെടുക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെടും. ചെറിയ കണക്കുകള്‍ പോലും ചെയ്യാന്‍ പ്രയാസം അനുഭവപ്പെടുന്നതിനു പുറമെ ഭാഷയുമായി ബന്ധപ്പെട്ട കഴിവുകള്‍, സ്ഥലകാല ബോധം, ദൈനംദിന പ്രവൃത്തികള്‍ ചെയ്യുന്നതിനുള്ള കഴിവ് എന്നിവയെല്ലാം നഷ്ടമാകും. എങ്ങനെ പല്ലു തേക്കണമെന്നും മുടി ചീകണമെന്നും എങ്ങനെ വെളളം കുടിക്കണമെന്നും വരെ ഇത്തരം രോഗികള്‍ മറന്നു പോകുമെന്ന് അല്‍ഷിമേഴ്‌സ് രോഗികളെ പരിചരിക്കുന്ന മലബാര്‍ ഹാര്‍മണി ഹോമിലെ പ്രൊജക്ട് ഡയറക്ടറായ കെ.ജെ സ്റ്റീഫന്‍ ചൂണ്ടിക്കാട്ടുന്നു. സ്റ്റീഫന് ചുറ്റുമുള്ളവരില്‍ പലരും മറവിരോഗം മൂര്‍ച്ഛിച്ചവരാണ്. പല തരത്തിലുള്ള മിഥ്യാധാരണകള്‍ക്കും മിഥ്യാഭ്രമങ്ങള്‍ക്കുമൊപ്പമാണ് ഇവര്‍ ജീവിക്കുന്നത്. എപ്പോഴും വീടുവിട്ടിറങ്ങിപ്പോകാന്‍ ഇവര്‍ ശ്രമിച്ചു കൊണ്ടിരിക്കും. ചിലപ്പോള്‍ തങ്ങളുടെ സാധനങ്ങളും വസ്തുക്കളും മറ്റുള്ളവര്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് പരാതിപ്പെടും. ഇവര്‍ക്കാര്‍ക്കും സ്വന്തം കുടുംബാംഗങ്ങളെ തിരിച്ചറിയാനുള്ള കഴിവില്ല. ബന്ധുക്കള്‍ യഥാര്‍ഥത്തില്‍ അവരല്ല, മറ്റാരോ ആള്‍മാറാട്ടം നടത്തി വന്നിരിക്കുകയാണെന്ന് കരുതുന്നവരുമുണ്ട്. ചിലപ്പോള്‍ അനുചിതമായ ലൈംഗിക സ്വഭാവങ്ങളും ഇവര്‍ പ്രകടമാക്കും. മലബാര്‍ ഹാര്‍മണി ഹോമിലെ അന്തേവാസിയായ മേരി ടീച്ചര്‍ക്ക് ആകെ ഓര്‍മയുള്ളത് താന്‍ പഠിപ്പിച്ചിരുന്ന കല്ലായി സ്‌കൂളിന്റെ പേരും പഠിപ്പിച്ചിരുന്നത് ഇംഗ്ലീഷ് ആയിരുന്നു എന്നുമാണ്. എപ്പോള്‍ ആരു ചോദിച്ചാലും ഇതു രണ്ടും മേരി ടീച്ചര്‍ ഉന്മേഷത്തോടെ പറയും. മറ്റൊരു അന്തേവാസിയായ കമലമ്മ ഹാര്‍മണി ഹോമിലെത്തുന്ന എല്ലാവരോടും സ്‌നേഹത്തോടെ 'ചോറുണ്ടോ'ന്ന് തിരക്കും. ഓരോ പത്തു മിനിറ്റ് കഴിയുമ്പോഴും മുന്നില്‍ കാണുന്നവരോട് ഭക്ഷണം കഴിച്ചോന്ന് ചോദിക്കുന്ന കമലമ്മയ്ക്ക് മക്കള്‍ക്ക് ചോറു വെച്ചു കൊടുക്കുന്ന കാര്യം മാത്രമാണ് ഓര്‍മ്മയുള്ളത്. പഴയ പാട്ടു കേള്‍ക്കാന്‍ ഇവര്‍ക്കെല്ലാം വലിയ ഇഷ്ടമാണെന്നും പാട്ട് വച്ചു കൊടുത്താല്‍ കുറേ നേരം അനങ്ങാതെയിരിക്കുമെന്നും സ്റ്റീഫന്‍ പറയുന്നു.
