തെങ്ങ് കൃഷി ഭീഷണി നേരിടുന്നു: മന്ത്രി സുനില്‍കുമാര്‍
വാടാനപ്പള്ളി: സംസ്ഥാനത്ത് തെങ്ങ് കൃഷി ഭീഷണി നേരിടുകയാണെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. വലപ്പാട് കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീരദേശം ഉള്‍പ്പെടെ എല്ലാ ജില്ലകളിലും പ്രതിസന്ധിയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ആര്.പി.ടി കരാര്‍ കേര കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്നതാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും ധാരാളം തേങ്ങ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് ഈ ഉടമ്പടി. ഇത്തരം കരാറുകളില്‍ ഏര്‍പ്പെടുന്നതിനു മുന്‍പ് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടേണ്ടതാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കര്‍ഷകരുടെ കുടിശ്ശിക കൊടുത്തു തീര്‍ത്തുവെന്നും മന്ത്രി പറഞ്ഞു. വെളിച്ചെണ്ണ ഉല്പാദനം വര്‍ധിപ്പിച്ചു. കൊപ്ര സംഭരണം കാര്യക്ഷമമാക്കിയെന്നും കര്‍ഷക പെന്ഷന് കുടിശികതീര്‍ത്ത് കൊടുത്തുവെന്നും വ്യക്തമാക്കി. ഗീതാ ഗോപി എം.എല്‍.എ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര് സുഭാഷിണി, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എ.എ പ്രസാദ്, ഡെപ്യൂട്ടി ഡയറക്ടര്‍ വി.ജെ ജോയ്, മാത്യു തയ്യില്‍, ഇ.കെ തോമസ്, ബീന അജയഘോഷ്, ടി.ഡി മാലിനി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."