പാലത്തിങ്ങല്‍ പുതിയ പാലം: പ്രാരംഭ നടപടികള്‍ ആരംഭിച്ചു
തിരൂരങ്ങാടി: പാലത്തിങ്ങലില്‍ നിര്‍മിക്കുന്ന പുതിയ പാലത്തിന്റെ പ്രവൃത്തികളുടെ പ്രാരംഭ നടപടികള്‍ തുടങ്ങി. പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന പാലത്തിന് പള്ളിപ്പടി ഭാഗത്തെ കാടുകളും മറ്റും ജെസിബി ഉപയോഗിച്ച് നീക്കം ചെയ്താണ് പ്രവൃത്തികള്‍ ആരംഭിച്ചത്.
നിലവിലെ പാലം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇതിന്റെ തെക്ക് ഭാഗത്തായി 15 കോടിയിലധികം രൂപ ചെലവിലാണ് പുതിയ പാലം നിര്‍മിക്കുന്നത്. നാലുതൂണുകളിലായി മൂന്ന് സ്പാനോട് കൂടി നിര്‍മിക്കുന്ന പാലത്തിന് 12 മീറ്റര്‍ വീതിയും 79.2 മീറ്റര്‍ നീളവുമുണ്ടാകും. നടുവിലെ സ്പാനിന് 32 മീറ്ററും, ഇരുകരക്കടുത്തുള്ള സ്പാനുകള്‍ക്ക് 23.6 മീറ്റര്‍ നീളവുമാണുണ്ടാകുക.
അരനൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടെ മരപ്പാലമുണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു. ഇവിടെയാണ് പുതിയപാലം നിര്‍മിക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലത്തെ നേവി റൂട്ടായതിനാല്‍ നടുഭാഗം ഉയര്‍ത്തി ആര്‍ച്ച് രൂപത്തിലാണ് പാലം നിര്‍മിക്കുക.
പുതിയ പാലം വരുന്നതോടെ പാലത്തിങ്ങലിലെ ഗതാഗത പ്രശ്‌നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
ഗതാഗതക്കുരുക്കിനും പാലത്തിന്റെ അപകടാവസ്ഥക്കും പരിഹാരം കാണുന്നതിനും പരപ്പനങ്ങാടിമലപ്പുറം റൂട്ടിലെ പ്രധാന റോഡായതിനാലും വീതിയോട് കൂടിയ പുതിയ പാലം നിര്‍മിക്കണമെന്നാവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."