ഹോട്ടല്‍ ഭക്ഷണം മുതല്‍ കൊലപാതക രാഷ്ട്രീയം വരെ; പ്രതിപക്ഷനേതാവിന്റെ ഫേസ്ബുക്ക് പേജ് വൈറല്‍
തിരുവനന്തപുരം: നിയമസഭയില്‍ ഉന്നയിക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ചു പൊതുജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ടുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന് ആവേശകരമായ പ്രതികരണങ്ങള്‍. പൊതുജനങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കൊണ്ട് പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പേജ് നിറഞ്ഞു.
7500 പേരാണ് ഇതിനോടകം നിര്‍ദേശങ്ങള്‍ അയച്ചത്. പ്രതിപക്ഷനേതാവിന്റെ അഭ്യര്‍ഥന ഒന്‍പത് ലക്ഷംപേര്‍ ഇതിനകം ഫേസ്ബുക്കില്‍ വായിച്ചു. ലൈക്ക് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ കമന്റ് ചെയ്യുകയോ ചെയ്തവരുടെ എണ്ണം മുപ്പതിനായിരം കവിഞ്ഞു.
സംസ്ഥാനത്ത്്് ഇതാദ്യമായാണ് നിയമസഭയിലവതരിപ്പിക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ചു പൊതുജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ച് അവരെയും നിയമസഭാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നത്.
ഹോട്ടലുകളില്‍ കിട്ടുന്ന മോശപ്പെട്ട ഭക്ഷണം മുതല്‍ കേരളത്തെ കുരുതിക്കളമാക്കുന്ന രാഷ്ട്രീയ സംഘട്ടനങ്ങള്‍ വരെ നിയമസഭയില്‍ ഉന്നയിക്കണമെന്ന് പൊതുജനങ്ങള്‍ നിര്‍ദേശിച്ചു. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിന്റെ കാര്യവും തെരുവുനായ ശല്യവും ഭൂമി കൈയേറ്റവും ഒക്കെ നിയമസഭയില്‍ ഉന്നയിക്കണമെന്ന് പൊതുജനങ്ങള്‍ നിര്‍ദേശിച്ചു. നാദാപുരത്തെ അസ്‌ലം വധക്കേസിലെ പ്രതിയെ പിടികൂടാത്തതിനെതിരേ പ്രതിഷേധമുയര്‍ത്താന്‍ നിരവധിപേര്‍ നിര്‍ദേശിച്ചു.
കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നമായി ഒട്ടനവധിപേര്‍ കണ്ടെത്തിയിട്ടുള്ളത് ഇതര സംസ്ഥാന തൊഴിലാളികളുടെ കടന്നുവരവാണ്്. ഇവരില്‍ പലര്‍ക്കും ശുചിത്വമില്ല. ഇവരില്‍ പലരുമാണ് ഹോട്ടലുകളില്‍ പാചകം ചെയ്യുന്നത്്്. ഇതുയര്‍ത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ സഭയിലുന്നയിക്കണമെന്നും പലരും ആവശ്യപ്പെടുന്നു. കമ്മ്യൂണിസ്റ്റ് നേതാക്കളുടെ വരവില്‍കവിഞ്ഞ സ്വത്തിനെപ്പറ്റി സഭയില്‍ ചോദിക്കണമെന്നാണ് ചിലരുടെ നിര്‍ദേശം. ഏറ്റവും കൂടുതല്‍ മദ്യം വില്‍ക്കുന്ന സംസ്ഥാനമായതിനാല്‍ കപ്പ, നെല്ല്, കശുമാങ്ങ തുടങ്ങിയവയില്‍ നിന്ന് മദ്യമുണ്ടാക്കി വിറ്റാല്‍ നമ്മുടെ കാര്‍ഷികമേഖല രക്ഷപ്പെടുകയും ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകാതിരിക്കുകയും ചെയ്യുമെന്നതാണ് കൗതുകകരമായ ഒരു നിര്‍ദേശം.
പൊതുജനങ്ങളില്‍ നിന്ന് കിട്ടിയ നിര്‍ദേശങ്ങള്‍ ചോദ്യരൂപത്തിലും ശ്രദ്ധക്ഷണിക്കല്‍ പ്രമേയം വഴിയും സബ്മിഷനുകള്‍വഴിയും മറ്റും പ്രതിപക്ഷം നിയമസഭയിലവതരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതീക്ഷിച്ചതിനേക്കാള്‍ മറികടന്ന പ്രതികരണം പൊതുജനങ്ങളില്‍ നിന്നും ലഭിച്ചുവെന്നും ഇതുതന്നെ ഏറെ ആവേശ ഭരിതനാക്കുന്നുവെന്നും തുടര്‍ന്നും ഇത്തരത്തില്‍ അഭിപ്രായങ്ങള്‍ തേടുമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."