പരിചരിക്കാന്‍ ഇവരുണ്ട് കൂടെ
മറവിരോഗികളെ പരിചരിക്കുക അത്യധികം വിഷമം പിടിച്ച കാര്യമാണ്. വളരെയധികം ക്ഷമയും മനസാന്നിധ്യവുമുള്ളവര്‍ക്കു മാത്രമേ അവരെ ശ്രുശൂഷിക്കാന്‍ സാധിക്കൂ. മാത്രമല്ല മുഴുവന്‍ സമയവും കണ്ണു തെറ്റാതെ ഇവരോടൊപ്പം ഇരിക്കുകയും വേണം. സാധാരണക്കാര്‍ക്കാര്‍ക്കും അതിന് സാധിക്കില്ല. ഇനി പണം ചിലവഴിച്ച് ഒരു ഹോം നഴ്‌സിനെ വയ്ക്കാമെന്നു വിചാരിച്ചാല്‍ അതും നടക്കില്ല. കാരണം അല്‍ഷിമേഴ്‌സ് രോഗികളെ പരിചരിക്കാന്‍ അധികമാരും തയാറാകില്ല. ഇന്നത്തെ അണു കുടുംബത്തിലുള്ളവര്‍ക്കാര്‍ക്കും മുഴുവന്‍ സമയവും ചിലവഴിച്ച് ക്ഷമയോടെ ഇവരെ പരിചരിക്കുക പ്രായോഗികമല്ല. ഇതിന് ആരെങ്കിലും സന്നദ്ധരായാല്‍ത്തന്നെ എങ്ങനെയാണ് അല്‍ഷിമേഴ്‌സ് രോഗികളോട്് ഇടപഴകേണ്ടത് എന്നറിയാതെ പലരും കുഴങ്ങും. രോഗിയുടെ ശരിയായ വിവരങ്ങള്‍, രോഗിയുടെ സവിശേഷതകള്‍ ഇവയെല്ലാം അറിഞ്ഞുകൊണ്ട് വേണം പരിചരിക്കാന്‍. രോഗിയുടെ മുഴുവന്‍ സമയ പരിചരണത്തിന് സമയം കിട്ടാതെ വരുന്നവര്‍ക്ക് ആശ്രയമായി അല്‍ഷിമേഴ്‌സ് ആന്റ് റിലേറ്റഡ് ഡിസോഡേഴ്‌സ് ഓഫ് ഇന്ത്യ എന്ന സംഘടനയുണ്ട്. അല്‍ഷിമേഴ്‌സ് രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സാന്ത്വനമേകാനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. ഇന്ത്യയില്‍ അല്‍ഷിമേഴ്‌സ് രോഗികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഏക സ്ഥാപനമാണിത്. ഇവരുടേതായി വിവിധ ജില്ലകളില്‍ രോഗീപരിചരണ കേന്ദ്രങ്ങള്‍ നിലവിലുണ്ട്. ഹാര്‍മണി ഹോം എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. മുഴുവന്‍ സമയ കേന്ദ്രങ്ങളും 'ഡേ കെയറു'കളും ഇതില്‍ ഉള്‍പ്പെടും. സ്‌കൂളില്‍ പോകുന്ന പോലെ പോയി വരാന്‍ സൗകര്യമുള്ള തരത്തിലാണ് ഡേ കെയറിന്റെ പ്രവര്‍ത്തനം.18 വര്‍ഷം മുന്‍പ് തൃശൂര്‍ സ്വദേശിയായ ഡോ. റോയിയാണ് എ.ആര്‍.ഡി.എസ്.ഐ എന്ന സംഘടന ആരംഭിക്കുന്നത്. അല്‍ഷിമേഴ്‌സ് രോഗിയായിരുന്ന അമ്മയുടെ മരണശേഷമാണ് മറവിരോഗത്താല്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കാനായി ഇത്തരമൊരു സംഘടനയ്ക്ക് രൂപം നല്‍കുന്നത്. ഇപ്പോള്‍ ഇന്ത്യയിലുടനീളം വേരുകളുള്ള ഒരു വടവൃക്ഷമായി ഈ സംഘടന വളര്‍ന്നു കഴിഞ്ഞു. ഇപ്പോള്‍ കേരളത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൂന്നു ഹാര്‍മണി ഹോമുകളാണുള്ളത്. കോഴിക്കോട്ടെ മലബാര്‍ ഹാര്‍മണി ഹോം, എറണാകുളത്തെ കൊച്ചിന്‍ ഹാര്‍ണി ഹോം. തൃശൂര്‍ ഹാര്‍മണി ഹോം എന്നിവയാണവ.
