കല്ലാച്ചിയില്‍ യൂത്ത് ലീഗ് പ്രകടനത്തില്‍ സംഘര്‍ഷം; പൊലിസ് ഗ്രനേഡ് പ്രയോഗിച്ചു
നാദാപുരം: അസ്ലം വധക്കേസിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇന്നലെ വൈകിട്ട് കല്ലാച്ചിയില്‍ നടത്തിയ പ്രതിഷേധ പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു. നാദാപുരം പെട്രോള്‍ പമ്പിന് സമീപത്തു നിന്ന് ആരംഭിച്ച പ്രകടനം പോസ്റ്റോഫിസ് പരിസരത്ത് എത്തിയപ്പോള്‍ 'ജസ്റ്റിസ് ഫോര്‍ അസ്ലം' എന്ന കൊടി പിടിച്ചു ചിലര്‍ പ്രകടനത്തില്‍ കയറിയതാണു സംഘര്‍ഷത്തിനിടയാക്കിയത്.
സംഭവം നേതാക്കള്‍ ഇടപെട്ടു ശാന്തമാക്കിയെങ്കിലും മത്സ്യമാര്‍ക്കറ്റിനു സമീപത്തു പാലുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവറുമായി സമരക്കാര്‍ വീണ്ടും തര്‍ക്കത്തിലാകുകയായിരുന്നു. തുടര്‍ന്നു തര്‍ക്കത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ ഇടപെടുകയും സംഘര്‍ഷം രൂക്ഷമാകുകയുമായിരുന്നു. ഇതോടെ, യൂത്ത് ലീഗ് പൊതുയോഗം നിര്‍ത്തിവച്ചു. എന്നാല്‍, യോഗത്തില്‍ നിന്നു പിരിഞ്ഞുപോകുന്നതിനിടെ പ്രവര്‍ത്തകര്‍ക്കു നേരെ മുന്നറിയിപ്പില്ലാതെ പൊലിസ് ലാത്തി വീശിയെന്ന് ആരോപിച്ചു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൊലിസുമായും സി.പി.എം പ്രവര്‍ത്തകരുമായും തര്‍ക്കത്തിലായി. ഇതിനിടയില്‍ ഏതാനും കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണവുമുണ്ടായി.
പിന്നീട് ഡിവൈ.എസ്.പി ഇസ്മാഈലിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലിസെത്തി ഇരുവിഭാഗം പ്രവര്‍ത്തകരെയും വിരട്ടിയോടിച്ചു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലിസ് ഗ്രനേഡും പ്രയോഗിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ടൗണിലെ കടകള്‍ അടക്കുകയും സംസ്ഥാനപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുകയും ചെയ്തു.
സംഭവത്തില്‍ ഏതാനും പൊലിസുകാര്‍ക്കും വഴിയാത്രക്കാര്‍ക്കും പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."