ദേശമംഗലത്ത് വീണ്ടും തെരഞ്ഞെടുപ്പ് ചൂട്; ഇടത് മുന്നണിക്ക് നിര്‍ണായകം കെ. പ്രേമന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകും
ദേശമംഗലം: നിയമസഭ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ ദേശമംഗലം പഞ്ചായത്ത് വീണ്ടും ജനകീയ കോടതിയിലേക്ക്. യു.ആര്‍ പ്രദീപ് എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവ് വന്ന പല്ലൂര്‍ ഈസ്റ്റ് വാര്‍ഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21 ന് നടക്കുമ്പോള്‍ പഞ്ചായത്തിന്റെ രാഷ്ട്രീയ മാപിനി ഒരിക്കല്‍ കൂടി തിളച്ച് മറിയാന്‍ തുടങ്ങി.
ഒരു കാലത്ത് സി.പി.എമ്മിന്റെ തൃശൂര്‍ ജില്ലയിലെ തന്നെ ചെങ്കോട്ടകളിലൊന്നായിരുന്നു ദേശമംഗലം. കഴിഞ്ഞ മൂന്നര പതിറ്റാണ്ട് ഇടത് മുന്നണി ഭരണം നിലനിന്നിരുന്ന പഞ്ചായത്ത് ഇന്ന് ചിത്രമാകെ മാറിയ സ്ഥിതിയാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചേലക്കര നിയോജക മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളില്‍ ഇടതിന് ഭരണം നഷ്ടപ്പെട്ട രണ്ട് പഞ്ചായത്തുകളിലൊന്നാണ് ദേശമംഗലം. ഒറ്റ സീറ്റിന്റെ വ്യത്യാസത്തിലാണ് ഭരണ നഷ്ടമെന്നത് മാത്രമായിരുന്നു ആശ്വാസം. ആകെയുള്ള 15 സീറ്റുകളില്‍ യു.ഡി.എഫിന് 8 ഉം എല്‍.ഡി.എഫിന് 7 ഉം സീറ്റുകള്‍ ലഭിച്ചു. അന്ന് യു.ആര്‍ പ്രദീപിലൂടെ ഇടത് മുന്നണിക്കൊപ്പം നിന്ന പല്ലൂര്‍ ഈസ്റ്റ് വീണ്ടും ഒരു തെരഞ്ഞെടുപ്പ് കളത്തില്‍ ആരെ വരിക്കുമെന്നത് ഇരുമുന്നണിയിലും സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 64 വോട്ട് മാത്രം നേടിയ ബി.ജെ.പി ഇത്തവണ വലിയ നേട്ടം പ്രതീക്ഷിക്കുമ്പോള്‍ പ്രവചനാതീതമാണ് അവസാന ഫലം.
ആര് വിജയിച്ചാലും അത് പഞ്ചായത്ത് ഭരണസമിതിയെ ബാധിക്കില്ലയെങ്കിലും ഇടത് മുന്നണിക്ക് വിജയം അനിവാര്യമാണ്. ഇപ്പോഴത്തെ എം.എല്‍.എ ഒഴിഞ്ഞ വാര്‍ഡില്‍ പരാജയം പിണഞ്ഞാല്‍ അത് സംസ്ഥാന തലത്തില്‍ തന്നെ വലിയ ചര്‍ച്ചയാകുമെന്ന ആശങ്ക മുന്നണി നേതൃത്വത്തിനുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോല്‍വി മറികടക്കാന്‍ അന്ന് മുതല്‍ ശ്രമം ആരംഭിച്ച ഇടത് മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരീക്ഷണ വേദിയാവുകയാണ് പല്ലൂര്‍ ഈസ്റ്റ്. അതുകൊണ്ടു തന്നെ വിജയത്തില്‍ കുറഞ്ഞൊന്നും മുന്നണി നേതാക്കളുടെ ചിന്തകളില്‍ പോലുമില്ല.
അതിന് വേണ്ടി പതിനെട്ടടവും പയറ്റാനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം. പ്രദീപിന്റെ പിന്തുടര്‍ച്ചക്കാരനായി ഒരു യുവനേതാവിനെ രംഗത്തിറക്കാനുള്ള ആലോചനകളും പുരോഗമിക്കുകയാണ്. കോണ്‍ഗ്രസിനോട് അകന്ന് നില്‍ക്കുന്ന ഒരു മുന്‍ പഞ്ചായത്ത് മെമ്പറേയും എല്‍.ഡി.എഫ് പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട വാര്‍ഡ് ഇത്തവണ ഏത് വിധേനയും തിരിച്ച് പിടിക്കാനുള്ള പ്രയത്‌നം യു.ഡി.എഫും ആരംഭിച്ച് കഴിഞ്ഞു. കഴിഞ്ഞ തവണ യു.ആര്‍ പ്രദീപിനോട് 37 വോട്ടുകള്‍ക്ക് പരാജയപ്പെട്ട മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പ്രേമന്‍ തന്നെയായിരിക്കും ഇത്തവണയും യു.ഡി.എഫ് സ്ഥാനാര്‍ഥി എന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസമേ ഉണ്ടാകു. എങ്കിലും പ്രേമന്‍ ഇതിനകം തന്നെ രണ്ട് തവണ വാര്‍ഡ് പര്യടനം പൂര്‍ത്തിയാക്കി കഴിഞ്ഞു. വാര്‍ഡ് പിടിച്ചെടുത്ത് പഞ്ചായത്ത് ഭരണം കൂടുതല്‍ സുരക്ഷിതമാക്കുക എന്നതാണ് യു.ഡി.എഫ് ലക്ഷ്യം. ഇതിന് വേണ്ടി സംസ്ഥാന നേതാക്കളെ വരെ രംഗത്തിറക്കാനും ആലോചനയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അനുബന്ധിച്ച് വോട്ടര്‍മാരുടെ എണ്ണം വര്‍ധിച്ചത് തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് ഇരു മുന്നണികളുടേയും അവകാശവാദം. അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഒക്ടോബര്‍ മൂന്നിനാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. 6 ന് പിന്‍വലിക്കാനുള്ള അവസാന തിയ്യതിയാണ്. 22നാണ് വോട്ടെണ്ണല്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെ ഉണ്ടായിരുന്നത് 1163 വോട്ടാണ്. ഇതില്‍ 999 വോട്ടുകള്‍ പോള്‍ ചെയ്തു. യു.ആര്‍ പ്രദീപ് എല്‍.ഡി.എഫ് 486, കെ.പ്രേമന്‍ യു.ഡി.എഫ് 449, കെ.കൃഷ്ണകുമാര്‍ ബി.ജെ.പി 64 എന്നിങ്ങനെ വോട്ടുകള്‍ കരസ്ഥമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."