മലബാര്‍ ഹാര്‍ണി ഹോം
2007ലാണ് കോഴിക്കോട്ട് മറവിരോഗികള്‍ക്കായി മലബാര്‍ ഹാര്‍മണി ഹോം പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇപ്പോള്‍ കോഴിക്കോട് ബാലുശ്ശേരി റോഡിലെ വേങ്ങേരിയിലെ വാടകക്കെട്ടിടത്തിലാണ് മലബാര്‍ ഹാര്‍മണി ഹോം പ്രവര്‍ത്തിക്കുന്നത്. ആകെ ഒമ്പത് അന്തേവാസികളാണ് ഇവിടെയുള്ളത്. ഇവരില്‍ ബന്ധുക്കള്‍ ഉപേക്ഷിച്ചവരും നിവൃത്തികേടുകൊണ്ട് മക്കള്‍ നോക്കാനേല്‍പ്പിച്ചവരുമൊക്കെയുണ്ട്. ഒമ്പതു പേരില്‍ എട്ടു പേരും സ്ത്രീകളാണ്. ജാതിയോ മതമോ ലിംഗമോ പ്രായമോ ഇവര്‍ക്ക് അതിര്‍വരമ്പുകളിടുന്നില്ല. ഇവര്‍ക്ക് കൂട്ടായി ഒമ്പത് ജീവനക്കാരും സദാ സന്നദ്ധകായുണ്ട്. കണ്ണൂര്‍ സ്വദേശിയായ കെ.ജെ സ്റ്റീഫനാണ് ഇവരെ നയിക്കുന്നത്. 18 വയസ്സു മുതല്‍ കഷ്ടപ്പെടുന്നവര്‍ക്കായി ജീവിച്ച അദ്ദേഹമാണ് മറവി ജീവിതം തകര്‍ത്ത ഈ ഒന്‍പതു പേരുടേയും മകന്‍.15,000 രൂപയാണ് അന്തേവാസികളുടെ ബന്ധുക്കളില്‍ നിന്നും ഈടാക്കുന്നത്. എന്നാല്‍ മിക്കപ്പോഴും രോഗികളെ വിട്ടിട്ടു പോയാല്‍ പിന്നെ ബന്ധുക്കള്‍ തിരിഞ്ഞു നോക്കാറോ പണം നല്‍കാറോ ഇല്ലെന്ന് സ്റ്റീഫന്‍ പറയുന്നു. മാസം 12,000 രൂപയാണ് കെട്ടിടത്തിന്റെ വാടക. ഭക്ഷണവും ജീവനക്കാരുടെ ശമ്പളവുമടക്കം മാസം നല്ലൊരു തുക ചിലവു വരും. ഉദാരമതികളുടെ കാരുണ്യത്തിലാണ് ഇപ്പോള്‍ സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നത്. വീല്‍ ചെയറില്‍ മുറി മുഴുവന്‍ സഞ്ചരിക്കാന്‍ സൗകര്യമുള്ള അറ്റാച്ച്ഡ് ബാത്ത് റൂമോടു കൂടിയ സൗകര്യങ്ങളാണ് അല്‍ഷിമേഴ്‌സ് രോഗികള്‍ക്ക് വേണ്ടത്. എന്നാല്‍ ഇവിടെ ഇതു രണ്ടുമില്ല. അല്‍പ്പം കൂടി സൗകര്യപ്രദമായ ഒരിടം കണ്ടെത്തി അങ്ങോട്ടു മാറാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ മലബാര്‍ ഹാര്‍മണി ഹോം പ്രവര്‍ത്തകര്‍. പണത്തിന് മുട്ടുണ്ടെങ്കിലും തന്റെ കൂടെയുള്ള രോഗികളുടെ സ്‌നേഹത്തിന് യാതൊരു പഞ്ഞവുമില്ലെന്ന് സ്റ്റീഫന്‍ പറയുന്നു.
കഴിഞ്ഞ ദിവസം അസുഖം ബാധിച്ചു കിടന്നിരുന്ന ഒരു അന്തേവാസിക്കരികില്‍ ഉറങ്ങാതിരുന്ന ജീവനക്കാരിയോട് അവര്‍ പറഞ്ഞു. 'ഇനി മോള് പോയി ഉറങ്ങിക്കോ. നേരം കുറേയായില്ലേ..' ആ വാക്കുകള്‍ അവിടെയുള്ള എല്ലാവരുടേയും കണ്ണുനിറച്ചു. ആ സ്‌നേഹത്തിന് പകരം നല്‍കാന്‍ എന്തുകൊടുത്താലും മതിയാവില്ലെന്ന് സ്റ്റീഫന്‍ ചൂണ്ടിക്കാട്ടി. ഓര്‍മ്മ നശിച്ചെങ്കിലും മനസ്സു നിറയെ സ്‌നേഹം മാത്രമുള്ള ഇവരാണ് യഥാര്‍ഥത്തില്‍ ദൈവത്തിന്റെ നാട്ടിലെ ദൈവത്തിന്റെ മക്കളെന്ന് ഹാര്‍മണി ഹോമിലെ ജീവനക്കാര്‍ ഒരേ സ്വരത്തില്‍ പറയുന്നു.
അല്‍ഷിമേഴ്‌സ് കെയര്‍ ആന്റ് സപ്പോര്‍ട് സെന്റര്‍
അല്‍ഷിമേഴ്‌സ് രോഗികളുടെ പരിചരണത്തിനായി കോഴിക്കോട് ജില്ല ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപമാണിത്. ജില്ലയിലെ ഒരു കൂട്ടം സാമൂഹ്യപ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. പെരുവയല്‍ എന്ന സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന സെന്റര്‍ അടുത്ത മാസം മുതല്‍ സിവില്‍ സ്റ്റേഷനിലാണ് പ്രവര്‍ത്തിക്കുക. ഫുള്‍ ടൈം കെയറിങ്, ഷോര്‍ട് ടൈം കെയറിങ് , ഡേ കെയര്‍ എന്നീ സംവിധാനങ്ങളാണ് ഇവിടെയുള്ളത്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."